സ്വന്തം ലേഖകൻ: പ്രത്യേക സാമ്പത്തിക പാക്കേജില്ല, എയിംസില്ല, വിഴിഞ്ഞം തുറമുഖ വികസനത്തിന് സഹായവുമില്ല… മൂന്നാം എന്‍.ഡി.എ. സര്‍ക്കാരിന്റെ പ്രഥമ ബജറ്റില്‍ കേരളത്തിന് സമ്പൂര്‍ണനിരാശ. സംസ്ഥാനത്തുനിന്ന് രണ്ടു കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും ഇതാദ്യമായി ലോക്സഭയിലേക്ക് ബിജെപി പ്രതിനിധിയെ തിരഞ്ഞെടുത്തയച്ചിട്ടും കേരളത്തെ സംബന്ധിച്ച് ബജറ്റ് ബാക്കിവച്ചത് നിരാശമാത്രം.
സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 2024-25 മുതല്‍ രണ്ടുവര്‍ഷത്തേക്ക്, 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ലഭ്യമാക്കാനായിരുന്നു സംസ്ഥാനത്തിന്റെ ശ്രമം. എന്നാല്‍ ഇത് പരിഗണിക്കപ്പെട്ടതേയില്ല. 2022-23, 2023-24 വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ കടമെടുക്കല്‍ പരിധി വെട്ടിക്കുറച്ചതിലൂടെ വന്ന കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു 24,000 കോടി എന്ന തുകയിലേക്ക് എത്തിച്ചേര്‍ന്നതെന്ന് നേരത്തെ ധനമന്ത്രി കെ.എന്‍. വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പ്രത്യേക സഹായമായി 5,000 കോടി രൂപയും കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതും ലഭ്യമായില്ല. ദേശീയപാതാവികസനത്തിന് വായ്പയെടുത്ത വകയിലെ തുകയ്ക്ക് പകരമായി 6,000 കോടിരൂപ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ നിരുപാധിക വായ്പ എടുക്കാനുള്ള അനുമതിയും തേടിയിരുന്നു. അതും അനുവദിച്ചില്ല. ബജറ്റിന് മുന്നോടിയായി നിര്‍മല സീതാരാമന് വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ കെ.എന്‍. ബാലഗോപാല്‍ ഉന്നയിച്ചിരുന്നത്.
സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍വേ പ്രോജക്ടിന് വേഗത്തില്‍ അനുമതി നല്‍കണമെന്ന ആവശ്യവും കേരളം ഉന്നയിച്ചിരുന്നു. എന്നാല്‍ അതും നടപ്പായില്ല. തലശ്ശേരി-മൈസൂരു, നിലമ്പൂര്‍-നഞ്ചാഗുഡ് റെയില്‍പാതകള്‍ക്കായുള്ള സര്‍വേകളും ഡി.പി.ആര്. തയ്യാറാക്കല്‍ തുടങ്ങിയ ആവശ്യങ്ങളും സംസ്ഥാനം ഉന്നയിച്ചിരുന്നുവെങ്കിലും ലഭിച്ചില്ല.
കൂടുതല്‍ എക്സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകളും കേരളം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ ദീര്‍ഘകാല ആവശ്യമായ എയിംസ് ഇക്കുറിയും പരിഗണിക്കപ്പെട്ടില്ല. തൃശ്ശൂര്‍ എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി, സംസ്ഥാനത്ത് എയിംസ് വരുമെന്ന തരത്തില്‍ പലകുറി പ്രസ്താവനകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇത്തവണയും എയിംസില്‍ കേരളത്തിന് നിരാശ മാത്രം ബാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല