സ്വന്തം ലേഖകൻ: സൗത്ത് പോര്‍ട്ട് സംഭവത്തിനു പിന്നാലെ, ഏതു സമയത്തും ഒരു കൂട്ടആക്രമണ സാധ്യത മുന്നില്‍ക്കണ്ട് യുകെയിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള കുടിയേറ്റ സമൂഹം. ബുധനാഴ്ച ഇംഗ്ലണ്ടിലും വെള്ളിയാഴ്ച നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും സംഘടിപ്പിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അക്രമാസക്തമായേക്കുമെന്ന ഭീതിയിലാണ് സര്‍ക്കാരും പൊലീസും. അതുകൊണ്ടുതന്നെ അധികൃതർ കടുത്ത ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രക്ഷോഭം തുടങ്ങിയശേഷം യുകെയില്‍ പലയിടങ്ങളിലും വിദ്യാര്‍ഥികളും നഴ്സുമാരും ഉള്‍പ്പടെയുള്ള മലയാളികള്‍ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നാണു വിവരം. മിഡില്‍സ്ബറോയില്‍ അക്രമികളുടെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണമുണ്ടായി. യുകെ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ സുരക്ഷയിൽ ശ്രദ്ധിക്കണമെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സംഭവ വികാസങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യക്കാര്‍ പ്രക്ഷോഭം നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും അടിയന്തര സാഹചര്യത്തില്‍ ലണ്ടനിലെ ഹൈക്കമ്മിഷനുമായി ബന്ധപ്പെടാമെന്നും അറിയിച്ചിട്ടുണ്ട്.
പ്രക്ഷോഭം നടക്കുന്ന സ്ഥലങ്ങളിലെ സന്ദർശനം ഒഴിവാക്കണമെന്നും പ്രക്ഷോഭത്തോടുള്ള എതിര്‍പ്പു പ്രകടിപ്പിക്കാന്‍ ശ്രമിക്കരുതെന്നും മലയാളി പ്രവാസി കൂട്ടായ്മയായ കൈരളി യുകെ മുന്നറിയിപ്പു നൽകിയിരുന്നു. അത്യാവശ്യമല്ലാത്ത യാത്രകളും സിറ്റി സെന്ററുകളിലെ തിരക്കേറിയ സ്ഥലങ്ങളിലെ സന്ദർശനവും ഒഴിവാക്കണം.
തനിച്ചു യാത്ര ചെയ്യരുത്. പൊതു സ്ഥലങ്ങളില്‍ ബഹളമുണ്ടാക്കി മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കരുത്. അടുപ്പമുള്ളവരുമായി ബന്ധം സൂക്ഷിക്കുകയും ആക്രമണ സൂചന കിട്ടിയാല്‍ പൊലീസിനെ അറിയിക്കുകയും വേണം. അക്രമികള്‍ക്ക് ഇടയില്‍ പെട്ടാല്‍ പെട്ടെന്നു സുരക്ഷിത സ്ഥാനത്തേക്കു മാറണം. പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ പ്രതികരിക്കരുത്. ആക്രമണങ്ങളുടെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ബെല്‍ഫാസ്റ്റ് സിറ്റി ഹാളിലാണ് കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകര്‍ സംഗമിക്കുന്നത്. വീക്കെന്‍ഡ് ആഘോഷങ്ങള്‍ തുടങ്ങുന്ന വെള്ളിയാഴ്ച സന്ധ്യയോടെ നടക്കുന്ന പ്രക്ഷോഭം നിയന്ത്രണാതീതമാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൂടുതല്‍ സുരക്ഷയൊരുക്കാന്‍ പൊലീസ് ഒരുങ്ങുന്നുണ്ട്.
യുകെയിലെ വിവിധ സ്ഥലങ്ങളിലായി നടക്കുന്ന കുടിയേറ്റ വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തില്‍ എസ്എഫ്ഐ യുകെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്കായി അടിയന്തര ഹെല്പ് ലൈന്‍ തുടങ്ങി. പ്രക്ഷോഭത്തിന്റെ പശ്ചാലത്തില്‍ വിദ്യാര്‍ഥികള്‍ ജാഗ്രത പാലിക്കുവാന്‍ സ്റ്റുഡന്റസ് ഫെഡറേഷന് ഓഫ് ഇന്ത്യ യുകെ നിര്‍ദ്ദേശം വച്ചു.
യുകെയില്‍ 6 ദിവസം മുന്‍പു തുടങ്ങിയ പ്രക്ഷോഭത്തില്‍ നൂറിലേറെ പേരെ അറസ്റ്റ് ചെയ്തു. സൗത്ത് പോര്‍ട്ടില്‍ 3 പെണ്‍കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ യുവാവിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വിവരം പ്രചരിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തു കുടിയേറ്റവിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ജനക്കൂട്ടം ഞായറാഴ്ച അഭയാര്‍ഥികളെ പാര്‍പ്പിച്ചിരുന്ന 2 ഹോട്ടലുകള്‍ ആക്രമിച്ചിരുന്നു.
പ്രവര്‍ത്തിക്കുന്ന ഹെല്പ് ലൈന്‍ നമ്പറുകള്‍:
ബെല്‍ഫാസ്റ്റ്: +447442671580
ബര്‍മിങ്ഹാം: +447735424990
കാര്‍ഡിഫ്: +447799913080
ചെംസ്ഫോര്‍ഡ്: +447884874463
കവന്ററി: +447407614938
ഡണ്ടീ: +447423039348
എഡിന്‍ബര്‍ഗ്: +447466154281
ഹെര്‍ട്ഫോര്‍ഡ്ഷയര്‍: +447436653833
ലീഡ്സ്: +447769448275
ലെസ്റ്റര്‍: +447920637841
ലിവര്‍പൂള്‍: +447818582739
ലണ്ടന്‍-ഏരിയ: +447776612246
നോര്‍താംപ്ടണ്‍: +447442846576
ഓക്സ്ഫോര്‍ഡ്: +447920618708
പോര്‍ട്ട്സ്മൗത്ത്: +447824064813
ഷെഫീല്‍ഡ്: +447920637841
സോമെര്‍സെറ്റ്: +447450230138
സൗത്താംപ്ടണ്‍: +447717140064
ജനറല്‍: +44 74353 82799, +44 77694 48275
യുകെയിലേക്ക് യാത്ര ചെയ്യുന്ന തങ്ങളുടെ പൗരന്മാര്ക്ക് മുന്നറിയിപ്പുമായി വിവിധ രാജ്യങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. ഓസ്ട്രേലിയ, ഇന്തോനേഷ്യ, നൈജീരിയ, മലേഷ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് കൂടുതല്‍ കരുതലെടുക്കണം എന്ന നിര്‍ദ്ദേശം തങ്ങളുടെ പൗരന്മാര്ക്ക് നല്‍കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല