സ്വന്തം ലേഖകൻ: കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ച് എയർ ഏഷ്യയുടെ ക്വാലലംപുർ വിമാന സർവീസ് ഓഗസ്റ്റ് ഒന്നു മുതൽ. ആഴ്ചയിൽ 3 സർവീസുകളാണു പ്രഖ്യാപിച്ചത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ക്വാലലംപുരിൽനിന്ന് കോഴിക്കോട്ടേക്കും ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ കോഴിക്കോട്ടുനിന്നു ക്വാലലംപുരിലേക്കും ഇനി നേരിട്ടു പറക്കാം.രാത്രിയിലാണു സർവീസ്. പ്രാദേശിക സമയം രാത്രി 9.55നു ക്വാലലംപുരിൽനിന്ന് പുറപ്പെട്ട് 11.25നു കോഴിക്കോട്ടെത്തും. പിറ്റേന്ന് പുലർച്ചെ 12.10നു കോഴിക്കോട്ടുനിന്നു പുറപ്പെടും.
എയർ ഏഷ്യയ്ക്ക് വിവിധ രാജ്യങ്ങളിലേക്കു കണക്‌ഷൻ വിമാനങ്ങളുണ്ട് എന്നതിനാൽ ക്വാലലംപുരിൽനിന്ന് വിവിധ വിദേശ നാടുകളിലേക്കുള്ള യാത്ര ഇനി എളുപ്പമാകും. വിദ്യാർഥികളും വ്യാപാരികളും വിനോദ സഞ്ചാരികളും മറ്റും തിരഞ്ഞെടുക്കുന്ന കൊറിയ, റഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, ഹോങ്കോങ്, കംബോഡിയ, വിയറ്റ്നാം, ചൈന, ജപ്പാൻ, ഫിലിപ്പീൻസ്, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കു കോഴിക്കോട് –ക്വാലലംപുർ വഴി യാത്ര നടത്താനാകും.കോഴിക്കോട് – ക്വാലലംപുർ നേരിട്ടുള്ള യാത്രയ്ക്ക് മികച്ച പ്രതികരണമാണെന്നു ട്രാവൽ ഏജൻസികൾ പറയുന്നു.
3 മാസം മുൻപേ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു. ക്വാലലംപുരിലേക്കും തിരിച്ചും 10,000 രൂപയിൽ താഴെയായിരുന്നു പ്രഖ്യാപിച്ച ടിക്കറ്റ് നിരക്ക്.
അടുത്തിടെയാണു കോഴിക്കോട് –ലക്ഷദ്വീപ് സർവീസ് ആരംഭിച്ചത്. ഇൻഡിഗോ ആണ് കോഴിക്കോട് –കൊച്ചി –അഗത്തി സർവീസിനു തുടക്കമിട്ടത്. അതിനു പിന്നാലെയാണ് എയർ ഏഷ്യയുടെ ക്വലാലംപുരിലേക്കുള്ള നേരിട്ടുള്ള സർവീസ്. ലക്ഷദ്വീപിലേക്കും ക്വാലലംപുരിലേക്കുമുള്ള വിമാന സർവീസ് കോഴിക്കോട് വിമാനത്താവള ചരിത്രത്തിൽ ആദ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല