സ്വന്തം ലേഖകൻ: വംശീയ വിവേചനത്തിനെതിരെ ബ്രിട്ടീഷുകാര്‍ ഒരുമിച്ചപ്പോള്‍, തീവ്ര വലതുപക്ഷക്കാര്‍ വാരാന്ത്യത്തില്‍ ആസൂത്രണം ചെയ്ത പ്രതിഷേധങ്ങള്‍ നടക്കാതെ പോയി. പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിച്ചേക്കുമെന്ന പബ്ലിക് പ്രോസിക്യൂഷന് ഡയറക്ടറുടെ മുന്നറിയിപ്പും പല വലതു പക്ഷ തീവ്രവദികളെയും പ്രതിഷേധ പരിപാടികളില്‍ നിന്നും പിന്മാറുന്നതിന് ഇടയാക്കി. ന്യൂകാസില്‍, ലിവര്‍പൂള്‍, ബേസില്‍ഡണ്‍, വേക്ക്ഫീല്‍ഡ്, ഷ്രൂസ്ബറി എന്നി പട്ടണങ്ങളില്‍ അസൂത്രണം ചെയ്ത പ്രതിഷേധ പരിപാടികളാണ് നടക്കാതെ പോയത്. മറ്റു ചിലയിടങ്ങളില്‍ വിരലിലെല്ലാണാവുന്നവര് പങ്കെടുത്ത ചില ചെറു റാലികള്‍ നടന്നു. അതോടനുബന്ധിച്ച് ചില അറസ്റ്റുകളും നടന്നു.
യോവിലില്‍ ചെറിയ തോതില്‍ കുടിയേറ്റ വിരുദ്ധരൊത്തുകൂടിയെങ്കിലും പോലീസ് അവരെ പിരിച്ചു വിട്ടു. നാലുപേരെ അവിടെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പൊതുജനശല്യവും അനധികൃതമായി മൂര്‍ച്ഛയുള്ള ആയുധം കൈവശം വച്ചതുമാണ് അവര്‍ക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റം. ലണ്ടനിലെ റിഫോം യു കെ പാര്‍ട്ടിയുടെ ആസ്ഥാനത്തും വംശീയ വിവേചനത്തിനെതിരായി നടന്ന സമാധാനപരമായ സമരത്തില്‍ 5000 ഓളം പേര് പങ്കെടുത്തു. ബെല്‍ഫാസ്റ്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായി വംശീയ വിവേചനത്തിനെതിരെ 15,000 ഓളം പേര് പങ്കെടുത്ത പ്രകടനം നടന്നു.
നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഡെറിയില്‍ ദേശീയവാദികളുമായി ഉണ്ടായ സംഘര്‍ഷത്തില്‍ 10 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റും. വാര്‍ഷിക അപ്രന്റീസ് ബോയ്സ് ലോയലിസ്റ്റ് പരേഡിനോടനുബന്ധിച്ച് നടന്ന മറ്റൊരു സംഘര്‍ഷത്തില്‍ പെട്രോള്‍ ബോംബുകളും, കത്തിച്ച പടക്കങ്ങളും, കല്ലുകളും പ്രതിഷേധക്കാര്‍ പോലീസിന് നേരെ വലിച്ചെറിഞ്ഞു. അതിനിടയിലാണ് കലാപകാരികളായ നൂറിലധികം പേരെ ഇനിയും നിയമത്തിന്റെ മുന്പില് കൊണ്ടു വരുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ സ്റ്റീഫന്‍ പാര്ക്കിന്സണ് പറഞ്ഞത്. കൂടുതല്‍ ഗുരുതരമായ കുറ്റങ്ങളാലും അവര്‍ക്ക് മേല്‍ ചുമത്തുക എന്നും അദ്ദേഹം പറഞ്ഞു.
ലഹളകളില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് 10 വര്‍ഷം വരെ തടവ് ലഭിച്ചേക്കാമെന്നും പാര്ക്കിന്സണ് മുന്നറിയിപ്പ് നല്കി. ഇതൊരു പ്രതികാര നടപടിയല്ലെന്നും മറിച്ച് നീതി നടപ്പാക്കലാണെന്നും അദ്ദെഹം തുടര്‍ന്ന് പറഞ്ഞു. ലിവര്‍പൂളില്‍ സംഘര്‍ഷത്തിനിടയില്‍ 15,000 പൗണ്ട് വില വരുന്ന വസ്തുക്കല് മോഷ്ടിച്ച ഒരു 16 കാരനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട് ഒരു പൊതു സേവകനെ ആക്രമിച്ചു എന്ന കുറ്റവും ഈ കൗമാരക്കാരന് മേല്‍ ചാര്‍ത്തിയിട്ടുണ്ട് നിരവധി കൗമാരക്കാരും അറസ്റ്റിലായവരില്‍ ഉള്പ്പെറ്റുന്നു. ശനിയാഴ്ച്ച വരെ, കലാപവുമായി ബന്ധപ്പെട്ട് 779 പേരാണ് അറസ്റ്റിലായിരിക്കുന്നത്. അതില്‍ 349 പേരുടെ മേല്‍ കുറ്റം ചാര്ജ്ജ്ചെയ്ത് കോടതി നടപടികളിലെക്ക് കടന്നിട്ടുണ്ട്.
അതിനിടയില്‍, യഥാര്‍ത്ഥ ബ്രിട്ടീഷ് സംസ്കാരം എന്തെന്ന് തീവ്ര വലതുപക്ഷക്കാര്‍ മറന്നു എന്ന പ്രസ്താവനയുമായി വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി രംഗത്തെത്തി. സണ്‍ഡേ ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. അയല്‍ക്കാരെ സ്നേഹിച്ചും അവരെ ബഹുമാനിച്ചും രാഷ്ട്രത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങണമെന്നും അദ്ദേഹം വലതുപക്ഷ തീവ്രവാദികളോട് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല