സ്വന്തം ലേഖകൻ: പാരിസ് ഒളിംപിക്സിന് ഇന്ന് തിരശീല വീഴും. ഒളിമ്പിക്സിലെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും അവസാനിച്ചപ്പോൾ ഒരു വെള്ളിയും അഞ്ച് വെങ്കല മെഡലുകളും ഉൾപ്പടെ ആറ് മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. മത്സരിച്ച ഒരു ഇനത്തിലും സ്വർണ്ണം നേടാൻ ഇന്ത്യക്ക് സാധിച്ചില്ല. പാരീസ് ഒളിമ്പിക്സിൽ എഴുപത്തിയൊന്നാമതാണ് ഇന്ത്യയുടെ റാങ്ക്. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ നാൽപത്തിയെട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. ടോക്കിയോയിൽ നിന്ന് നാലുവർഷങ്ങൾക്കപ്പുറം പാരീസിൽ എത്തിയപ്പോൾ മത്സരിച്ച പലവിഭാഗങ്ങളിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യക്ക് സാധിച്ചില്ല.
ഇത്തവണ പത്ത് മെഡലുകളാണ് രാജ്യം പ്രതീക്ഷിച്ചിരുന്നത്. ഒളിമ്പിക്സ് ഷൂട്ടിങ്, ഹോക്കി, ഗുസ്തി, ജാവലിൻ ത്രോ എന്നീ നാല് ഇനങ്ങളിൽ മാത്രമാണ് ഇന്ത്യയ്ക്ക് മെഡൽ നേടാനായത്. ഗുസ്തി താരം വിനേഷ് ഫോഗട്ടിന് വെള്ളി മെഡൽ ലഭിക്കുന്നതിന് തീരുമാനമായാൽ മെഡൽ നേട്ടം ഏഴിലേക്ക് എത്തും.ഒരു സ്വർണ മെഡൽ ഇല്ലെന്ന നിരാശയുമായാണ് പാരിസിൽനിന്ന് ഇന്ത്യ മടങ്ങുന്നത്. ടോക്കിയോയിൽ സ്വർണം ജയിച്ച ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇത്തവണ വെള്ളി മെഡലാണ് സ്വന്തമാക്കിയത്. ഇന്ത്യൻ ഹോക്കി ടീം കഴിഞ്ഞ ഒളിമ്പിക്സിലെ വെള്ളിമെഡൽ നിലനിർത്തി. കൂടാതെ മനു ഭാകർ,സരബ്ജ്യോത് സിങ്, സ്വപ്നിൽ കുസാലെ, അമൻ സെഹ്റാവത്ത് എന്നിവരാണ് മെഡൽ നേടിയത്.
സമാപനത്തിന് ഗംഭീര പരിപാടികളാണ് പാരീസ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ സമയം തിങ്കളാഴ്ച 12.30 നാണ് സമാപന ചടങ്ങുകൾക്ക് തുടക്കമാകുക. പാരിസിലെ സ്റ്റാഡെ ഡെ ഫ്രാൻസിലാണ് ചടങ്ങുകൾ നടക്കുക. രാജ്യങ്ങളുടെ പരേഡിന് ശേഷം ഒളിമ്പിക്സ് പതാക 2028 ഒളിംപിക്സിന്റെ ആതിഥേയരായ ലോസ് ആഞ്ചലസിന് കൈമാറും. ഇതിഹാസ ഗോൾ കീപ്പറും മലയാളിയുമായ പിആർ ശ്രീജേഷും ഷൂട്ടിങിൽ രണ്ട് വെങ്കല മെഡലുകൾ നേടിയ ചരിത്രമെഴുതിയ വനിതാ താരം മനു ഭാകറുമാകും ഇന്ത്യൻ പതാകയേന്തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല