സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് കൺസർവേറ്റീവ് പാർട്ടിയെ നയിച്ച ഋഷി സുനാക് പാർട്ടി ലീഡർസ്ഥാനം ഒഴിഞ്ഞു. ഇന്നലെയാണ് പാർട്ടി നേതൃത്വത്തിൽനിന്നും ഒഴിയുന്നതായി മുൻ പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചത്. പുതിയ നേതാവിനെ നവംബർ രണ്ടിന് തിരഞ്ഞെടുത്ത് പ്രഖ്യാപിക്കും. അതുവരെ ആക്ടിങ് ലീഡർ സ്ഥാനത്ത് ഋഷി സുനക് തുടരും.
കേവലം 121 എംപിമാരിലേക്ക് പാർലമെന്റിലെ സാന്നിധ്യം ചുരുങ്ങിപ്പോയ ടോറികൾ പ്രതിപക്ഷമെന്ന നിലയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ വിഷമിക്കും. ഈ സാഹചര്യത്തിൽ നേതൃത്വത്തിലേക്ക് വരുന്നവർ ആരായാലും കനത്ത വെല്ലുവിളികളാകും മുന്നിലുണ്ടാകുക. മുൻ പ്രാനമന്ത്രി ഡേവിഡ് കാമറൺ വീണ്ടും നേതൃത്വം ഏറ്റെടുക്കാൻ തയാറായി മുന്നോട്ടുവരുമോ എന്നതാണ് ഏവരും ആകാംഷയോടെ ഉറ്റുനോക്കുന്നത്.
ചെറിയ ഇടവേളയ്ക്കുശേഷം തന്നെക്കാൾ ഏറെ ജൂണിയറായ ഋഷി സുനകിന്റെ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ കാമറണിന് ഇത്തരമൊരു ആഗ്രഹം ഇനിയും ബാക്കിയുണ്ടെന്ന് വിലയിരുത്തുന്നവർ ഏറെയാണ്. എന്നാൽ ഇക്കാര്യത്തിൽ മനസ്സുതുറക്കാൻ കാമറൺ ഇതുവരെ തയാറായിട്ടില്ല.
ഇതുവരെ ആരും മൽസരരംഗത്തുവരാൻ താൽപര്യം ആറിയിച്ചിട്ടില്ല. നാളെമുതലാണ് നോമിനേഷൻ ആരംഭിക്കുന്നത്. പത്ത് എംപിമാരുടെ പിന്തുണയുള്ളവർക്കാണ് നേതൃസ്ഥാനത്തേക്ക് മൽസരിക്കാൻ യോഗ്യത. ഇത്തരത്തിൽ ഏറ്റവും കൂടുതൽ പിന്തുണ എംപിമാരിൽനിന്നും ലഭിക്കുന്ന നാലുപേർക്ക് സെപ്റ്റംബർ 29ന് നടക്കുന്ന പാർട്ടി സമ്മേളനത്തിൽ അംഗങ്ങളോട് സംവദിക്കാൻ അവസരം ലഭിക്കും.
പിന്നീട് ഇവരിൽനിന്നും രണ്ടുപേരെ എംപിമാർ വോട്ടെടുപ്പിലൂടെ അവസാന സ്ഥാനാർഥികളായി കണ്ടെത്തും. ഇവരിൽ ഒരാളെയാകും പുതിയ ലീഡരായി കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ തിരഞ്ഞെടുക്കുക. മുൻ മന്ത്രി മെൽ സ്ട്രൈഡ് മാത്രമാണ് ഇതുവരെ മൽസരിക്കാനുള്ള സന്നദ്ധത പരസ്യമാക്കിയിട്ടുള്ളത്.
മുതിർന്ന നേതാക്കളായ റോബർട്ട് ജെനറിക്, സുവെല്ല ബ്രേവർമാൻ, പ്രീതി പട്ടേൽ, ജെയിംസ് ക്ലവേർലി, ടോം ടിഗ്വിൻഡാറ്റ്, കെമി ബെഡ്നോക് തുടങ്ങിയവർ മൽസരിക്കാൻ സാധ്യതയുള്ളവരുടെ പട്ടികയിലുണ്ട്. ഒക്ടോബർ 31നാകും അവസാനറൗണ്ട് വോട്ടെടുപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല