1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2024

സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ ആശങ്കാജനകമായ രീതിയില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട സമീപകാല പഠനങ്ങളെ ഉദ്ധരിച്ച് കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തെ സ്വദേശികള്‍ക്കിടയിലും അധികാരികള്‍ക്കിടയിലും ഒരുപോലെ ആശങ്ക ഉയര്‍ത്തുന്നതായി പ്രവാസികളുടെ ഭാഗത്തുനിന്നുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മയക്കുമരുന്ന് കടത്ത്, വീസ തട്ടിപ്പ്, വൈദ്യുതി- വാട്ടര്‍ തുടങ്ങിയ യൂട്ടിലിറ്റി മീറ്ററുകളില്‍ കൃത്രിമം കാണിക്കല്‍, സര്‍ക്കാര്‍ വസ്തുക്കളുടെ മോഷണം എന്നിവയുള്‍പ്പെടെ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലാണ് പ്രവാസികള്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നാണ് പഠന റിപ്പോര്‍ട്ട്. ഇതിനു പുറമെ, പ്രവാസികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ക്രിമിനല്‍ സ്വഭാവം പൊതു സുരക്ഷയെ അപകടപ്പെടുത്തുകയും അവ കൈകാര്യം ചെയ്യേണ്ടിവരുന്നതിലൂടെ പൊതു ഖജനാവുകള്‍ക്ക് വലിയ നഷ്ടത്തിന് കാരണമാവുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മയക്കുമരുന്ന് കടത്തും കള്ളക്കടത്തുമാണ് പ്രവാസികള്‍ ഉല്‍പ്പെട്ട ഏറ്റവും പ്രധാനപ്പെട്ട കുറ്റകൃത്യമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. മയക്കുമരുന്ന് വില്‍പന, പ്രചാരണം, കള്ളക്കടത്ത് എന്നിവയില്‍ പ്രവാസികള്‍ കൂടുതലായി ഇടപെടുന്നു. ഇത് പൊതുജനാരോഗ്യത്തെ, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ വലിയ തോതില്‍ ഭീഷണിയായി മാറിയിട്ടുണ്ട്.

എന്‍ട്രി വീസകളില്‍ കൃത്രിമം കാണിക്കല്‍, വ്യാജ കമ്പനികള്‍ സ്ഥാപിച്ച് ആളുകളെ റിക്രൂട്ട് ചെയ്യല്‍, നിയമവിരുദ്ധമായി റെസിഡന്‍സി പെര്‍മിറ്റ് വില്‍പ്പന നടത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ പ്രകടമായ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്, സംഘടിതമായാണ് ഇത്തരം ങ്ങള്‍ ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ഇവയുടെ ചില കണ്ണികള്‍ക്ക് വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വൈദ്യുതി മീറ്ററുകളിലും ബില്ലുകളിലും കൃത്രിമം നടത്തിയും സര്‍ക്കാറിന്റെ നിര്‍മാണ പദ്ധതികള്‍ നടക്കുന്ന പ്രദേശങ്ങളില്‍ നിന്ന് കേബിളുകളും മറ്റു വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ച് മറിച്ചുവില്‍ക്കുകയും ചെയ്യുന്ന സംഭവങ്ങളും നിരവധിയാണ്. ഈ പ്രവൃത്തികള്‍ സാമ്പത്തിക നഷ്ടം മാത്രമല്ല, സുരക്ഷാ അപകടങ്ങളും ഉണ്ടാക്കുന്നു. ഗാര്‍ഹിക തൊഴിലാളികളുടെ ഒളിച്ചോട്ട കേസുകള്‍ വര്‍ധിച്ചുവരുന്നതിന് പിന്നിലും പ്രവാസികളുടെ കരങ്ങളുണ്ട്. കുവൈത്ത് പൗരന്മാരുടെ വീടുകളില്‍ നിന്ന് വീട്ടുജോലിക്കാരെ രക്ഷപ്പെടാന്‍ സഹായിക്കുന്ന ഗുണ്ടാസംഘങ്ങള്‍ പിടിക്കപ്പെട്ട സംഭവങ്ങളും നിരവധിയാണ്.

ഇത്തരം കുറ്റവാളികളെ കണ്ടെത്താനും ചെറുക്കാനുമുള്ള ശ്രമങ്ങള്‍ ആഭ്യന്തര മന്ത്രാലയം ഊര്‍ജിതമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മയക്കുമരുന്ന് കടത്ത്, വീസ തട്ടിപ്പ് എന്നിവയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതിന്റെ ഭാഗമായി ഇത്തരം നിരവധി സംഘങ്ങള്‍ ഈയിടെയായി പിടിക്കപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.