സ്വന്തം ലേഖകൻ: പ്രവാസി തൊഴിലാളികളുടെ താമസ ഇടങ്ങളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്കെതിരേ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ നടന്നുവരുന്ന നടപടികള്‍ രാജ്യത്തെ തൊഴില്‍ വിപണിയില്‍ ഗുരുതരമായ പ്രതിസന്ധികള്‍ സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. ഇത് തൊഴിലാളി ക്ഷാമത്തിനും കെട്ടിട വാടക വലിയ തോതില്‍ വര്‍ധിക്കാനും നിര്‍മാണച്ചെലവുകള്‍ കുത്തനെ ഉയരാനും ഇടവരുത്തിയതായി മേഖലയിലെ പ്രമുഖരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രവാസി പാര്‍പ്പിടങ്ങളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ പരിഹരിക്കുന്നതിനുള്ള സമീപകാല നടപടികള്‍ ആവശ്യമാണെങ്കിലും അത് നടപ്പിലാക്കിയ രീതി അപ്രതീക്ഷിതമായ പ്രതികൂല പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ എന്‍ഫോഴ്സ്മെന്‍റ് നടപടികള്‍ തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കാന്‍ കാരണമായി. മുമ്പ് പ്രതിദിനം 10 ദിനാര്‍ ശമ്പളമുണ്ടായിരുന്ന തൊഴിലാളികള്‍ ഇപ്പോള്‍ 15 ദിനാര്‍ വരെ ആവശ്യപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിര്‍മാണ സൈറ്റുകളോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന ലേബര്‍ ക്യാമ്പുകളില്‍ താമസിച്ചിരുന്ന പ്രവാസികളായ നിര്‍മാണ തൊഴിലാളികള്‍ നിലവില്‍ ദൂരപ്രദേശങ്ങളായ അല്‍ മുത്ല, അല്‍ വഫ്റ തുടങ്ങിയ പുതിയ പാര്‍പ്പിട മേഖലകളിലേക്ക് താമസം മാറ്റേണ്ടിവന്നതും തിരിച്ചടിയായി. ഇത് ഇവിടങ്ങളിലെ കെട്ടിട വാടക വര്‍ധിപ്പിച്ചു എന്ന് മാത്രമല്ല, തൊഴിലാളികള്‍ക്ക് വര്‍ക്ക് സൈറ്റുകളിലേക്ക് എത്താന്‍ പറ്റാത്ത സാഹചര്യവുമുണ്ടാക്കി. പാര്‍പ്പിടത്തിന്‍റെയും ഗതാഗതത്തിന്‍റെയും ചിലവുകളിലുണ്ടായ വര്‍ധനയാണ് പ്രവാസികളുടെ കൂലി കൂടുന്നതിന് കാരണമായതെന്നാണ് വിശദീകരണം.
എമിറേറ്റ്സ് ഐഡി കയ്യിലുണ്ടോ? ഈ ഏഴ് നേട്ടങ്ങളെ കുറിച്ച് അറിയാതെ പോകരുത്
തൊഴിലാളികളുടെ താമസത്തിനായി ബേസ്മെന്‍റുകളും താഴത്തെ നിലകളും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ നീക്കം ചെയ്തതാണ് പ്രവാസി തൊഴിലാളികള്‍ക്ക് തിരിച്ചടിയായത്. ചെറിയ വാടകയ്ക്ക് ജീവിച്ചിരുന്ന ഇവര്‍ക്ക് വലിയ വാടകയുള്ള കെട്ടിടങ്ങളിലേക്ക് മാറേണ്ട സ്ഥിതിയുണ്ടായി. ഇതോടെ വാടക കുറഞ്ഞ താമസ കെട്ടിടങ്ങള്‍ കിട്ടാനില്ലാത്ത സ്ഥിതിയായി. ഇത് തൊഴിലാളികളുടെ പാര്‍പ്പിടങ്ങള്‍ക്കുള്ള വാടക മൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ചെലവ് വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായതായും വിലയിരുത്തപ്പെട്ടു.
തൊഴിലാളികളുടെ ഭവന നിര്‍മ്മാണച്ചെലവ് വര്‍ധിക്കുന്നത് രാജ്യത്തെ മൊത്തത്തിലുള്ള നിര്‍മ്മാണച്ചെലവുകള്‍ക്ക് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു. നിർമാണ മേഖലയിലും ലേബർ മാർക്കറ്റിലുമുണ്ടായ വിലക്കയറ്റം ഉയര്‍ന്ന ഉല്‍പ്പന്ന വിലകളിലൂടെ ഉപഭോക്താക്കളിലേക്ക് എത്താനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വര്‍ദ്ധിച്ച വാടക വിലയുടെ ആഘാതം ലഘൂകരിക്കുന്നതിന് പുതിയ സ്റ്റോറേജ് ഏരിയകളും വെയര്‍ഹൗസുകളും വികസിപ്പിക്കണമെന്ന് ബിസിനസ്സ് ഉടമകളും പ്രോജക്ട് മാനേജര്‍മാരും ആവശ്യപ്പെടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല