സ്വന്തം ലേഖകൻ: ഒറ്റരാത്രികൊണ്ട് ഒരുഗ്രാമം തന്നെ ഇല്ലാതായതിന്റെ ഞെട്ടലിലാണ് വയനാട്ടുകാര്‍. ജില്ലയിലെ ഉള്‍പ്രദേശമായ മുണ്ടക്കൈയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ദുരന്തം വിതച്ച് വന്‍ ഉരുള്‍പൊട്ടലുണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന പലരും കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍പ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കും മുന്‍പേ പലരും വെള്ളത്തിലും ചെളിയിലും മുങ്ങി.
ചൊവ്വാഴ്ച രാവിലെയോടെയാണ് മുണ്ടക്കൈയിലെ വന്‍ദുരന്തത്തിന്റെ വ്യാപ്തി പുറംലോകമറിയുന്നത്. നേരം വെളുത്തപ്പോള്‍ മുണ്ടെക്കൈ എന്ന പ്രദേശം തീര്‍ത്തും ഒറ്റപ്പെട്ടനിലയിലായിരുന്നു. നാനൂറിലേറെ കുടുംബങ്ങള്‍ താമസിച്ചിരുന്ന ഗ്രാമം തിരിച്ചറിയാന്‍പോലും കഴിയാത്ത അവസ്ഥ. നേരം ഇരുട്ടിവെളുത്തപ്പോള്‍ പല വീടുകളും തകര്‍ന്നുതരിപ്പണമായ നിലയില്‍. പ്രദേശത്തെ പല കുടുംബങ്ങളെയും ഇപ്പോഴും കാണാനില്ലെന്നും ഇവരെ ഇതുവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.
അപകടം നടന്ന് 12 മണിക്കൂര്‍ പിന്നിടുമ്പോള്‍ 107 മരണങ്ങളാണ് സ്ഥിരീകരിച്ചത്. മൂടൽമഞ്ഞും മഴയും രക്ഷാ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുകയാണ്. നൂറിലധികം പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. ചൂരൽമലയിൽ പള്ളിയിലും മദ്രസയിലും താൽക്കാലിക ആശുപത്രി ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. വിവിധ റിസോർട്ടുകളിലും കെട്ടിടങ്ങളിലും കുടുങ്ങിക്കിടക്കുന്ന നിരവധി പേർ സഹായ അഭ്യർഥനകളുമായി മാധ്യമങ്ങളിലേക്ക് ബന്ധപ്പെടുകയാണ്.
ഉരുള്‍പ്പൊട്ടിയ മുണ്ടക്കൈ മേഖലയില്‍ ഇപ്പോഴും മഴ തുടരുന്നതും മലവെള്ളപ്പാച്ചിലിനും ഉരുള്‍പ്പൊട്ടലിനും സാധ്യത നിലനില്‍ക്കുന്നതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയാണ്. നിലവില്‍ വിവിധയിടങ്ങളിലായി 250 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇത്തരം മേഖലയില്‍ എത്തിച്ചേരുക വലിയ പ്രയാസമാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി.
വയനാട് ജില്ലയിലെ ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയരക്ടര്‍ ശീരാം സാംബശിവ റാവുവിനെ സ്‌പെഷല്‍ ഓഫിസറായി സര്‍ക്കാര്‍ നിയമിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല