സ്വന്തം ലേഖകൻ: ഹാക്ക്നിയിലെ റെസ്റ്റോറന്റിനു മുന്നില്‍ വച്ച് മലയാളി പെണ്‍കുട്ടിയ്ക്ക് നേരെ വെടിയുതിര്‍ത്ത അക്രമി അറസ്റ്റില്‍. ഫണ്‍ബറോയിലെ ജാവോണ്‍ റെയ്ലി എന്ന 32കാരനായ യുവാവാണ് അറസ്റ്റിലായത്. പ്രതിയെ ശനിയാഴ്ച വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മലയാളി പെണ്‍കുട്ടിയ്‌ക്കെതിരെ നാലു തവണയാണ് ഇയാള്‍ വെടിയുതിര്‍ത്തത്. അതുകൊണ്ടുതന്നെ കൊലപാതക ശ്രമങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മെയ് 29ന് ഏകദേശം രാത്രി ഒന്‍പതരയോടെയാണ് ഡാള്‍സ്റ്റണിലെ കിംഗ്സ്ലാന്‍ഡ് ഹൈ സ്ട്രീറ്റിന് സമീപം നടന്ന വെടിവെപ്പ് നടന്നത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് കൂടി പരിക്കേറ്റിരുന്നു. അതില്‍ ഒന്‍പതു വയസുകാരിയായ മലയാളി പെണ്‍കുട്ടിയുടെ നിലയാണ് ഗുരുതരമായി തുടര്‍ന്നത്. പെണ്‍കുട്ടി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇപ്പോള്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് മെട്രോപൊളിറ്റന്‍ പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.
പെണ്‍കുട്ടി കുടുംബത്തോടൊപ്പം റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് പുറത്ത് നിന്ന് പ്രതി വെടിയുതിര്‍ത്തത്. റസ്റ്റോറന്റിന് പുറത്ത് ഇരുന്ന 26, 37, 42 വയസ്സ് പ്രായമുള്ള മൂന്ന് പേര്‍ക്കാണ് വെടിയേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ പരിക്ക് ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. പരിക്കേറ്റ പെണ്‍കുട്ടിയ്ക്കും അവളുടെ കുടുംബത്തിനും ഒപ്പം നിന്ന് പ്രതിയെ പിടികൂടുകയായിരുന്നുവെന്ന് ഹാക്ക്നി ആന്‍ഡ് ടവര്‍ ഹാംലെറ്റ്സിലെ പോലീസ് മേധാവി ഡെറ്റ് സിഎച്ച് സൂപ്റ്റ് ജെയിംസ് കോണ്‍വേ പറഞ്ഞു. ഡെച്ച് ഇന്‍സ്‌പെക്ടര്‍ ജോവാന യോര്‍ക്ക് അന്വേഷണത്തിന് നേതൃത്വം നല്‍കി.
സംഭവത്തിന് സാക്ഷികളായിട്ടുള്ളവര്‍ മുന്നോട്ടു വരണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. ഈ കുറ്റകൃത്യം നടന്ന സമയത്ത് കിംഗ്സ്ലാന്‍ഡ് ഹൈ സ്ട്രീറ്റില്‍ മോട്ടോര്‍ സൈക്കിളില്‍ കണ്ട പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയാമെങ്കില്‍ അതു പൊലീസുമായി പങ്കുവെക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതേസമയം, കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതിനും കുറ്റവാളിയെ സഹായിച്ചതിനും അറസ്റ്റിലായ 35 കാരിയായ സ്ത്രീയെ പോലീസ് ജാമ്യത്തില്‍ വിട്ടയച്ചു.
ചെല്‍സി എംബാങ്ക്മെന്റില്‍ വാഹനം നിര്‍ത്തിയ ശേഷം വെള്ളിയാഴ്ചയാണ് റെയ്ലിയെ അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ ആറിന് ഓള്‍ഡ് ബെയ്ലിയില്‍ റെയ്ലിയെ വീണ്ടും എത്തിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല