സ്വന്തം ലേഖകൻ: വ്യാഴാഴ്ച രാത്രി ലീഡ്സിലുണ്ടായ കലാപത്തിന് കാരണമായ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കേസുകളില്‍ പുനര്‍വിചിന്തനത്തിന് ഒരുങ്ങുകയാണ് ലീഡ്സ് സിറ്റി കൗണ്‍സില്‍. കലാപകാരികള്‍ ഒരു പോലീസ് വാഹനം തകര്‍ക്കുകയും ഒരു ഡബിള്‍ ഡെക്കര്‍ ബസ്സിന് തീയിടുകയും ചെയ്തിരുന്നു. അതിനു പുറമെ നഗരത്തിലെ ഹെയര്‍ഹില്‍സ് പ്രദേശത്ത് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. റോമാ വിഭാഗത്തില്‍ പെടുന്ന കുട്ടികളെ കെയറിലേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടായിരുന്നു കലാപത്തിന്റെ തുടക്കം.
ലക്സര്‍ സ്ട്രീറ്റിലെ ഒരു വീട്ടില്‍ നിന്നും പോലീസുകാര്‍ കുട്ടികളെ കൊണ്ടു പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാഴാഴ്ച വൈകിട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ജനങ്ങള്‍ അവിടെ തടിച്ചു കൂടിയതോടെ കൂടുതല്‍ പോലീസുകാരെ അവിടെക്ക് വിളിച്ചിരുന്നു. അതിനു ശേഷം ഒരു പോലീസ് വാഹനം തകര്‍ത്തതോടെയായിരുന്നു റയട്ട് പോലീസ് സംഭവ സ്ഥലത്ത് എത്തിയത്. എന്നാല്‍, ലഹളക്കാര്‍ കല്ലുകളും കുപ്പികളും വലിച്ചെറിയാന്‍ തുടങ്ങിയതോടെ പോലീസ് പിന്‍വാങ്ങുകയായിരുന്നു.
തുടര്‍ന്നായിരുന്നു ഒരു ഡബിള്‍ ഡെക്കര്‍ ബസ്സിന് തീയിട്ടത്. ഡ്രൈവറെയും യാത്രക്കാരെയും ഇറക്കി വിട്ടതിന് ശേഷമായിരുന്നു ബസ്സിന് തീയിട്ടത്. തുടര്‍ന്ന് ലീഡ്സിലേക്കുള്ള പ്രധാന നിരത്തായ ഹെയര്‍ഹില്‍സ് ലെയ്നിനില്‍ വിവിധ ഭാഗങ്ങളില്‍ അക്രമികള്‍ തീയിട്ടു. പെട്ടെന്നുണ്ടായ പ്രകോപനം മൂലം ഉണ്ടായത് എന്ന് പോലീസ് വിശേഷിപ്പിക്കുന്ന കലാപം വെള്ളിയാഴ്ച അതിരാവിലെ ഒരു മണിയോടെയാണ് അവസാനിപ്പിച്ചത്. പ്രദേശവാസികള്‍ തന്നെ വീടുകളില്‍ നിന്നും വെള്ളം കൊണ്ടുവന്ന് നിരത്തിലെ തീയണക്കുകയായിരുന്നു.
സംഭവം നടന്നതിനു ശേഷം റോമാ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന സംഘടനകള്‍, സംഭവത്തിന്റെ പ്രഭവകേന്ദ്രമായ കുടുംബവുമായി അധികൃതര്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. റോമാ കുടുംബങ്ങളെ സംരക്ഷിക്കണമെന്നും ഇപ്പോള്‍ നടന്നതിന്റെ പ്രതികാര നടപടറോമാ ികള്‍ അവര്‍ക്ക് നേരെ ഉണ്ടാവുകയില്ല എന്ന് ഉറപ്പാക്കണമെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. അതിനോടൊപ്പം ശിശു സേവനങ്ങളില്‍ സംഭവിക്കുന്ന പിഴവുകള്‍ പരിശോധിക്കണമെന്നും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കേസുകളില്‍ റോമ വിഭാഗം അഭിമുഖീകരിക്കുന്ന പ്രതിബന്ധങ്ങളും പ്രതിസന്ധികളും പരിഹരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
റോമ സപ്പോര്‍ട്ട് ഗ്രൂപ്പ്, റൊമാനി ട്രാവലര്‍ സോഷ്യല്‍ വര്‍ക്ക് അസ്സോസിയേഷന്, യൂറോപ്യന്‍ റോമ റൈറ്റ്സ് സെന്റര്‍ എന്നിവയുള്‍പ്പടെ 14 സംഘടനകളാണ് സംയുക്ത പ്രസ്താവന ഇറക്കിയത്. 2021 ലെ സെന്‍സസ് പ്രകാരം യു കെയില്‍ 1,03,200 ല്‍ അധികം റോമാ വിഭാഗക്കാര്‍ താമസിക്കുന്നുണ്ട്. എന്നാല്‍, ജനസംഖ്യാ അനുപാതത്തേക്കാള്‍ ഉയര്‍ന്ന അനുപാതത്തിലാണ് ഇവര്‍ ചൈല്‍ഡ് കെയര്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവര്‍ ഉള്‍പ്പെട്ട ചൈല്‍ഡ് കെയര്‍ കേസുകളില്‍ പുനര്‍വിചിന്തനം നടത്തുമെന്നാണ് ഇപ്പോള്‍ സിറ്റി കൗണ്‍സില്‍ അറിയിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല