സ്വന്തം ലേഖകൻ: വേനലവധികഴിഞ്ഞ് നാട്ടില്‍നിന്ന് തിരിച്ചുവരാനൊരുങ്ങുന്ന പ്രവാസികളെ വലച്ച് വിമാനടിക്കറ്റ് നിരക്കുവര്‍ധന. ഓഗസ്റ്റ് 27 കഴിഞ്ഞാല്‍ യു.എ.ഇ.യില്‍ സ്കൂളുകള്‍ തുറക്കും. അതിനുമുന്നോടിയായി മടങ്ങിയെത്തേണ്ടവര്‍ വന്‍തുക നല്‍കേണ്ടിവരും.
ഓഗസ്റ്റ് 10-ന് കൊച്ചിയില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ നേരിട്ട് ദുബായിലെത്താന്‍ 1282 ദിര്‍ഹമാണ് (ഏകദേശം 29,208 രൂപ) നിരക്ക്. സ്പൈസ് ജെറ്റില്‍ 1486 ദിര്‍ഹവും (33,855 രൂപ) ഇന്‍ഡിഗോയില്‍ 1992 ദിര്‍ഹവും (45,384 രൂപ) എയര്‍ ഇന്ത്യയില്‍ 2326 ദിര്‍ഹവും (52,993 രൂപ) നല്‍കണം. എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ 3055 ദിര്‍ഹം (69,602 രൂപ) നല്കിയാല് മാത്രമേ കൊച്ചിയില്‍നിന്ന് ദുബായിലെത്താനാവൂ. ഫ്ളൈ ദുബായില്‍ 3654 ദിര്‍ഹമാണ് (83,249 രൂപ) നിരക്ക്.
കേരളത്തിലെ മറ്റുവിമാനത്താവളങ്ങളില്‍നിന്ന് പറക്കണമെങ്കിലും സമാനാവസ്ഥയാണ്. മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ വഴിയെല്ലാം ദുബായിലേക്കെത്താന്‍ 600 ദിര്‍ഹം (13,669 രൂപ) മുതല്‍ ടിക്കറ്റ് ലഭ്യമാണ്. എന്നാല്‍ യാത്രയ്ക്ക് കുറഞ്ഞത് രണ്ടുദിവസമെങ്കിലും വേണ്ടിവരും.
ഓഗസ്റ്റ് 19-ന് കോഴിക്കോട്ടുനിന്ന് യു.എ.ഇ.യിലേക്ക് നേരിട്ടുള്ള വിമാനടിക്കറ്റ് നിരക്ക് പരിശോധിച്ചാലും വര്‍ധനവില്‍ കാര്യമായ മാറ്റമില്ല. എയര്‍ഇന്ത്യ എക്സ്പ്രസില്‍ റാസല്‍ഖൈമയിലേക്ക് 1148 ദിര്‍ഹമാണ് (26,155 രൂപ) നിരക്ക്. കോഴിക്കോട്-ഷാര്‍ജ എയര്‍ഇന്ത്യ എക്സ്പ്രസ് നിരക്ക് 1286 ദിര്‍ഹമാണ് (29,299 രൂപ). ഇന്‍ഡിഗോയില്‍ കോഴിക്കോട്-ദുബായ് നിരക്ക് 1403 ദിര്‍ഹമാണ് (31,964 രൂപ).
സ്പൈസ്ജെറ്റിലാകട്ടെ ദുബായിലെത്താന്‍ 1659 ദിര്‍ഹം (37,797 രൂപ) നല്‍കേണ്ടിവരും. എയര്‍അറേബ്യയില്‍ കോഴിക്കോട്ടുനിന്ന് ഷാര്‍ജയിലേക്കുപറക്കാന്‍ 1850 ദിര്‍ഹം (42,148 രൂപ) നല്‍കണം. ഫ്ളൈ ദുബായില്‍ കോഴിക്കോട്ടുനിന്ന് ദുബായിലെത്താന്‍ 4935 ദിര്‍ഹം (1,12,434 രൂപ) വരെ നല്‍കണം. എമിറേറ്റ്സിലായാല്‍ തുക 5208 ദിര്‍ഹമാകും (1,18,654 രൂപ).
വേനലവധികഴിയുന്നതിനുപുറമേ ഓണാഘോഷവും അടുത്തെത്തിയതിനാല്‍ വിമാനടിക്കറ്റ് നിരക്ക് ഇനിയും വര്‍ധിക്കാനാണ് സാധ്യത. നാലുപേരുള്ള ഒരുകുടുംബത്തിന് നാട്ടില്‍നിന്ന് ഗള്‍ഫിലെത്തണമെങ്കില്‍ കുറഞ്ഞത് ഒരുലക്ഷം രൂപയ്ക്കുമുകളില്‍ ചെലവാക്കേണ്ടിവരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല