1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2024

സ്വന്തം ലേഖകൻ: ഇന്ത്യക്കാരായ ഭാഗ്യാന്വേഷികൾക്ക് ആഹ്ലാദം പകർന്ന് യുഎഇയിലെ ആദ്യത്തെ അംഗീകൃത ലോട്ടറിക്ക് അനുമതി നൽകി യുഎഇ ഗെയിമിങ് അതോറിറ്റി. ഗെയിം ഡെവലപ്‌മെന്റ്, ലോട്ടറി ഓപറേഷൻസ്, ഗെയിമിങ്ങുമായി ബന്ധപ്പെട്ട ഉള്ളടക്കം എന്നിവയിൽ വൈദഗ്ധ്യമുള്ള വാണിജ്യ ഗെയിമിങ് ഓപറേറ്ററായ ദ് ഗെയിം എൽഎൽസിക്കാണ് ലോട്ടറി ലൈസൻസ് ലഭിച്ചത്.

യുഎഇ ലോട്ടറിയുടെ ബാനറിലാണ് ദ് ഗെയിം പ്രവർത്തിക്കുക. പങ്കെടുക്കുന്നവരുടെ താൽപര്യങ്ങളും സാമ്പത്തിക മുൻഗണനകളും നിറവേറ്റുന്നതിനായി രൂപകൽപന ചെയ്‌തിരിക്കുന്ന വൈവിധ്യമാർന്ന ലോട്ടറി ഗെയിമുകളും മറ്റ് ഗെയിമുകളും വാഗ്ദാനം ചെയ്യുന്നു. ജിസിജിആർഎയുടെ പ്രഖ്യാപനം രാജ്യത്തെ വാണിജ്യ ഗെയിമിങ് മേഖലയ്ക്ക് ഒരു പുതിയ നാഴികക്കല്ലാണ്. നിയന്ത്രിത വാണിജ്യ ഗെയിമിങ് മേഖല സ്ഥാപിക്കാനാണ് ഇതിലൂടെ ജിസിജിആർഎ ലക്ഷ്യമിടുന്നത്.

സുതാര്യത, ഉത്തരവാദിത്തം, ഉപയോക്തൃ സംരക്ഷണം, മികച്ച ഗെയിമിങ് രീതികൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമങ്ങൾ തയാറാക്കിയിരിക്കുന്നത്. ലോട്ടറി പ്രവർത്തനങ്ങൾക്കായി അച്ചടക്കമുള്ള ലോകോത്തര നിയന്ത്രണ ചട്ടക്കൂട് സ്ഥാപിക്കുന്നത് മാത്രമല്ല, സുരക്ഷിതവും സമ്പുഷ്ടവുമായ വാണിജ്യം പരിപോഷിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയെ അടിവരയിടുന്ന സുപ്രധാന സംഭവമാണ് യുഎഇ ലോട്ടറിയുടെ പ്രഖ്യാപനം എന്ന് ജിസിജിആർഎ ചെയർമാൻ ജിം മുറെൻ പറഞ്ഞു.

ഉപയോക്തൃ സംരക്ഷണത്തിലും നിയന്ത്രണ മേൽനോട്ടത്തിലും ആഗോളതലത്തിൽ മികച്ച പ്രവർത്തനങ്ങളോടുള്ള പ്രതിബദ്ധതയിൽ ജിസിജിആർഎ ഉറച്ചുനിൽക്കുന്നതായി ജിസിജിആർഎ സിഇഒ കെവിൻ മുല്ലള്ളി പറഞ്ഞു. യുഎഇയിലെ വാണിജ്യ ഗെയിമിങ് പ്രവർത്തനങ്ങളുടെ സമഗ്രതയും നീതിയും സുതാര്യതയും ഉറപ്പാക്കുന്നതിനാണ് നിയന്ത്രണ ചട്ടക്കൂട് രൂപകൽപന ചെയ്തിരിക്കുന്നത്.

പങ്കെടുക്കുന്നവർക്ക് അവരുടെ ഗെയിമിങ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സമഗ്രമായ അവസരങ്ങളും ഒരുക്കുന്നു. ജിസിജിആർഎയുടെ അംഗീകാരമില്ലാതെ യുഎഇയിൽ വാണിജ്യ ഗെയിമിങ് പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ നടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധവും കുറ്റവാളികളെ കഠിനമായ ശിക്ഷയ്ക്ക് വിധേയമാക്കുന്നതുമാണ്. ജിസിജിആർഎ ചട്ടക്കൂട് അനുസരിച്ച് ലൈസൻസില്ലാത്ത ഓപറേറ്റർമാർ വഴിയുള്ള ലോട്ടറിയിൽ പങ്കെടുക്കുന്നതും നിയമവിരുദ്ധമാണ്.

നേരത്തെ മെഹ്സൂസ്, എമിറേറ്റ്സ് ഡ്രോ തുടങ്ങിയ ലോട്ടറികൾ ജിസിജിആർഎ നിരോധിച്ചിരുന്നു. അബുദാബി ബിഗ് ടിക്കറ്റ്, മില്ലെനിയം മില്യനയേഴ്സ് നറുക്കെടുപ്പുകള്‍ നിലവിൽ നടന്നുവരുന്നു. ഇവയിൽ മിക്കപ്പോഴും ഇന്ത്യക്കാർക്കാണ് കോടികളുടെ ഒന്നാം സമ്മാനം ലഭിക്കാറുള്ളത്. ഇതുവഴി ഒട്ടേറെ ഇന്ത്യക്കാർ ഉയർന്ന സാമ്പത്തിക നിലകളിലെത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.