സ്വന്തം ലേഖകൻ: രാജ്യത്തു കുടിയേറ്റ വിരുദ്ധ പ്രതിഷേധം വ്യാപകമായതോടെ നഴ്സുമാര്‍ അടക്കമുള്ള വിദേശ ജോലിക്കാര്‍ക്കുള്ള സുരക്ഷാ സംവിധാനം കര്‍ക്കശമാക്കി ആശുപത്രികള്‍. ജോലിക്ക് വന്നു പോകുന്നതിനായി ടാക്സികള്‍ ഏര്‍പ്പാടാക്കിയും, ആശുപത്രികള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചും, ജി പി സര്‍ജറികള്‍ നേരത്തെ അടച്ചു പൂട്ടിയും ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന ന്യൂനപക്ഷ കുടിയേറ്റ വിഭാഗത്തില്‍ പെട്ടവര്‍ക്ക് സുരക്ഷയൊരുക്കുകയാണ് പ്രമുഖ സ്ഥാപനങ്ങള്‍ . കൂടുതല്‍ ഇടങ്ങളിലെക്ക് കലാപം വ്യാപിച്ചേക്കും എന്ന ആശങ്ക നിലനില്‍ക്കവേയാണ് തങ്ങളുടെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ എന്‍എച്ച്എസ് മൂന്നോട്ട് വന്നിരിക്കുന്നത്.
കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നവരെയും, അവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെയും പ്രതിഷേധത്തിനിടയിലെ അക്രമങ്ങളില്‍ പരിക്കേറ്റാല്‍ ചികിത്സക്കായി വ്യത്യസ്ത ആശുപത്രികളിലായിരിക്കും പ്രവേശിപ്പിക്കുക. ആശുപത്രികള്‍ക്കുള്ളില്‍ സംഘര്‍ഷ സാധ്യത ഒഴിവാക്കുന്നതിനാണിത്. കൂടുതല്‍ ഇടങ്ങളില്‍ കൂടി പ്രതിഷേധം ഉണ്ടാകും എന്ന വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്നാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചത്.
സുരക്ഷ മുന്‍ നിർത്തി വടക്കന്‍ ലണ്ടനിലെ ജി പി പ്രാക്ടീസുകളും മറ്റ് അനുബന്ധ ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരോട് വൈകിട്ട് 5 മണിക്കോ 6 മണിക്കോ തന്നെ ജോലി നിര്‍ത്തി വീടുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലഹളയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ പോകേണ്ട ജീവനക്കാര്‍ക്ക് ടാക്സി കൂലിയും സ്ഥാപനങ്ങള്‍ നല്‍കും എന്നറിയിച്ചിട്ടുണ്ട്. ആശുപത്രികളില്‍ സുരക്ഷാ സംവിധാനം വര്‍ദ്ധിപ്പിച്ചതായും ചില ആശുപത്രി അധികൃതര്‍ അറിയിച്ചു.
ചില ആശുപത്രികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക്, അനുവദിച്ച ഷിഫ്റ്റ് മാറാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പകരം സൗകര്യപ്രദമായ മറ്റൊരു ഷിഫ്റ്റ് തിരഞ്ഞെടുക്കാം. രോഗികളില്‍ നിന്നും വംശീയവെറി പൂണ്ട വാക്കുകളോ പ്രവര്‍ത്തനമോ ഉണ്ടായാല്‍ അവര്‍ക്ക് ചികിത്സ നിഷേധിക്കാവുന്നതാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീതിംഗ് പറഞ്ഞു. ആശുപത്രിയില്‍ ജോലിക്ക് വരുന്ന വഴിയില്‍ സന്ദര്‍ലാന്‍ഡില്‍ ചില നഴ്സുമാര്‍ ലഹളക്കാരാല്‍ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ഹെല്‍ത്ത് സെക്രട്ടറിയുടെ പ്രസ്താവന.
എന്‍ എച്ച് എസ്സിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെടുന്ന ജീവനക്കാര്‍ കഴിഞ്ഞ ദിവസം തങ്ങളുടെ ആശങ്ക പങ്കുവച്ചിരുന്നു. നിലവിലെ നിര്‍ദ്ദേശമനുസരിച്ച്, രോഗി, അവഹേളിക്കുകയോ ആക്രമണത്തിന് മുതിരുകയോ ചെയ്താല്‍, അടിയന്തിര ശുസ്രൂഷ ആവശ്യമില്ലാത്ത കേസ് ആണെങ്കില്‍, ആ രോഗിക്ക് ചികിത്സ നിഷേധിക്കാന്‍ ജീവനക്കാര്‍ക്ക് അധികാരമുണ്ടായിരിക്കും. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സമൂഹം കടുത്ത ആശങ്കയിലൂടെയാണ് കടന്നു പോകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല