സ്വന്തം ലേഖകൻ: തുറമുഖ പട്ടണമായ സൗത്ത് പോര്‍ട്ടില്‍ കൗമാരക്കാരനായ അക്രമിയുടെ കുത്തേറ്റ് രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം. സൗത്ത് പോര്‍ട്ടിലെ ഹാര്‍ട്ട് സ്ട്രീറ്റില്‍ കുട്ടികള്‍ക്കായി നടത്തുന്ന ഡാന്‍സ്- യോഗാ ക്ലാസിലേക്ക് ഓടിക്കയറിയ അക്രമി കുത്തിവീഴ്ത്തിയത് 11 കുട്ടികളെയാണ്. ആക്രമണത്തില്‍ പരുക്കേറ്റ ആറു കുട്ടികളുടെ നില ഗുരുതരമാണ്. രണ്ട് മുതിര്‍ന്നവര്‍ക്കും സംഭവത്തില്‍ പരുക്കുണ്ട്.
17 വയസ്സുള്ള അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം ഭീകരാക്രമണമല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 11.50നാണ് രാജ്യത്തെ നടുക്കിയ ഈ സംഭവം. സംഭവത്തില്‍ ചാള്‍സ് മൂന്നാമന് രാജാവും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും നടുക്കവും ദു:ഖവും രേഖപ്പെടുത്തി.
പരുക്കേറ്റ കുട്ടികള്‍ ലിവര്‍പൂളിലെ അള്‍ഡര്‍ ഹെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍, എയ്ന്‍ട്രീ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, സൗത്ത്പോര്‍ട്ട് ആന്‍ഡ് ഫോംബൈ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ചികിത്സയിലാണ്. അക്രമിയെ തിരിച്ചറിഞ്ഞതായും ആക്രമണത്തിന് ഉപയോഗിച്ച ആയുധമുള്‍പ്പെടെ കസ്റ്റഡിയില്‍ എടുത്തതായും മേര്‍സിസൈഡ് പൊലീസ് ചീഫ് കോണ്‍സ്റ്റബിള്‍ സെരീന കെന്നഡി പറഞ്ഞു.
കുട്ടികളെ അക്രമിയില്‍ നിന്നും രക്ഷിക്കാന്‍ സധൈര്യം ശ്രമിക്കുന്നതിനിടെയാണ് പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് ഗുരുതരമായി കുത്തേറ്റതെന്ന് പൊലീസ് വ്യക്തമാക്കി. ആറുവയസ്സു മുതല്‍ പത്തുവയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള ഡാന്‍സ്- യോഗാ ക്ലാസാണ് ഇവിടെ നടന്നിരുന്നത്.
ആക്രമണം നടത്താനുള്ള കാരണവും മറ്റു വിശദാംശങ്ങളും ഇനിയും വ്യക്തമാക്കാറായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തേക്ക് ടാക്സിയിലെത്തിയ യുവാവായ അക്രമി മാസ്ക് ധരിച്ചിരുന്നതായും ടാക്സിക്കൂലി കൊടുക്കാന്‍ വീസമ്മതിച്ചതായും ദൃക്സാക്ഷികളില്‍ ഒരാള്‍ വെളിപ്പെടുത്തി.
സങ്കല്‍പ്പിക്കാനാവാത്ത ദുരന്തമാണ് ഈ കുട്ടികളുടെ കുടുംബള്‍ക്ക് ഉണ്ടായിരിക്കുന്നതെന്നും രാജ്യത്തെ എല്ലാവരുടെയും പ്രാര്‍ഥനയും അനുശോചനവും കുട്ടികളുടെ കുടുംബാംഗങ്ങളെ അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല