1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2024

സ്വന്തം ലേഖകൻ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ താമസിക്കുന്നത് യുഎഇയില്‍. സൗദി അറേബ്യയ്ക്കാണ് രണ്ടാം സ്ഥാനം. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അറിയിച്ചതാണ് ഇക്കാര്യം.
നിലവില്‍ ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം ഒമ്പത് ദശലക്ഷം കടന്നതായും അദ്ദേഹം അറിയിച്ചു.

ഫിന്‍ടെക്, ഹെല്‍ത്ത്കെയര്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, എഞ്ചിനീയറിംഗ്, ബാങ്കിംഗ് തുടങ്ങി ഉയര്‍ന്ന യോഗ്യതയുള്ള മേഖലകള്‍ മുതല്‍ ക്ലീനര്‍മാര്‍, വീട്ടുജോലിക്കാര്‍, ഇലക്ട്രീഷ്യന്‍മാര്‍, പ്ലംബര്‍മാര്‍, നിര്‍മാണ രംഗം തുടങ്ങിയ ബ്ലൂ കോളര്‍ ജോലികള്‍ വരെയുള്ള മേഖലകളില്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ വെച്ച് യുഎഇയിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ തൊഴില്‍ തേടി എത്തിയിരിക്കുന്നത്. ദുബായ്,അബുദാബി, ഷാര്‍ജ ഉള്‍പ്പെടെയുള്ള വിവിധ എമിറേറ്റുകളിലായി 35.5 ലക്ഷം ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. 26 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ക്ക് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യയാണ് യുഎഇയുടെ തൊട്ടുപിന്നിലുള്ളതെന്നും പാര്‍ലമെന്റിന്റെ അധോസഭയായ ലോക്സഭയിലെ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സിംഗ് പറഞ്ഞു.

പത്തു ലക്ഷത്തിലേറെ ഇന്ത്യക്കാരുമായി കുവൈറ്റാണ് ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്. ജിസിസിയിലെ മറ്റ് രാജ്യങ്ങളായ ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ 10 ലക്ഷത്തില്‍ താഴെയാണ് ഇന്ത്യന്‍ പ്രവാസികളുടെ എണ്ണമെന്നും മന്ത്രി അറിയിച്ചു.

ഈ വര്‍ഷം ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം, വിദേശ രാജ്യങ്ങളില്‍ ജോലി അന്വേഷിച്ച് പോകുന്ന 180,000 ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കിയതായും മന്ത്രി അറിയിച്ചു. കഴിഞ്ഞ വര്‍ഷം നാലു ലക്ഷത്തോളം പേര്‍ക്കാണ് ആകെ എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കിയിരിക്കുന്നത്.

ഈ വര്‍ഷം അവസാനത്തോടെ ഇത് നല്‍കിയവരുടെ എണ്ണം ഏകദേശം ഇത്ര തന്നെ എത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പത്താം ക്ലാസില്‍ താഴെയുള്ള വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യക്കാര്‍ക്കാണ് സര്‍ക്കാരില്‍ നിന്നുള്ള എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളത്. നഴ്സുമാര്‍ പോലുള്ള ചില തൊഴിലുകള്‍ക്കും വിദേശത്ത് ജോലി ഏറ്റെടുക്കാന്‍ അത്തരം ക്ലിയറന്‍സ് ആവശ്യമാണ്. നിരവധി പേർ വീസിറ്റ് വീസ എടുത്ത് യുഎഇയിൽ പോകുകയും പിന്നീട് അവിടെ നിന്ന് ജോലി കണ്ടെത്തുകയും ചെയ്യുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.