സ്വന്തം ലേഖകൻ: മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെവരെ റായ്ഗഢ്, രത്നഗിരി, പാൽഘർ, മുംബൈ, താനെ, സിന്ധുദുർഗ് പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശവും നല്കി. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് മുബൈ പോലീസ് നിര്‍ദേശിച്ചു. അതേസമയം, സ്കൂളുകളും കോളേജുകളും വെള്ളിയാഴ്ച സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുമെന്ന് ബൃഹന്മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് അറിയിച്ചു.
മുംബൈയിലെ കനത്ത മഴയോടൊപ്പം വേലിയേറ്റമുണ്ടായത് നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമാക്കി. വിമാനസർവീസുകൾ തടസ്സപ്പെട്ടു. താനെ, പുണെ എന്നിവിടങ്ങളിൽനിന്നായി 600 പേരെ മാറ്റിപ്പാർപ്പിച്ചു. പുണെയിൽ നാലുപേർ മരിച്ചു.
കാലാവസ്ഥ മോശമായതിനെത്തുടർന്ന് വിമാനങ്ങൾ പുറപ്പെടുന്നതിന് കാലതാമസമുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു. സ്പൈസ് ജെറ്റ് എയർലൈൻസും സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില സർവീസുകൾ റദ്ദാക്കിയതായും ചിലത് വഴിതിരിച്ചുവിട്ടതായും എയർ ഇന്ത്യ അറിയിച്ചു. വിമാനയാത്രികരോട് സമയക്രമം പരിശോധിച്ചശേഷം നേരത്തേതന്നെ വിമാനത്താവളങ്ങളില്‍ എത്താന്‍ വിവിധ വിമാനക്കമ്പനികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയോ ഭാഗികമായി റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി. കൂടാതെ, എൻ.ഡി.ആർ.എഫ്., എസ്.ഡി.ആർ.എഫ്. സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും കരസേന, എയർലിഫ്റ്റിങ് ടീമുകളും ജാഗ്രതയിലാണെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച രാത്രിമുതൽ പെയ്ത മഴ പുണെയിൽ വ്യാപകമായ നാശംവിതച്ചു. താഴ്ന്ന പ്രദേശങ്ങളിലെ ഒട്ടേറെ വീടുകളും റെസിഡൻഷ്യൽ സൊസൈറ്റികളും വെള്ളത്തിനടിയിലായി, ലോണാവാല ഹിൽസ്റ്റേഷന് സമീപമുള്ള മലാവ്ലി പ്രദേശത്തെ റിസോർട്ടുകളിലും ബംഗ്ലാവുകളിലും വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 29 വിനോദസഞ്ചാരികളെ ബുധനാഴ്ച വൈകീട്ട് ഒഴിപ്പിച്ചതായി പോലീസ് പറഞ്ഞു. താഴ്ന്ന പ്രദേശങ്ങളിലും വീടുകളിലും കെട്ടിടങ്ങളിലും കുടുങ്ങിയ 160-ഓളം പേരെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
പുണെ ജില്ലയിലെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും 48 മണിക്കൂർ അടച്ചിട്ടതായും കളക്ടർ അറിയിച്ചു. മഹഡ് ജില്ലയിലെ എം.ഐ.ഡി.സി. പ്രദേശത്ത് വ്യാഴാഴ്ചപെയ്ത കനത്ത മഴയിൽ ഒരു നടപ്പാലം ഒലിച്ചുപോയി. കാസ്ബെ ശിവ്താർ, സമർഥ് ശിവ്താർ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതാണ് പാലം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല