1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2024

സ്വന്തം ലേഖകൻ: നാലു വർഷത്തിനുശേഷം ആദ്യമായി രാജ്യത്തെ ബേസിക് പലിശനിരക്ക് കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ഇന്നലെ ചേർന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിർണായകമായ മോണിറ്ററി പോളിസി കമ്മിറ്റി യോഗമാണ് 0.25 ശതമാനം പലിശനിരക്ക് കുറയ്ക്കാൻ തീരുമാനിച്ചത്. ഒട്ടേറെ സമ്മർദങ്ങളെ അതിജീവിച്ചാണ് ആശ്വാസകരമായ ഈ തീരുമാനം ബാങ്ക് കൈക്കൊണ്ടത്. വരും മാസങ്ങളിൽ ഇനിയും പലിശനിരക്ക് കുറഞ്ഞേക്കുമെന്ന ശുഭസൂചന നൽകുന്ന തീരുമാനമാണിത്.

കാൽ ശതമാനത്തിന്റെ കുറവുമൂലം മോർഗേജ് തിരിച്ചടവിലും മറ്റും കാര്യമായ കുറവ് അനുഭവപ്പെടുകയില്ലെങ്കിലും പുതിയ മോർഗേജുകളുടെയും റീ മോർഗേജുകളുടെയും ട്രെൻഡ് നിശ്ചയിക്കാൻ ഈ തീരുമാനം ഉപകരിക്കും. ഒമ്പതംഗ മോണിറ്ററി പോളിസി കമ്മിറ്റിയിൽ ബാങ്ക് ഗവർണർ ആൻഡ്രൂ ബെയ്ലി ഉൾപ്പെടെ അഞ്ചുപേർ പലിശ കുറയ്ക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചപ്പോൾ നാലു പേർ പലിശ അതേപടി നിലനിർത്തണമെന്ന ആഭിപ്രായക്കാരായിരുന്നു.

പലിശ നിരക്കിൽ കുത്തനെയുള്ള കുറവ് വരും മാസങ്ങളിൽ പ്രതിക്ഷിക്കേണ്ടതില്ലെന്നാണ് തീരുമാനം വിശദീകരിച്ചുകൊണ്ട് ബാങ്ക് ഗവർണർ വ്യക്തമാക്കിയത്. എങ്കിലും ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ പലിശ നിരക്ക് നാലു ശതമാനത്തിന് അടുത്തെത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. പണപ്പെരുപ്പ നിരക്ക് രണ്ടുശതമാനത്തിൽ എത്തിയിട്ട് മാസങ്ങളായിട്ടും പലിശനിരക്ക് കുറയ്ക്കാത്ത ബാങ്ക് ഓഫി ഇംഗ്ലണ്ടിന്റെ നിലപാട് ശക്തമായ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. തുടർച്ചയായ എട്ടാം സിറ്റിങ്ങിലും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരാശാജനകമായ നിലപാട് തുടരുമോ എന്ന ആശങ്കയിലായിരുന്നു ജനം.

എന്നാൽ മൂന്നു മാസത്തിലേറെയായി പണപ്പെരുപ്പ നിരക്ക് രണ്ടുശതമാനത്തിൽ നിലനിൽക്കുന്നത് പലിശ കുറയ്ക്കാൻ ബാങ്കിനെ നിർബന്ധിതരാക്കി. കോവിഡിന്റെയും യുക്രെയ്ൻ യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ 11 ശതമാനത്തിനു മുകളിലായിരുന്ന പണപ്പെരുപ്പ നിരക്ക് മൂന്നുവർഷത്തിനിടെ ആദ്യമായാണ് തുടർച്ചയായി മൂന്നുമാസക്കാലം രണ്ടു ശതമാനത്തിൽ തുടരുന്നത്.

2022 ഒക്ടോബറിലാണ് ബ്രിട്ടനിലെ പണപ്പെരുപ്പ നിരക്ക് 40 വർഷത്തെ റെക്കോർഡ് ഭേദിച്ച് 11.1 ശതമാനത്തിൽ എത്തിയത്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വിലയിലുണ്ടായ കുതിച്ചുകയറ്റമാണ് പണപ്പെരുപ്പ നിരക്ക് എല്ലാ സീമകളും ലംഘിച്ച് മുന്നേറാൻ കാരണമായത്. ഇതിനെ നേരിടാൻ ഘട്ടം ഘട്ടമായി പലിശനിരക്ക് ഉയർത്തിയ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 0.25 ശതമാനത്തിലായിരുന്ന ദേശീയ പലിശ നിരക്ക് 5.25 എന്ന നിരക്കിൽ എത്തിച്ചു. ഇതോടെ മോർഗേജിലും മറ്റു വായ്പകളിലും പലിശനൽകി വലയുന്ന സ്ഥിതിയിലായി ബ്രിട്ടനിലെ ജനങ്ങൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.