സ്വന്തം ലേഖകൻ: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ പതിനൊന്നാം ദിവസവും തുടരുന്നു. നാവികസേനയും ദുരന്തനിവാരണസേനയും രക്ഷാദൗത്യം ആരംഭിച്ചു. നാവികസേനയുടെ മുങ്ങൽ വിദഗ്ധർക്ക് മുന്നിലുള്ള ഏറ്റവും വലിയ തടസം ഗംഗാവലിനദിയിലെ അതിശക്തമായ നീരൊഴുക്കാണ്.
ഇതിനിടെ ട്രക്കിന്റേതെന്ന് സംശയിക്കപ്പെടുന്ന പുതിയൊരു സിഗ്നൽ കൂടി ലഭിച്ചതായി ദൗത്യസംഘം അറിയിച്ചു. ഡ്രോൺ പരിശോധനയിലാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്. സിഗ്നൽ ലഭിച്ചിരിക്കുന്ന പ്രദേശത്ത് ശക്തമായ അടിയൊഴുക്കാണെന്നും മുങ്ങൽ വിദഗ്ധർക്ക് ഇത് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നുമാണ് റിപ്പോർട്ട്.
‘റോഡിൽ നിന്ന് 60 മീറ്ററിലേറെ ദൂരത്തായാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്. പുഴയ്ക്ക് ഒത്തനടുക്കുള്ള പാറകളടങ്ങിയ മൺകൂനയ്ക്ക് സമീപത്തായിട്ടാണ് ഇത്. വൈകിട്ടോടെ സ്കാനിങ് വിവരങ്ങൾ ലഭ്യമാകും. ഇതോടെ കൂടുതൽ വ്യക്തത വരും. ഈ സിഗ്നൽ കേന്ദ്രീകരിച്ചും തിരച്ചിൽ ശക്തമാക്കും’ – റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ പറഞ്ഞു.
നാല് സ്പോട്ടുകളായിരുന്നു പുഴയിൽ കണ്ടെത്താനുണ്ടായിരുന്നു. ഇതിൽ മൂന്നെണ്ണം കഴിഞ്ഞ ദിവസങ്ങളിൽ ദൗത്യ സംഘം കണ്ടെത്തിയിരുന്നു. ഇപ്പോൾ നാലാമത്തെ സ്പോട്ടും കണ്ടെത്തിയതായാണ് വിവരം. ഇവിടെ ട്രക്കിന്റെ സാധ്യതകളും ദൗത്യസംഘം പരിശോധിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഷിരൂരില്‍ കുറച്ചുദിവസമായി ശക്തമായ മഴപെയ്യുകയാണ്. മഴകൂടുന്നതിനുസരിച്ച് പുഴയുടെ അടിയൊഴുക്ക് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. സ്കൂബാ ഡൈവിങ് സംഘത്തിന് മുങ്ങിത്തപ്പാവുന്നതിന്റെ മൂന്നിരട്ടിയിലധികമാണ് കുത്തൊഴുക്കിന്റെ ശക്തി. അതുകൊണ്ട് ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായാലേ ദൗത്യം വിജയകരമാക്കാന്‍ കഴിയൂ എന്നാണ് സൂചന.
ട്രക്കിന്റെ കിടപ്പ് നേരേയാണോ ചരിഞ്ഞിട്ടാണോ എന്നൊക്കെ കണ്ടെത്തേണ്ടതുണ്ട്. നദിക്ക് 18 മുതല്‍ 20 അടിവരെ ആഴമുണ്ട്. ലോറി എത്രത്തോളം നദിയുടെ അടിത്തട്ടിലാണെന്ന് മനസ്സിലാക്കാന്‍ കുറച്ചുകൂടി പരിശോധന വേണ്ടിവരും. അര്‍ജുന്റെ ലോറി, ടാങ്കര്‍ ലോറിയുടെ കാബിന്, ഹൈടെന്‍ഷന്‍ ലൈനിന്റെ ടവര്‍, റോഡരികിലെ റെയില്‍വേലി തുടങ്ങി നാലെണ്ണമാണ് നദിയില്‍ കാണാതായത്.
അവയെല്ലാം പുഴയുടെ അടിത്തട്ടില്ത്തന്നെയുണ്ടാവുമെന്നാണ് കരുതുന്നത്. അര്‍ജുന്റെ ലോറിയുടെ കാബിനും അതിന്റെ ബാക്കിവരുന്ന ഭാഗവും രണ്ടായി മുറിഞ്ഞുപോയിട്ടില്ലെന്നാണ് ഭാരത് ബെന്‍സുമായി ബന്ധപ്പെട്ട വിദഗ്ധരുമായി നടത്തിയ ചര്‍ച്ചയില്‍നിന്ന് മനസ്സിലാവുന്നതെന്നാണ് ഇന്ദ്രബാലന്‍ പറയുന്നത്. 400 മരക്കഷണങ്ങളുമായാണ് ലോറി പുഴയിലേക്ക് മറിഞ്ഞത്. ബലമായി കെട്ടിയതിനാല്‍ പുഴയില്‍ വീണശേഷമായിരിക്കും മരത്തിന്റെ കെട്ട് മുറിഞ്ഞ് തടിക്കഷണങ്ങള്‍ ഒഴുകിപ്പോയതെന്നാണ് നിഗമനം. അതുവരെ ലോറിയും ഒഴുകിയതുകൊണ്ടാണ് അറുപത് മീറ്റര്‍ അകലെ എത്തിയത്.
55 കിലോ ജൂള്‍ ഭാരംവരെ താങ്ങാന്‍ ഭാരത് ബെന്‍സിന്റെ ലോറിക്ക് ശേഷിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതുമാത്രമല്ല, മറ്റ് വലിയ ട്രക്കുകള്പോലെ വേര്‍പെട്ടുപോവുന്ന രീതിയിലല്ല ഇതിന്റെ കാബിന് നിര്‍മിച്ചതും. അതുകൊണ്ട് വേര്‍പെടാനുള്ള സാധ്യത കുറവാണ്. ലോറിയുടെ സ്ഥാനം മനസ്സിലായതിനാല്‍ അര്ജുന് എവിടെയാണെന്ന് കണ്ടെത്തുകയാണ് പ്രധാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല