സ്വന്തം ലേഖകൻ: കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള അധിക ബാഗേജ് വലിയ ചെലവില്ലാതെ ഇനി കൊണ്ടുപോകാം. ഓഫ് സീസണിൽ അധിക ബാഗേജ് നിരക്കിൽ എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും ഇളവ് പ്രഖ്യാപിച്ചു. എയർ ഇന്ത്യ എക്സ്പ്രസിൽ അധിക ബാഗേജിന് 10 കിലോക്ക് 13 ദീനാറും ഇൻഡിഗോയിൽ നാലു ദീനാറുമായാണ് കുറച്ചത്. എയർ ഇന്ത്യ എക്സ്പ്രസിൽ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും ഇൻഡിഗോയിൽ ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലുമാണ് ഇളവ്.
നിലവിൽ തിരക്കേറിയ സീസണായതിനാൽ അധിക ബാഗേജിന് വലിയ തുകയാണ് വിമാനകമ്പനികൾ ഈടാക്കിയിരുന്നത്. സീസണിൽ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതിനൊപ്പം ബാഗോജ് നിരക്കും ഉയർത്തുന്നത് വിമാനകമ്പനികളുടെ പതിവാണ്.ഓഫ് സീസണിൽ വിമാന ടിക്കറ്റ് നിരക്കിലും കമ്പനികൾ കുറവുവരുത്തിയിട്ടുണ്ട്. ഇതിനൊപ്പമാണ് യാത്രക്കാരുടെ തിരക്ക് കുറയുന്നത് കണക്കുകൂട്ടി ബാഗേജ് നിരക്കും കുറക്കുന്നത്.
കുവൈത്തിൽ നിന്ന് നാട്ടിലേക്ക് നിലവിൽ 30 കിലോ ചെക്ക് ഇൻ ബാഗേജും ഏഴ് കിലോ കാബിൻ ബാഗേജും സൗജന്യമാണ്. തിരിച്ച് 20 കിലോ ചെക്കിൻ ബാഗേജും ഏഴ് കിലോ കാബിൻ ബാഗേജും സൗജന്യമായി കൊണ്ടുവരാം. അതേസമയം, കഴിഞ്ഞ ഓഫ് സീസണിൽ ഡിസംബർ 11 വരെ 10 കിലോ അധിക ബാഗേജിന് ഒരു ദീനാർ എന്നനിലയിലേക്ക് അധിക ബാഗേജ് നിരക്ക് കുറച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല