സ്വന്തം ലേഖകൻ: ദുബായില്‍ ഇ-സ്കൂട്ടര്‍ റൈഡര്‍മാര്‍ പാലിക്കേണ്ട സുരക്ഷാ പ്രോട്ടോക്കോള്‍ പുറത്തുവിട്ട് പോലീസ്. ഈയിടെ നടത്തിയ ഇ- സ്കൂട്ടറുകള്ക്കെതിരായ വ്യാപക ക്യാംപയിനില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് റൈഡര്‍മാര്‍ക്കുള്ള പ്രത്യേക നിര്‍ദ്ദേശങ്ങളുമായി പോലീസ് രംഗത്തെത്തിയത്.
ഈ മാസം ആദ്യം മുതല്‍ നടത്തിയ പരിശോധനകളില്‍ 640 സൈക്കിളുകള്‍, ഇ-ബൈക്കുകള്‍, ഇ-സ്കൂട്ടറുകള് എന്നിവ പിടിച്ചെടുത്തിരുന്നു. ഇ-സ്കൂട്ടറുകള് ഉള്‍പ്പെട്ട അപകടങ്ങളില്‍ കാല്‍നട യാത്രക്കാര്‍ ഉള്‍പ്പെടെ നിരവധി പേര് മരണപ്പെടാനിടയായ സാഹചര്യത്തിലായിരുന്നു പരിശോധന. സാമൂഹ്യ മാധ്യമ അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ച ഇതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ വീഡിയോയില്‍ ഇ-സ്കൂട്ടറുകളും സൈക്കിളുകളും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ പോലീസ് വിശദീകരിക്കുന്നുണ്ട്.
ഇ-സ്കൂട്ടര്‍ റൈഡര്‍മാര്‍ ഹെല്‍മെറ്റും റിഫ്ളക്സീവ് ജാക്കറ്റും ധരിക്കണം, മറ്റ് വാഹനങ്ങളുമായും കാല്‍നടയാത്രക്കാരുമായും ഇടകലരുന്നത് ഒഴിവാക്കാന്‍ നിയുക്ത സ്കൂട്ടര്‍ പാതകള്‍ മാത്രം ഉപയോഗിക്കണം, സ്കൂട്ടറിന്റെ ബാലന്‍സ് നിലനിര്‍ത്താനും നിയന്ത്രണം നഷ്ടപ്പെടാതിരിക്കാനും മറ്റു യാത്രക്കാരെ കയറ്റരുത്, റൈഡിംഗ് വേളയില്‍ ഹെഡ്ഫോണുകള് ഉപയോഗിക്കരുത് തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
അപകടങ്ങള്‍ തടയുന്നതിനും മൊത്തത്തിലുള്ള റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ദുബായ് പോലീസ് എല്ലാ ഇ-സ്കൂട്ടര്‍ റൈഡര്‍മാരോടും അഭ്യർഥിച്ചു. ട്രാഫിക് നിയമങ്ങള്‍ അവഗണിക്കുക, മണിക്കൂറില്‍ 60 കിലോമീറ്റര്‍ കൂടുതല്‍ വേഗതയില്‍ വാഹനം ഓടിക്കുക, സുരക്ഷാ വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക, വാഹനത്തിന്റെ പതിവ് അറ്റകുറ്റപ്പണികള്‍ നടത്താതിരിക്കുക തുടങ്ങിയവയാണ് അപകടങ്ങളുടെ പൊതുവായ കാരണങ്ങളെന്ന് ബോധവല്‍ക്കരണ വീഡിയോ വ്യക്തമാക്കി.
സൈക്കിള്‍, ഇ-ബൈക്ക്, ഇ-സ്കൂട്ടര്‍ റൈഡര്‍മാര്‍ ചെയ്യുന്ന ഏറ്റവും സാധാരണമായ ലംഘനങ്ങളിലൊന്നാണ് മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയുള്ള റോഡുകളില്‍ സവാരി ചെയ്യുന്നതെന്ന് ദുബായ് പോലീസ് വ്യക്തമാക്കി. ഗതാഗത ഒഴുക്കിനെതിരേ സൈക്കിളും ഇ-സ്കൂട്ടറും ഓടിക്കുക, കാല്‍നട ക്രോസിങ്ങുകള്‍ മുറിച്ചുകടക്കുമ്പോള്‍ സൈക്കിളില്‍ നിന്ന് ഇറങ്ങാതിരിക്കല്‍, സൈക്കിളുകളില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തത് എന്നിവയും അപകടങ്ങള്‍ക്ക് കാരണമാവാറുണ്ട്. ഇവയെല്ലാം ഒഴിവാക്കുകയെന്നതും പ്രോട്ടോകോളിന്റെ ഭാഗമാണ്.
മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗപരിധിയുള്ള റോഡില്‍ ഇ-ബൈക്കോ സൈക്കിളോ ഓടിച്ചാല്‍ 300 ദിര്‍ഹമാണ് പിഴ. റൈഡറെയോ മറ്റുള്ളവരെയോ അപകടപ്പെടുത്തുന്ന രീതിയില്‍ ബൈക്ക് ഓടിച്ചാലും ഇ-സ്കൂട്ടറില്‍ രണ്ടാമതൊരു യാത്രക്കാരനെ കയറ്റിയാലും ഇതേ പിഴ ലഭിക്കും. ആവശ്യത്തിന് സീറ്റിങ് സജ്ജീകരിക്കാത്ത ഇ-ബൈക്കിലോ സൈക്കിളിലോ യാത്രക്കാരനെ കയറ്റിയാല്‍ 200 ദിര്‍ഹം പിഴ ഈടാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല