1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2024

സ്വന്തം ലേഖകൻ: യുകെയിലെ മലയാളി സമൂഹത്തിനു വേദന സമ്മാനിച്ചു ഒരു മരണവാര്‍ത്ത കൂടി. വാര്‍വിക്കില്‍ താമസിക്കുന്ന കൊല്ലം മയ്യനാട് സ്വദേശി അബിന്‍ രാമദാസ്(43) ആണ് മരണമടഞ്ഞത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നാണു റിപ്പോര്‍ട്ട്. ഭാര്യയും മക്കളും നാട്ടില്‍ അവധിയ്ക്ക് പോയ സമയത്താണ് അബിന്റെ വിയോഗം എന്നതാണ് ഏറെ വിഷമിപ്പിക്കുന്ന കാര്യം. ഭാര്യ ആശയും മക്കളും കഴിഞ്ഞ ആഴ്ചയാണ് സ്‌കൂള്‍ അവധിക്കാലം പ്രമാണിച്ചു നാട്ടിലേക്ക് യാത്രയായത്.

ജോലി സംബന്ധമായ കാര്യങ്ങള്‍ മൂലമാണ് അബിന് ഒപ്പം യാത്ര ചെയ്യാന്‍ കഴിയാതെ പോയത്. എന്നിട്ടും നാട്ടില്‍ എത്തിയ ആശയും മക്കളും എപ്പോഴും അബിനുമായി വിഡിയോ കോള്‍ ചെയ്തതുമാണ്. ഒടുവില്‍ ശനിയാഴ്ച മകളുടെ പിറന്നാള്‍ ആഘോഷത്തിന് നാട്ടില്‍ ബന്ധുക്കള്‍ക്കൊപ്പം കേക്ക് മുറിക്കുന്ന സമയത്തും അബിന്‍ ആശംസകളുമായി വിഡിയോയില്‍ എത്തിയതാണ്. എന്നാല്‍ ഞായറാഴ്ച ആശ പലവട്ടം വിളിച്ചിട്ടും കിട്ടാതായപ്പോള്‍ സുഹൃത്തുക്കളോട് ഒന്ന് നോക്കാമോ എന്ന് ചോദിച്ചിരുന്നു. സുഹൃത്തുക്കള്‍ വീട്ടില്‍ എത്തി മുട്ടി വിളിച്ചിട്ടും വാതില്‍ തുറക്കാതെ വന്നതോടെ പോലീസ് സഹായം തേടുകയായിരുന്നു.

പോലീസും പാരാമെഡിക്സും ഉടന്‍ സ്ഥലത്തെത്തി വാതില്‍ തുറക്കുമ്പോള്‍ കണ്ടത് സോഫയില്‍ അബിനെ മരിച്ച നിലയില്‍ ആയിരുന്നു. ആരോഗ്യ പ്രശ്നങ്ങളൊന്നും അബിനുണ്ടായിരുന്നില്ല. ഞായറാഴ്ച തന്നെ മൃതദേഹം ഫ്യൂണറല്‍ ഡിറക്ടസിനു കൈമാറാന്‍ തീരുമാനിച്ചതിലൂടെ അബിന്റെ ഭൗതിക ശരീരം ഏറ്റവും വേഗത്തില്‍ നാട്ടില്‍ എത്തിക്കാനുള്ള ശ്രമം വാര്‍വിക് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ഏറ്റെടുത്തിരിക്കുകയാണ്.

കൊറോണറില്‍ നിന്നും മരണ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതോടെ വേഗത്തില്‍ മൃതദേഹം നാട്ടില്‍ എത്തിക്കാനാകുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്. ഓട്ടോമൊബൈല്‍ സ്‌റ്റൈലിഷ് എന്‍ജിനിയറായ അബിനും ആശയ്ക്കും ആദവ് (14 ), ആലീസ് (എട്ട്) എന്നീ രണ്ടു മക്കളാണുള്ളത്. വാര്‍വിക് ലെമിങ്ടന്‍ മലയാളി അസോസിയേഷനിലെ സജീവ അംഗമായിരുന്നു അബിന്‍.

മണിക്കൂറുകളുടെ ഇടവേളയിൽ ബ്രിട്ടനിൽ മരിച്ചത് രണ്ട് മലയാളി യുവാക്കൾ. ബ്യൂഡിൽ താമസിക്കുന്ന കോതമംഗലം സ്വദേശി ഹനൂജ് എം കുര്യാക്കോസും അപ്രതീക്ഷിതമായി വിട പറഞ്ഞു. സതേൺ ഇംഗ്ലണ്ടിലെ ബ്യൂഡിൽ താമസിക്കുന്ന ഹനൂജ് എം കുര്യാക്കോസ് തലച്ചോറിലുണ്ടായ രക്തസ്രാവം മൂലമാണ് മരിച്ചത്. കെയർഹോമിലെ ജീവനക്കാരനായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഇളയകുട്ടി നാട്ടിൽ ഹനൂജിന്റെ മതാപിതാക്കൾക്കൊപ്പമാണുള്ളത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.