സ്വന്തം ലേഖകൻ: സിവില്‍ സര്‍വീസ് കോച്ചിങ്കേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മരിച്ച മൂന്നുപേരില്‍ മലയാളി വിദ്യാര്‍ഥിയും. എറണാകുളം സ്വദേശി നവീന്‍ ഡെല്വിന് (28) ആണ് മരിച്ചത്. ഡല്‍ഹി പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ (ജെ.എന്‍.യു.) ഗവേഷക വിദ്യാര്‍ഥിയാണ് നവീന്‍ എന്നാണ് വിവരം.
തെലങ്കാന സ്വദേശി തനിയ സോണി (25), ഉത്തര്‍പ്രദേശ് സ്വദേശി ശ്രേയ യാദവ് (25) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. ഇവരുടെ മൃതദേഹങ്ങള്‍ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
ഡല്‍ഹിയിലെ രാജേനന്ദ്രനഗറിലുള്ള റാവൂസ് എന്ന യു.പി.എസ്.സി. കോച്ചിങ് കേന്ദ്രത്തിലാണ് വെള്ളംകയറി വിദ്യാര്‍ഥികള്‍ മരിച്ചത്. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. വെള്ളം കയറിയ ബേസ്മെന്റില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ പുറത്തെത്തിച്ചു.
ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. ഡ്രെയിനേജ് തകര്‍ന്നതാണ് ബേസ്മെന്റിലേക്ക് വെള്ളം കയറാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. കോച്ചിങ് സെന്ററിന് പുറത്ത് റോഡില്‍ വിദ്യാര്‍ഥികള്‍ മുദ്രാവാക്യങ്ങളുമായി ധര്‍ണയിരുന്നു.
സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മലയാളി അടക്കം മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ സ്ഥാപന ഉടമയേയും കോർഡിനേറ്ററേയും പോലീസ് അറസ്റ്റുചെയ്തു.
സംഭവത്തിൽ ക്രിമിനൽ കേസാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് ഡി.സി.പി എം.ഹർഷവർദ്ധൻ അറിയിച്ചു. അപകടത്തെ കുറിച്ച് വിശദമായി മനസ്സിലാക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും ഫോറൻസിക് സംഘം സ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല