സ്വന്തം ലേഖകൻ: ഐ.ടി.മേഖലയിലെ ജീവനക്കാരുടെ തൊഴിൽസമയം ദിവസം 14 മണിക്കൂർവരെയാക്കി ഉയർത്താൻ കർണാടകത്തിൽ നീക്കം. കർണാടക ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതിചെയ്ത് ഇത് നടപ്പാക്കാനാണ് ആലോചന. നിലവിൽ ഒമ്പതുമണിക്കൂർ ജോലിയും പരമാവധി ഒരു മണിക്കൂർ ഓവർടൈമും ഉൾപ്പെടെ പത്തുമണിക്കൂർവരെയാണ് ജോലിസമയം.
പുതിയ ബില്ലിൽ സാധാരണ ജോലിസമയം 12 മണിക്കൂറാക്കി ഉയർത്താനാണ് നിർദേശം. രണ്ടുമണിക്കൂറെങ്കിലും ഓവർടൈമായി ജീവനക്കാരെക്കൊണ്ട് ജോലിയെടുപ്പിക്കാൻ തൊഴിലുടമകൾക്ക് അവസരവും നൽകുന്നുണ്ട്. കഴിഞ്ഞദിവസം തൊഴിൽവകുപ്പ് വിളിച്ചുചേർത്ത ഐ.ടി. കമ്പനികളുടെയും ജീവനക്കാരുടെയും പ്രതിനിധികളുടെയും ഉന്നതോദ്യോഗസ്ഥരുടെയും യോഗം ഇക്കാര്യം ചർച്ചചെയ്തു.
കർണാടക ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് (ഭേദഗതി) ബിൽ 2024 എന്നപേരിൽവരുന്ന ബില്ലിലാണ് നിർദേശമുള്ളത്. ജീവനക്കാരുടെ സംഘടനാപ്രതിനിധികൾ എതിർപ്പുയർത്തിയതോടെ കൂടുതൽ ചർച്ചനടത്തുമെന്ന് തൊഴിൽവകുപ്പ് മന്ത്രി സന്തോഷ് എസ്. ലാഡ് വ്യക്തമാക്കി. നിലവിലെ നിയമപ്രകാരം മൂന്നുമാസത്തിനുള്ളിൽ ആകെ 50 മണിക്കൂർ മാത്രമേ ഓവർടൈമായി ജോലിചെയ്യിക്കാനാകൂ. പുതിയ ബില്ലിൽ ഇത് 125 മണിക്കൂറാക്കി ഉയർത്താൻ നിർദേശിക്കുന്നു.
മൂന്നുമാസം ശരാശരി 60 ജോലിദിവസമാണ് ഉണ്ടാകാറുള്ളത്. ദിവസം രണ്ടുമണിക്കൂർ ഓവർടൈം ഇതുവഴി ലഭിക്കും. ഓവർടൈം ജോലി പരമാവധി ഒരുമണിക്കൂറെന്ന നിലവിലെ നിയമം എടുത്തുകളയാനും നിർദേശമുണ്ട്. ഇതുപ്രകാരം 14 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിപ്പിക്കാനാകുമെന്ന് കർണാടക സ്റ്റേറ്റ് ഐ.ടി., ഐ.ടി.ഇ.എസ്. എംപ്ലോയീസ് യൂണിയൻ ജനറൽസെക്രട്ടറി സുഹാസ് അഡിഗ പറഞ്ഞു.
നിലവിൽ മൂന്നു ഷിഫ്റ്റുകളായാണ് പല ഐ.ടി. കമ്പനികളും പ്രവർത്തിക്കുന്നത്. പുതിയ ബിൽ നടപ്പായാൽ രണ്ട് ഷിഫ്റ്റുകളിലേക്ക് മാറാനാകും. മൂന്നിലൊന്ന് ജീവനക്കാരെ ഒഴിവാക്കാനും ഇത് വഴിതെളിക്കുമെന്ന് ജീവനക്കാർ പറയുന്നു. ഐ.ടി.കമ്പനി ഉടമകളെ തൃപ്തിപ്പെടുത്താനുള്ള നീക്കമാണിതെന്നും അവർ കുറ്റപ്പെടുത്തി.
കർണാടകത്തിൽ ഐ.ടി.മേഖലയിൽ 20 ലക്ഷത്തോളംപേർ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ നല്ലൊരുശതമാനം മലയാളികളാണ്. ജീവനക്കാരുടെ മാനസിക-ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നതാണ് പുതിയ നിർദേശമെന്ന് ജീവനക്കാർ കുറ്റപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല