1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2024

സ്വന്തം ലേഖകൻ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം മത്സ്യത്തൊഴിലാളികളുടെ 8 അംഗ സംഘമായ ‘ഈശ്വർ മാൽപെ’ ഏറ്റെടുത്തു. ഗംഗാവലി പുഴയിലെ മൺതിട്ടയിൽ നിലയുറപ്പിച്ച സംഘം പുഴയിൽ ഇറങ്ങിത്തുടങ്ങി. സമാനമായ സാഹചര്യങ്ങളിൽ മുൻപും പ്രവർത്തിച്ചിട്ടുള്ള സംഘമാണിത്. ശക്തമായ അടിയൊഴുക്കുള്ള പുഴയിൽ ഇറങ്ങി പരിചയമുള്ളവരാണ് ഇവര്‍. ഉഡുപ്പി ജില്ലയിലെ മാൽപെയിൽ നിന്നുള്ളവരാണ് ഇവർ.

ഷിരൂരിലേത് ശ്രമകരമായ ദൗത്യമെന്ന് ഈശ്വർ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. പുഴയിൽ മൂന്ന് ബോട്ടുകളിൽ പോയി നങ്കൂരമിട്ടാകും പരിശോധിക്കുക. അടയൊഴുക്കിനൊപ്പം ചെളിയും മൂടിനിൽക്കുന്നത് വലിയ വെല്ലുവിളിയെന്നും ഈശ്വർ മാൽപെ വ്യക്തമാക്കി.

പുഴയുടെ അടിത്തട്ടിലേക്ക് പോയാൽ ഒന്നും കാണാനാകില്ലെന്നും കൈകൊണ്ട് തൊട്ടുനോക്കിയാണ് ശരീരഭാ​ഗം ഏതാണെന്നും ലോഹഭാ​ഗം ഏതാണെന്നും തിരിച്ചറിയുകയെന്നും ഈശ്വർ മാൽപെ പറഞ്ഞു. റഡ‍ാറിൽ തെളിഞ്ഞ എല്ലാ പോയിന്റുകളിലും പരിശോധന നടത്തുമെന്നും വെള്ളത്തിൽ 100 അടിവരെ താഴെ പോയി മൃതദേഹങ്ങൾ പുറത്തെത്തിച്ചിട്ടുണ്ടെന്നും ഈശ്വർ മാൽപെ പറഞ്ഞു.‌

ശക്തമായ കുത്തൊഴുക്കും പ്രതികൂല കാലാവസ്ഥയും തരണംചെയ്ത് അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടർന്ന് മാൽപെ സംഘം. ജീവൻ പണയപ്പെടുത്തിയുള്ള നിർണായക രക്ഷാപ്രവർത്തനത്തിനാണ് ഷിരൂർ സാക്ഷ്യം വഹിക്കുന്നത്. ആദ്യഘട്ടത്തിൽ മൂന്ന് തവണയാണ് മാൽപെ സംഘം നദിയുടെ ആഴത്തിലേക്ക് ഇറങ്ങിയത്. ശക്തമായ അടിയൊഴുക്കിനെത്തുടർന്ന് കരയിലേക്ക് കയറിയ സംഘം പിന്നീട് രണ്ടുതവണകൂടി നദിക്കടിയിലിറങ്ങി പരിശോധന നടത്തി.

ഇന്ന് അഞ്ച് തവണ മാൽപെ സംഘം നദിയിൽ ഇറങ്ങിയെങ്കിലും ട്രക്കിനടുത്തെത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. അഞ്ച് തവണയും ഈശ്വർ മാൽപെയാണ് നദിയിൽ ഇറങ്ങിയത്. വലിയ കല്ലുകളല്ലാതെ മറ്റൊന്നും കാണാൻ സാധിച്ചില്ലെന്നും ട്രക്കിനടുത്തെത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും ഈശ്വർ മാൽപെ പറഞ്ഞതായി മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം. അഷറഫ് പറഞ്ഞു.

55 കിലോ ജൂള്‍ ഭാരംവരെ താങ്ങാന്‍ ഭാരത് ബെന്‍സിന്റെ ലോറിക്ക് ശേഷിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതുമാത്രമല്ല, മറ്റ് വലിയ ട്രക്കുകള്‍പോലെ വേര്‍പെട്ടുപോവുന്ന രീതിയിലല്ല ഇതിന്റെ കാബിന്‍ നിര്‍മിച്ചതും. അതുകൊണ്ട് വേര്‍പെടാനുള്ള സാധ്യത കുറവാണ്. ലോറിയുടെ സ്ഥാനം മനസ്സിലായതിനാല്‍ അര്‍ജുന്‍ എവിടെയാണെന്ന് കണ്ടെത്തുകയാണ് പ്രധാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.