സ്വന്തം ലേഖകൻ: തൊഴില്‍ വീസയില്‍ രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ബിസിനസ് ഉടമസ്ഥാനവകാശമോ പങ്കാളിത്തമോ പാടില്ലെന്ന വാണിജ്യ മന്ത്രാലയത്തിന്‍റെ തീരുമാനം തിരിച്ചടിയാവുമെന്ന് വിലയിരുത്തല്‍. ഇത് രാജ്യത്തെ നിക്ഷേപങ്ങളെ ദോഷകരമായി ബാധിച്ചേക്കാമെന്നും സാമ്പത്തിക രംഗത്തിന് വലിയ തിരിച്ചടിയായി മാറുമെന്നുമാണ് വിലയിരുത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനം പുനഃപരിശോധിക്കാനിരിക്കുകയാണ് അധികൃതര്‍.
തീരുമാനം നടപ്പില്‍ വരുത്തുന്നതിന്‍റെ പ്രായോഗിക പ്രശ്‌നങ്ങളെ കുറിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം കുവൈത്ത് ബാങ്കിങ് അസോസിയേഷനുമായി ചര്‍ച്ച നടത്തും. വിദേശ പങ്കാളികളുള്ള ബിസിനസുകളുടെ ക്രെഡിറ്റിനെയും വായ്പയെയും പുതിയ നിയന്ത്രണങ്ങള്‍ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തുന്നതിന് വേണ്ടിയാണ് ബാങ്ക് അധികൃതരുടെ യോഗം ചേര്‍ന്നിരിക്കുന്നത്. ബാങ്കുകള്‍ അവരുടെ വായ്പാ സംവിധാനങ്ങളില്‍ തീരുമാനം ഉണ്ടാക്കുന്ന അപകട സാധ്യതകളെയും പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ മന്ത്രാലയത്തിന് നല്‍കുമെന്നാണ് പ്രതീക്ഷ.
തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാരം കാണാനും തൊഴിലാളികളെ അവരുടെ സ്‌പോണ്‍സര്‍മാരുടെ കീഴില്‍ തന്നെ ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് പുതിയ തീരുമാനം ലക്ഷ്യമിടുന്നതെങ്കിലും, ഈ മാറ്റങ്ങള്‍ കോര്‍പ്പറേറ്റ് വിപണിയുടെ താളം തെറ്റിക്കുകയും കുവൈത്തിലെ സാമ്പത്തിക പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് പല സാമ്പത്തിക വിദഗ്ധരും ആശങ്കപ്പെടുന്നു.
വ്യാപര സ്ഥാപനങ്ങളില്‍ പങ്കാളിത്തമോ ഉടമസ്ഥാവകാശമോ ഉള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാവന്ന ഈ തീരുമാനം നിലവിലെ രീതിയില്‍ നടപ്പിലാക്കുകയാണെങ്കില്‍ 10,000ത്തിലേറെ പ്രവാസികളെ അത് ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്‍റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പുതിയ നിയമഭേദഗതി, 45,000ത്തിലേറെ വാണിജ്യ ലൈസന്‍സുകളെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല