സ്വന്തം ലേഖകൻ: ഇംഗണ്ടില്‍ പരിശീലന പദ്ധതികള്‍ ആരംഭിച്ചാല്‍, സ്ഥാപനങ്ങള്‍ക്ക് വിദേശത്തു നിന്നും ആളുകളെ ജോലിക്ക് എടുക്കുന്നത് കുറയ്ക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി സര്‍ കിയര്‍ സ്റ്റാര്‍മര്‍. റെക്കോര്‍ഡിട്ട നിയമപരമായ കുടിയേറ്റം കുറച്ചു കൊണ്ടു വരാന്‍ പുതിയ ലേബര്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ധം ഏറി വരുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച്, ഇഗ്ലണ്ടിലും വെയ്ല്‍സിലുമായി കഴിഞ്ഞ വര്‍ഷം പത്ത് ലക്ഷത്തിലധികം പേരാണ് കുടിയേറിയത്. 4,62,000 പേര്‍ വിദേശത്തേക്ക് പോവുകയും ചെയ്തു. അതായത് നെറ്റ് ഇമിഗ്രേഷന്‍ 6,22,000 എന്നര്‍ത്ഥം.
വിദേശത്ത് നിന്നും കുടിയേറിയവരില്‍ ഏറ്റവുമധികം പേര്‍ താമസിക്കുന്നത് ബിര്‍മ്മിംഗ്ഹാമിലാണ്. ഇവിടം വിട്ടുപോയവരേക്കാള്‍, 24,500 പേരാണ് അധികമായി ബിര്‍മ്മിംഗ്ഹാമില്‍ താമസിക്കാന്‍ എത്തിയത്. തൊട്ടു പിന്നാലെ നെറ്റ് എമിഗ്രേഷന്‍ 18,078 മായി മാഞ്ചസ്റ്റര്‍ ഉണ്ട്. കവന്‍ട്രി (15,538), ന്യൂഹാം (14,292), ലെസ്റ്റര്‍ (13,588), ഷെഫീല്‍ഡ് (13,141) എന്നിങ്ങനെയാണ് തൊട്ടു പിന്നിലുള്ള നഗരങ്ങള്‍. ഗ്രാമീണ മേഖലകളില്‍ നെറ്റ് ഇമിഗ്രേഷന്‍ തുലോം കുറവായിരുന്നു. മാത്രമല്ല ലിങ്കണ്‍ഷയറിലെ സൗത്ത് ഹോളണ്ടില്‍, കുടിയേറ്റക്കാരെക്കാള്‍ കൂടുതല്‍ ഇവിടം വിട്ടു പോയവരാണ്. ഇവിടേക്ക് വിദേശങ്ങളില്‍ നിന്നെത്തിയവരേക്കാള്‍ 136 പേര്‍ അധികമായി ഇവിടെ നിന്നും വിദേശ രാജ്യങ്ങളിലേക്ക്കുടിയേറി.
ജനസംഖ്യാനുപാതത്തില്‍, കുടിയേറ്റം ഏറെ വ്യതിയാനങ്ങള്‍ വരുത്തുന്നത് ഗ്രാമീണ മേഖലകളേക്കാള്‍ കൂടുതലായി നഗര മേഖലകളിലാണ്. ഇത് ഏറ്റവുമധികം പ്രകടമാകുന്നത് മിഡില്‍സ്ബറോയിലാണ്. 1400 പേര്‍ ഇവിടം വിട്ട് വിദേശത്ത് ചേക്കേറിയപ്പോള്‍, 8200 പേരാണ് ഇവിടേക്ക് വന്നത്. അതായത് 6,800 പേര്‍ അധികമായി വന്നു. ഏതാണ്ട് 1,52,000 മാത്രം ജനസംഖ്യയുള്ള ഇവിടെ ഇപ്പോള്‍ ജീവിക്കുന്നവ 23 പേരില്‍ ഒരാള്‍ (4.4 ശതമാനം) വിദേശത്തു നിന്നും കഴിഞ്ഞവര്‍ഷം കുടിയേറിയവരാണ്.
അതുപോലെ കവന്‍ട്രിയില്‍ മൊത്തം ജനസംഖ്യയുടെ 4.3 ശതമാനം കഴിഞ്ഞ വര്‍ഷം വിദേശരാജ്യങ്ങളില്‍ നിന്നും എത്തിയവരാണെങ്കില്‍ ന്യൂഹാമില്‍ ജനസംഖ്യയുടെ 3.9 ശതമാനം ഇത്തരക്കാരാണ്.ഈ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കിയര്‍ സ്റ്റാര്‍മര്‍, ബ്രിട്ടീഷുകാര്‍ക്കായി ഉള്ള തൊഴില്‍ പരിശീലന പദ്ധതി വിപുലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. താറുമാറായ സ്‌കില്‍സ് സിസ്റ്റം കാരണം ബ്രിട്ടീഷ് യുവാക്കള്‍ക്ക് തൊഴില്‍ സാധ്യതകള്‍ കുറഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സ്‌കില്‍സ് ഇംഗ്ലണ്ട് എന്ന പുതിയ ബോഡി കേന്ദ്ര- പ്രാദേശിക ഭരണകൂടങ്ങളെയും, വ്യവസായ- വാണിജ്യ സ്ഥാപനങ്ങളെയും ട്രേഡ് യൂണിയനുകളെയും, പരിശീലകരെയും ഒരുമിപ്പിച്ച് മെച്ചപ്പെടുത്തേണ്ട മേഖലകള്‍ ഏതൊക്കെയെന്ന് വിശകലനം ചെയ്യും. ദുര്‍ബലമായ മേഖലകളില്‍ പരിശീലനം നല്‍കി നൈപ്യുണികള്‍ മെച്ചപ്പെടുത്തും.
വിദേശത്തു നിന്നും ആളുകളെ നിയമിക്കുന്ന സ്ഥാപനങ്ങളെ താന്‍ വിമര്‍ശിക്കുകയില്ലെന്നും, ആരോഗ്യ മേഖലയില്‍ ഉള്‍പ്പടെ കുടിയേറ്റക്കാര്‍ നല്‍കുന്ന സംഭാവനകളെ താന്‍ വിലകുറച്ച് കാണുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടിയേറ്റം എന്നും രാജ്യ ചരിത്രത്തിന്റെ ഭാഗമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആവശ്യമായ സ്‌കില്‍ ഇല്ല എന്നതിന്റെ പേരില്‍ ബ്രിട്ടീഷുകാര്‍ക്ക് തൊഴില്‍ ലഭിക്കാത്ത സാഹചര്യം മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല