സ്വന്തം ലേഖകൻ: ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇനി യാത്രക്കാർക്ക് അവരുടെ വാഹനം സ്വയം പാർക്ക് ചെയ്തു പോയി വരാം. ഈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഈ സംവിധാനം ഒരുക്കിയത്. ടെർമിനൽ 1 കാർ പാർക്ക്–ബിയിലും 2,3 ടെർമിനലുകളിലും സൗകര്യം ലഭ്യമാണ്. മൂന്ന് ദിവസത്തേയ്ക്ക് 100 ദിർഹം മാത്രമാണ് പാർക്കിങ് ഫീസ്. 7 ദിവസത്തേയ്ക്ക് 200 ദിർഹം, 14 ദിവത്തേയ്ക്ക് 300 ദിർഹം എന്നിങ്ങനെ നിരക്ക് നൽകിയാൽ മതി.
പാർക്കിങ് സ്ഥലം നേരത്തെ ഓൺലൈനിൽ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചുരുങ്ങിയ ദിവസത്തേയ്ക്ക് യാത്ര ചെയ്യുന്നവർക്ക്, പ്രത്യേകിച്ച് ബിസിനസുകാർക്കും മറ്റുമാണ് ഇത് ഏറെ ഗുണകരമാകുക. നിലവിൽ ഇത്തരത്തിൽ യാത്രക്കാരന് പാർക്ക് ചെയ്ത് പോകാനുള്ള സംവിധാനമില്ല. ഡ്രൈവറോ ബന്ധുക്കളോ എയർപോർട്ടിലെത്തിക്കാറാണ് പതിവ്.
പാർക്കിങ്ങിന് വൻ നിരക്കാണ് ദുബായ് എയർപോർട്ടിൽ നൽകേണ്ടത്. ടെർമിനൽ 1-ൽ പാർക്കിങ് മണിക്കൂറിന് 15 ദിർഹം മുതൽ 125 ദിർഹം വരെയും ടെർമിനൽ 2-ൽ 15 മുതൽ 70 ദിർഹം വരെയും ടെർമിനൽ 3 ൽ 5 മുതൽ 125 ദിർഹം വരെയുമാണ് നിരക്ക്. പാർക്കിങ്ങിന് ഓരോ അധിക ദിവസത്തിനും ചെലവ് 100 ദിർഹം. അതേസമയം, ഫ്ലൈ ദുബായ് അവരുടെ യാത്രക്കാരെ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ 2 ൽ പാർക്കിങ് സ്ഥലം മുൻകൂട്ടി ബുക്ക് ചെയ്യാൻ അവസരമുണ്ട്.
വിമാനത്താവളത്തിൽ എത്തിച്ചേരുമ്പോൾ പാർക്കിങ് സ്ഥലം കണ്ടെത്താനുള്ള ബുദ്ധിമുട്ട് ഇതുവഴി ഒഴിവാകും. ഫ്ലൈ ദുബായ് വഴി 50 ദിർഹം വരെ ദിവസേന ദൈർഘ്യമേറിയതും ഹ്രസ്വവുമായ സമയത്തേയ്ക്ക് ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 2-ൽ പാർക്കിങ് സ്ഥലം മുൻകൂട്ടി ബുക്ക് ചെയ്യാം.
തിരഞ്ഞെടുത്ത കാർ പാർക്കിൽ പ്രവേശിക്കാൻ, ബുക്കിങ് സ്ഥിരീകരണത്തിൽ നൽകിയിരിക്കുന്ന ക്യുആർ കോഡ് സ്‌കാൻ ചെയ്‌താൽ മതിയാകുമെന്ന് (അറൈവൽ എ1 അല്ലെങ്കിൽ ഡിപാർച്ചർ എ2)ന്ന് ഫ്ലൈ ദുബായുടെ വെബ്‌സൈറ്റിൽ പറഞ്ഞു. ഇതുകൂടാതെ, ഒട്ടേറെ പുതിയ സൗകര്യങ്ങൾ കഴിഞ്ഞ ദിവസം ദുബായ് എയർപോർട് പ്രഖ്യാപിച്ചിരുന്നു. പാർക്കിങ് സ്ഥലങ്ങൾ വ്യത്യസ്ത നിറങ്ങൾ നൽകി വേർതിരിക്കുകയാണ് ഇതിൽ പ്രധാനപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല