സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ എന്‍ എച്ച് എസ് ജീവനക്കാര്‍ക്ക് നല്കാന് തീരുമാനിച്ച 5.5 ശതമാനം ശമ്പള വര്‍ധനവ് ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നല്കാന് ചാന്‍സലര്‍ സമ്മതിച്ചു. എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള പേ റിവിഷന്‍ കമ്മിറ്റികളുടെ നിര്‍ദ്ദേശം താന്‍ പൂര്‍ണ്ണമായും സ്വീകരിക്കുകയാണെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു.
പൊതുമേഖലയിലെ ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് സര്‍ക്കാരിന് 9.4 ബില്യണ്‍ പൗണ്ടിന്റെ ബാധ്യത വരുത്തിവയ്ക്കുമെന്നും അവര്‍ പറഞ്ഞു. അതോടൊപ്പം ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 22.3 ശതമാനം ശമ്പള വര്‍ദ്ധനവും ഉണ്ടാകും.
കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പള വര്‍ധനവ് ഉടനടി പ്രാബല്യത്തില്‍ വരും. നഴ്സുമാര്‍ ഉള്‍പ്പടെയുള്ള എന്‍ എച്ച് എസ് ജീവനക്കാര്‍ക്ക് ഈ വര്‍ധനവ് ബാധകമാകും. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കും അവര്‍ ഈ വര്‍ധനവ് സ്വീകരിച്ചാല്‍ ഉടനടി ഇത് പ്രാബല്യത്തില്‍ വരും. എന്‍ എച്ച് എസ് ജീവനക്കാരെ പ്രതിനിധാനം ചെയ്യുന്ന സംഘടനകള്‍ എല്ലാം തന്നെ ഈ വര്‍ദ്ധനവിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ആരോഗ്യ രംഗത്തേക്ക് കൂടുതല്‍ ജോലിക്കാരെ ആകര്‍ഷിക്കാന്‍ ഇത് സഹായകരമാകുമെന്നാണ് അവര്‍ പറയുന്നത്.
പണപ്പെരുപ്പ നിരക്കിനേക്കാള്‍ കൂടിയ നിരക്കിലുള്ള വര്‍ദ്ധനവ് ആവശ്യമായിരുന്നു എന്നും, വര്‍ഷങ്ങളായി എന്‍ എച്ച് എസ് വേതനം വിലവര്‍ദ്ധന നിരക്കിനെക്കാള്‍ കുറവായിരുന്നു എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഏതായാലും എന്‍ എച്ച് എസ് ജീവനക്കാര്‍ അവര്‍ക്ക് ലഭിക്കുന്നതെന്തെന്ന് പരിശോധിക്കുമെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കായി രൂപീകരിച്ച ഡീലുമായി ഇതിനെ താരതമ്യം ചെയ്യുമെന്നും യൂണിയന് വക്താക്കള്‍ പറഞ്ഞു.
ശമ്പള വര്‍ധനവ് ഉണ്ടായെങ്കിലും ബാന്‍ഡ് 7 വരെയുള്ള നഴ്സുമാര്‍ക്ക് അധിക നികുതി ഭാരം വരില്ല എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല