സ്വന്തം ലേഖകൻ: സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍റെ പേരില്‍ നടത്തുന്ന വ്യാജ വായ്പാ തട്ടിപ്പിനെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി റോയല്‍ ഒമാന്‍ പോലീസ്. ലഘുവായ്പാ വാഗ്ദാനവുമായി സമൂഹ മാധ്യങ്ങളില്‍ ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് പ്രതിനിധിയെന്ന വ്യാജേന എത്തുന്ന സംഘമാണ് പുതിയ തട്ടിപ്പിനു പിന്നില്‍. വാട്‌സ് ആപ്പ്, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍റെ പേരില്‍ ലഘുവായ്പാ വാഗ്ദാനം നല്‍കി ആളുകളെ വലയിലാക്കുന്നത്. തട്ടിപ്പിനിരയായ പലര്‍ക്കും ഇതിനകം വലിയ തുക അക്കൗണ്ടില്‍ നിന്ന് നഷ്ടമായതായി അധികൃതര്‍ അറിയിച്ചു.
ലോണിനായി അപേക്ഷ നല്‍കുന്നതിന് വ്യക്തിഗത വിവരങ്ങള്‍ നല്‍കാനെന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അയച്ചുനല്‍കുന്ന ലിങ്ക് വഴിയാണ് തട്ടിപ്പ്. ഈ ലിങ്ക് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ് നടത്തുന്നതെന്ന് ഒമാന്‍ പോലിസ് അറിയിച്ചു. വിവരങ്ങള്‍ നല്‍കാനായി ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ അക്കൗണ്ട് വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടുകയും അതുപയോഗിച്ച് ബാങ്ക് അക്കൗണ്ടിലുള്ള പണം കൈക്കലാക്കുകയും ചെയ്യുന്നതാണ് തട്ടിപ്പു സംഘത്തിന്‍റെ രീതിയെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഓദ്യോഗിക സ്രോതസ്സുകളില്‍ നിന്നല്ലാതെ വരുന്ന ഇത്തരം സന്ദേശങ്ങള്‍ അവഗണിക്കണമെന്നും വിശ്വാസ്യതയെ കുറിച്ച് വ്യക്തമായ ബോധ്യമില്ലെങ്കില്‍ അത്തരം ലിങ്കുകളോ അറ്റാച്ച്‌മെന്‍റുകളോ ക്ലിക്ക് ചെയ്ത് അപകടത്തിലേക്ക് ചെന്നുചാടരുതെന്നും ഒമാന്‍ പോലീസ് പൗരന്മാരും താമസക്കാരുമായ ഉപഭോക്താക്കളെ ഓര്‍മിപ്പിച്ചു. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ വ്യക്തിഗത വായ്പയോ ഭവന വായ്പയോ മറ്റേതെങ്കിലും ബാങ്കിംഗ് സേവനങ്ങളോ വ്യക്തികള്‍ക്ക് നേരിട്ട് നല്‍കുന്നില്ല.
വാട്സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയ സൈറ്റുകള്‍ വഴി ബാങ്ക് നേരിട്ട് ഇത്തരം ലഘുവായ്പാ പദ്ധതികള്‍ അനുവദിക്കുന്നില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിവരങ്ങളോ വെളിപ്പെടുത്തരുത്.
സുരക്ഷാ കാരണങ്ങളാല്‍ ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നും വിവരങ്ങള്‍ക്കായി ഈ നമ്പറില്‍ ബന്ധപ്പെടണമെന്നും പറഞ്ഞ് ആളുകളുടെ അക്കൗണ്ട് വിവരം കൈക്കലാക്കി തട്ടിപ്പുനടത്തുന്ന സംഘവും ഒമാനില്‍ സജീവമാണെന്ന് പോലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ബാങ്കിങ് സേവനങ്ങളുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതര്‍ക്ക് അക്കൗണ്ട് വിവരങ്ങളോ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളോ കൈമാറരുതെന്നും റോയല്‍ ഒമാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല