ലണ്ടന്‍: എട്ട് ദിവസമായി ബ്രിട്ടീഷ് ഓഹരി വിപണി നേരിടുന്ന നഷ്ടത്തിന്റെ ആക്കം കൂട്ടി ഇന്നലെ വിപണിയില്‍ റെക്കോര്‍ഡ് നഷ്ടമുണ്ടായി. അറുപത്തിയേഴ് പോയിന്റ് ഇടിഞ്ഞാണ് ഇന്നലെ എഫ് ടി എസ് ഇ വ്യാപാരം അവസാനിപ്പിച്ചത്. രാജ്യത്തെ വന്‍കിട കമ്പനികള്‍ക്കെല്ലാമായി ഏകദേശം 105 ലക്ഷം കോടി പൗണ്ടിന്റെ നഷ്ടമുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്. യുറോസോണിലെ സാമ്പത്തിക മാന്ദ്യം ആരംഭിച്ച് ഒമ്പത് വര്‍ഷത്തിനിടെ ഓഹരി വിപണിയിലുണ്ടാകുന്ന ഏറ്റവും വലിയ നഷ്ടമാണ് ഇത്.
ഇതോടെ മറ്റു യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സും ജര്‍മ്മനിയും പ്രതിസന്ധിയിലാകുമെന്ന് ഉറപ്പായി. ഈ തകര്‍ച്ചയ്ക്ക് കാരണം യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒരേയൊരു കറന്‍സി എന്ന നയമാണെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ജോസ് മാനുവല്‍ ബാരോസോ അറിയിച്ചു. ശക്തമായ ഒരു സാമ്പത്തിക നിയന്ത്രണമില്ലാതെ പൊതു കറന്‍സിയില്‍ ഊന്നിയുള്ള വ്യാപാരം വളരെ വിഷമം പിടിച്ചതാണെന്ന് അദ്ദേഹം വിശദീകരിച്ചു. യൂറോപ്യന്‍ രാജ്യങ്ങള്‍ മറ്റൊരു സാമ്പത്തിക തകര്‍ച്ചയ്ക്കു കൂടി സാക്ഷ്യം വഹിക്കാന്‍ പോകുകയാണെന്ന ആശങ്ക ബ്രസല്‍സും അറിയിച്ചിട്ടുണ്ട്.
എഫ് ടി എസ് ഇ 67.04 പോയിന്റ് താഴ്ന്ന് 5139.78 പോയിന്റിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. 1.29 ശതമാനം തകര്‍ച്ചയാണ് വ്യാപാരത്തിലുണ്ടായത്. ബ്ലൂചിപ്പ് ഇന്‍ഡക്‌സിനും 405 പോയിന്റ് നഷ്ടമായി. 105 ലക്ഷം കോടി പൗണ്ടിന്റെ നഷ്ടമുണ്ടായത് ബ്ലൂചിപ്പിലാണ്. 2003 ജനുവരിക്ക് ശേഷം ബ്രിട്ടീഷ് ഓഹരി വിപണിയിലുണ്ടാകുന്ന ഏറ്റവും വലിയ നഷ്ടമാണ് ഇത്.
യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ രാഷ്ട്രീയ ആലസ്യവും സാമര്‍ത്ഥ്യമില്ലായ്മയുമാണ് ഈ തകര്‍ച്ചയ്ക്ക് കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പാരിസലെയും ഫ്രാങ്ക്ഫര്‍ട്ടിലെയും ഓഹരി വിപണിയിലും 1.5 ശതമാനത്തിന്റെ നഷ്ടമുണ്ടായിട്ടുണ്ട്. ഡോളറിനെ അപേക്ഷിച്ച് യൂറോയുടെ വിലയില്‍ ഒരു ശതമാനത്തിലേറെ ഇടിവും സംഭവിച്ചു. ആറുമാസത്തിനിടെ യൂറോയ്ക്ക് ഏറ്റവുമധികം വിലകുറഞ്ഞത് ഇന്നലെയാണ്. 1.335 ഡോളറാണ് ഇന്ന് ഒരു യൂറോയുടെ വില. എന്നാല്‍ 0.86 ഡോളര്‍ മാത്രമാണ് പൗണ്ടിന്റെ വില.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല