സ്വന്തം ലേഖകൻ: വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 283 ആയി. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. 154 മൃതദേങ്ങൾ ജില്ലാ ഭരണകൂടത്തിന് കൈമാറിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 256 പേരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. ശരീരഭാഗങ്ങളുടെ ജനിതക സാമ്പിളുകൾ ശേഖരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ഉരുൾപൊട്ടലിൽ 173 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 79 പേർ പുരുഷൻമാരും 70 പേർ സ്ത്രീകളുമാണ്. 23 കുട്ടികളുണ്ട്. ഒരു മൃതദേഹത്തിന്റെ ആൺ പെൺ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. 94 പേരെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. ശരീര ഭാഗങ്ങൾ ഉൾപ്പെടെ 219 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു.
91 ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. 221 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 91 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു. 130 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി. വയനാട്ടിൽ 86 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്.
അതേസമയം, ദുരന്തബാധിത പ്രദേശങ്ങളിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വീടുകൾക്കുള്ളിൽ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്നും മൃതദേഹങ്ങളുണ്ടോയെന്നും പരിശോധിക്കും. ചാലിയാറിലും തിരച്ചിൽ നടക്കുന്നുണ്ട്.
ഇന്നു കൂടുതൽ യന്ത്രങ്ങൾ എത്തിച്ചായിരിക്കും രക്ഷാപ്രവർത്തനം. 15 മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. കൂടുതൽ കട്ടിങ് മെഷീനുകളും ആംബുലൻസുകളും ദുരന്തമുഖത്തേക്ക് എത്തിക്കും. മണ്ണിനടിയിലുള്ളവരെ കണ്ടെത്താൻ ഐബോഡ് ഉപയോഗിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല