സ്വന്തം ലേഖകൻ: ആദായ നികുതിയില്‍ മാറ്റം വരുത്തി മൂന്നാം മോദി സർക്കാരിന്ററെ ആദ്യ കേന്ദ്ര ബജറ്റ്. ആദായ നികുതി ദാതാക്കൾക്ക് ആശ്വാസമാകുന്ന രീതിയിലുള്ള മാറ്റങ്ങളാണ് നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റിലൂടെ അവതരിപ്പിച്ചത്. ഇ കൊമേഴ്സിനുളള ടിഡിഎസ് കുറച്ചു എന്നതാണ് അതിൽ പ്രധാനമായത്. മൂലധന നേട്ടത്തിനുളള നികുതി ലഘൂകരിക്കുക, നിക്ഷേപകരുടെ മേലുള്ള ഏഞ്ചൽ ടാക്സ് നിർത്തലാക്കുക തുടങ്ങി പ്രധാന നീക്കങ്ങളും ഇതിൽ പെടുന്നു.
ദീര്‍ഘകാല മൂലധന നേട്ടത്തിനുള്ള നികുതിയിലും ഇളവ് പ്രഖ്യാപിച്ചു. 12.5 ശതമാനം നികുതിയാണ് ഇനി മുതൽ ദീർഘ കാല മൂലധന നേട്ടത്തിലൂടെ ലഭിക്കുന്ന പണത്തിന് നൽകേണ്ടി വരിക. ആദായ നികുതി റിട്ടേണ്‍ വൈകിയാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുന്ന മുൻ കാല രീതി ഒഴിവാക്കിയതും ശ്രദ്ധേയമായി. പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്ത ശമ്പളമുള്ള ജീവനക്കാർക്കുള്ള സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തും.
ആദായ നികുതി നയങ്ങളിൽ മാറ്റം വരുത്തിയതിന് പിന്നാലെ ആദായ നികുതി സ്ലാബുകളിലെ മാറ്റവും ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. മൂന്ന് ലക്ഷം വരെ വരുമാനമുളളവര്‍ക്ക് ആദായ നികുതിയില്ല. പുതിയ സ്ലാബ് പ്രകാരം നികുതി ദായകര്‍ക്ക് ആദായ നികുതിയില്‍ 17500 രൂപ ഇളവ് ലഭിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
മൂന്ന് മുതൽ ഏഴ് ലക്ഷം വരെ വാർഷിക വരുമാന പരിധിയുള്ളവർക്ക് 5 ശതമാനം നികുതിയും ഏഴ് മുതൽ പത്ത് ലക്ഷം വരെ വാർഷിക വരുമാന പരിധിയുള്ളവർക്ക് 10 ശതമാനവും പത്ത് ലക്ഷം മുതൽ പന്ത്രണ്ട് ലക്ഷം വരെ വരുമാന പരിധിയുള്ളവർക്ക് 15 ശതമാനവുമാണ് ആദായ നികുതി നൽകേണ്ടി വരിക. പന്ത്രണ്ട് മുതൽ പതിനഞ്ചു ലക്ഷം വരെയുള്ളവർക്ക് 20 ശതമാനവും 15 ലക്ഷത്തിന് മുക്ലളിലുള്ളവർക്ക് 30 ശതമാനവും ആദായ നികുതി നൽകേണ്ടി വരും.
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കസ്റ്റംസ് ഡ്യൂട്ടിയില്‍ ഇളവ് വരുത്തുന്നതോടെ സ്വര്‍ണം, വെള്ളി, ക്യാന്‍സറിന്റെ മരുന്ന്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയുടെ വില കുറയും. സ്വര്‍ണം ഗ്രാമിന് 420 രൂപവരെ കുറയാന്‍ സാധ്യതയുണ്ട്.
സ്വര്‍ണത്തിനും വെള്ളിക്കും വില കുറയും
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ കുറയ്ക്കുമെന്ന് ബജറ്റ് നിര്‍ദേശം. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറുശതമാനമായി കുറയ്ക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. നേരത്തെ 15 ശതമാനമായിരുന്നു ഇറക്കുമതി തീരുവ. പ്ലാറ്റിനത്തിന് ആറര ശതമാനമായി കുറയ്ക്കുമെന്നും ധനമന്ത്രി അറിയിച്ചു. സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കുറയ്ക്കണമെന്ന് സ്വര്‍ണ വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു.
കാന്‍സര്‍ മരുന്നുകള്‍ക്കും മൊബൈല്‍ ഫോണിനും വില കുറയും
മൂന്ന് കാന്‍സര്‍ മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കാന്‍ ബജറ്റിൽ നിര്‍ദേശമുണ്ട്. എക്സറേ ട്യൂബുകള്‍ക്ക് തീരുവ കുറയ്ക്കും. മൊബൈല്‍ ഫോണുകള്‍ക്കും ചാര്‍ജറുകള്‍ക്കും വില കുറയും. ഇവയുടെ കസ്റ്റംസ് തീരുവ 15 ശതമാനമാക്കി കുറയ്ക്കാനാണ് ബജറ്റ് നിര്‍ദേശം. കൂടാതെ തുകല്‍, തുണി എന്നിവയ്ക്കും വില കുറയും. 25 ധാതുക്കള്‍ക്ക് എക്സൈസ് തീരുവ ഒഴിവാക്കി, അമോണിയം നൈട്രേറ്റിനുള്ള തീരുവ കുറച്ചു. മത്സ്യമേഖലയിലും നികുതിയിളവുണ്ട്.
വില കൂടുന്നവ
പിവിസി, ഫ്ലക്സ്-ബാനറുകള്‍ക്ക് തീരുവ കൂട്ടി (10%-25%)
സോളര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും തീരുവ ഇളവ് നീട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല