സ്വന്തം ലേഖകൻ: കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായി വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ മാറുന്നു. ഉരുള്‍പ്പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലിലെ മരണ സംഖ്യ 205 ആയി. മൂന്ന് മണിവരെയുള്ള കണക്കുകള്‍ പ്രകാരമാണ് മരണ സംഖ്യ ഇരുന്നൂറിനോട് അടുത്തിരിക്കുന്നത്. സര്‍ക്കാര്‍ കണക്കുകള്‍ ഇനി 225 പേരെ കണ്ടെത്താനുണ്ട്.
മുണ്ടക്കൈ മേഖലയില്‍ തിരിച്ചിലിന് മണ്ണുമാന്തിയന്ത്രങ്ങള്‍ ഉള്‍പ്പെടെ എത്തിച്ച് തിരിച്ചില്‍ ആരംഭിച്ചതോടെയാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 148 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഓരോ മണിക്കൂറിലും മരിച്ചവരുടെ എണ്ണം കൂടുകയാണ്. മരിച്ചവരില്‍ 84 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്
മുണ്ടക്കൈയിൽ 150 വീടുകളിൽ ആളുകൾ താമസം ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. വീടുകളിൽ കുടുങ്ങി പോയവരെ മാറ്റനും കണ്ടെത്താനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. സമീപത്തുള്ള എസ്റ്റേറ്റുകളിൽ ഇപ്പോഴും ആളുകൾ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നുണ്ട്. ഇന്ന് രാവിലെ സൈന്യം ഈ മേഖലയിൽ ഹെലികോപ്റ്ററിൽ അവശ്യ വസ്തുക്കൾ വിതരണം ചെയ്തു.
പോത്തുകല്ലിൽനിന്ന് മാത്രം ഇതുവരെ കണ്ടെത്തിയത് 67 മൃതദേഹങ്ങളാണ്. 143 മൃതദേഹങ്ങൾ ഇതുവരെ പോസ്റ്റുമോര്ർട്ടം ചെയ്തു. നടപടികൾ വേഗത്തിലാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. 89 പേരെയാണ് ഇതുവരെ തിരിച്ചറിയുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് ചൂരൽമലയിൽ മാത്രം 20 പേരെ കാണാനുണ്ടെന്നാണ് സ്ഥലവാസികളിൽ ചിലർ പറയുന്നത്.
മൂവായിരത്തിലധികം പേർ ക്യാമ്പുകളിലുമുണ്ട്. 98 പേരെ കാണാതായിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ കണക്കുകള്‍. ഇത് കുറയാനുള്ള സാധ്യതകളുണ്ടെന്നാണ് റവന്യു മന്ത്രി കെ രാജൻ വ്യക്തമാക്കുന്നത്. 486 പേരെയാണ് ദുരന്തമുഖത്തുനിന്ന് രക്ഷപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ 200ലധികം പേരെ കാണാതായിട്ടുണ്ടെന്നാണ് ക്യാമ്പുകളിലുള്ളവർ പറയുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളില്ല. ജില്ലാ ഭരണകൂടത്തെ ഈ വിവരം ക്യാമ്പിലുള്ളവർ പറയുന്നത്. അട്ടമലയിൽ നിന്ന് 30 ഓളം ഇതര സംസ്ഥാനക്കാരെ രക്ഷപ്പെടുത്തി. 150 പേരാണ് ഇവിടെ കുടുങ്ങിക്കിടന്നത്.
മുണ്ടക്കൈയിലുള്ള അൻപതോളം വീടുകള്‍ പൂർണമായും ഇല്ലാതായതാണ് ലഭിക്കുന്ന വിവരം. രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലുവിളിയാവുകയാണ് കാലാവസ്ഥ. ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവർത്തനത്തിന് ചൂരൽമലയിലെത്തി. ലെഫ്റ്റനൻ്റ് കമാൻഡൻ്റ് ആഷിർവാദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികർ , അഞ്ച് ഓഫീസർമാർ, 6 ഫയർ ഗാർഡ്സ് ഒരു ഡോക്ടർ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
നാല് സംഘങ്ങളില്‍ 150 പേരടങ്ങിയ ടീമാണ് മുണ്ടക്കൈയിലേക്ക് തിരിച്ചിരിക്കുന്നത്. സൈന്യം, എൻഡിആർഎഫ്, ആരോഗ്യപ്രവർത്തകർ, അഗ്നിശമനസേന എന്നിവരടങ്ങിയതാണ് സംഘം. സന്നദ്ധ പ്രവർത്തകരും സംഘത്തോടൊപ്പമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സൈന്യം വൈകാതെ തന്നെ പാലം നിർമിക്കുമെന്നും ഇതോടെ രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നാണ് സർക്കാർ വൃത്തങ്ങള്‍ അറിയിക്കുന്നത്.
അതേസമയം, പോസ്റ്റ്മോർട്ടം നടപടികള്‍ വേഗത്തിലാക്കും. മാനന്തവാടി മെഡിക്കല്‍ കോളേജ്, ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികളിലാണ് പോസ്റ്റ്മോർട്ടം നടക്കുന്നത്. നടപടികള്‍ അതിവേഗം പൂർത്തിയാക്കി മൃതദേഹം വിട്ടുനല്‍കും.
ദുരന്തമുണ്ടായ പ്രദേശവാസികള്‍ക്ക് പുറമെ, തോട്ടംതൊഴിലാളികള്‍, വിനോദ സഞ്ചാരികള്‍, മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർ, ആശുപ്രതിയിലെ ജീവനക്കാർ എന്നിവരേയും കാണാതായിട്ടുണ്ടെന്ന വിവരവുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വയനാട്ടിലെത്തും. മുൻ വയനാട് എംപി കൂടിയായ രാഹുല്‍ ഗാന്ധിയുടെ സന്ദർശനം മാറ്റിവെച്ചതായും റിപ്പോർട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല