സ്വന്തം ലേഖകൻ: കുവൈത്ത് – സൗദി അറേബ്യ റെയിൽ പാത 2026ൽ യാഥാർത്ഥ്യമാകും. ഇരു രാജ്യങ്ങൾ തമ്മിലുള്ള റെയിൽ പാത പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക, സാമൂഹിക സാധ്യതാ പഠന ഫലങ്ങൾ പ്രൊജക്ട് മാനേജ്മെന്റ് കമ്മിറ്റി അംഗീകരിച്ചു.
പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ‘പ്രാരംഭ രൂപരേഖ’ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഒരു സർക്കാർ വൃത്തം വെളിപ്പെടുത്തി. ഈ ഘട്ടത്തിൽ അന്താരാഷ്ട്ര കമ്പനികളെ പങ്കാളിത്തത്തിനായി ക്ഷണിക്കും.
2026 ൽ പദ്ധതി യാഥാർത്ഥ്യമാകുമെന്ന് വൃത്തം അറിയിച്ചു. വരാനിരിക്കുന്ന പണികളുടെയും പ്രൊജക്ട് സൈറ്റിന്റെ പരിശോധനകളുടെയും ഭാഗമായാണ് ഇരു രാജ്യങ്ങൾക്കിടയിലും പരസ്പര സന്ദർശനങ്ങളും യോഗങ്ങളും നടക്കുന്നത്. പദ്ധതിയിൽ ദിവസേന 3,300 യാത്രക്കാരെ കൊണ്ടുപോകാൻ ആറ് ട്രിപ്പുകൾ ഉണ്ടാകും.
ഏകദേശം 500 കിലോമീറ്റർ ദൂരം ഒരു മണിക്കൂറും 40 മിനിറ്റും കൊണ്ട് പൂർത്തീകരിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. താങ്ങാനാവുന്ന തരത്തിൽ ടിക്കറ്റ് നിരക്കുകൾ ക്രമീകരിക്കും എന്നും ഗവൺമെന്റ് വൃത്തങ്ങൾ അറിയിച്ചു
പദ്ധതി രണ്ട് രാജ്യങ്ങളും തമ്മിലുള്ള റെയിൽവേ ബന്ധം, സാമ്പത്തിക ഏകീകരണം, വ്യാപാരം എന്നിവ മെച്ചപ്പെടുത്തും. കുവൈത്ത് – സൗദി അറേബ്യ റെയിൽ പാത ഗൾഫ് റെയിൽ പദ്ധതിയിൽ നിന്ന് വ്യത്യസ്തമാണ് എന്ന് സ്ഥിരീകരിച്ച വൃത്തം, റെയിൽവേ ഷദ്ദാദിയ പ്രദേശത്ത് നിന്ന് ആരംഭിച്ച് റിയാദിലേക്ക് നീളുമെന്നും വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല