സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച കേരളത്തിലെത്തും. ഉരുൾപൊട്ടൽ നടന്ന വയനാട് ദുരന്ത മേഖല സന്ദർശിക്കും. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് എത്തും. ദുരന്ത മേഖലയും ക്യാമ്പും പ്രധാനമന്ത്രി സന്ദർശിക്കും. ദില്ലിയിൽ നിന്നും പ്രത്യേക വിമാനത്തിലായിരിക്കും മോദി കണ്ണൂർ വിമാനത്താവളത്തിലെത്തുക. അതിന് ശേഷം ദുരിതബാധിതർ താമസിക്കുന്ന ക്യാംപുകളും അദ്ദേഹം സന്ദർശിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
വയനാട്ടിലെ പുനരധിവാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ 224 പേരുടെ മരണം സ്ഥിരീകരിച്ചതായാണ് അവസാനം ലഭിച്ച ഔദ്യോഗിക കണക്ക്. എന്നാൽ, അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത് 414 പേർക്ക് ജീവൻ നഷ്ടമായെന്നാണ്. 154 പേരെ കാണാതായെന്നാണ് കണക്ക്. 88 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
അതിനിടെ വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടുനിന്ന സൈന്യം മടങ്ങുന്നു. പത്തു ദിവസം നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ചാണ് സൈന്യം മടങ്ങുന്നത്. ഹെലികോപ്റ്റർ തിരച്ചിലിനും ബെയ്ലി പാലം മെയ്ന്റനൻസ് ടീമും അടുത്ത നിർദേശം വരുന്നതുവരെ തുടരും. ബാക്കിയുള്ളവരാണ് മടങ്ങുകയെന്നും രക്ഷാപ്രവർത്തനം പൂർണമായും എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ് എന്നീ സേനകൾക്ക് കൈമാറുമെന്നും സൈന്യം അറിയിച്ചു.
മടങ്ങുന്ന സൈന്യത്തിന് സർക്കാരും ജില്ലാ ഭരണകൂടവും ചേർന്ന് യാത്രയയപ്പ് നൽകി. സൈനിക മേധാവികളെ സർക്കാർ ആദരിച്ചു. ദുരന്ത ഭൂമിയിൽ ജനങ്ങൾ നൽകിയ സേവനങ്ങൾക്ക് സൈന്യം നന്ദി പറഞ്ഞു. സൈന്യത്തിന്റെ സേവനത്തിന് മന്ത്രി മുഹമ്മദ് റിയാസ് തിരികെ നന്ദി അറിയിച്ചു. ഒത്തോരുമിച്ച് ഒരു ശരീരം പോലെ പ്രവർത്തിച്ചുവെന്നും ചെയ്യാവുന്നതെല്ലാം സൈന്യം ചെയ്തെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല