സ്വന്തം ലേഖകൻ: ലെസ്റ്റര്‍ സ്ക്വയറില്‍ പട്ടാപ്പകല്‍ കത്തിയുമായി ചാടിവീണ അക്രമി യുവതിയെയും 11 വയസുള്ള മകളെയും കുത്തിവീഴ്ത്തി. പട്ടാപ്പകല്‍ ടൂറിസ്റ്റ് ഹോട്ട്സ്പോട്ടില്‍ നടന്ന അക്രമത്തിന് പിന്നാലെ 32-കാരനായ പ്രതിയെ അറസ്റ്റ് ചെയ്തു. കുടുംബത്തിന് പ്രതിയെ അറിയില്ലെന്നാണ് സ്കോട്ട്ലണ്ട് യാര്‍ഡ് ഡിറ്റക്ടീവുമാര്‍ കരുതുന്നത്. അക്രമത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
അമ്മയെയും, മകളെയും കുത്തിയ അക്രമിയെ തടഞ്ഞത് സുരക്ഷാ ഗാര്‍ഡിന്റെ ധൈര്യപൂര്‍വ്വമുള്ള ഇടപെടല്‍ കൊണ്ടാണ്. സംഭവത്തിന് തീവ്രവാദ ബന്ധമുള്ളതായി സൂചിപ്പിക്കുന്ന വിഷയങ്ങളൊന്നും കണ്ടെത്താന്‍ നിലവില്‍ സാധിച്ചിട്ടില്ല. സ്ക്വയറിന് തൊട്ടടുത്തുള്ള ടിഡബ്യുജി ടീ ഷോപ്പില്‍ ജോലി ചെയ്യുന്ന 29-കാരനായ ഗാര്‍ഡ് അബ്ദുള്ളയാണ് അക്രമം തടയാനായി ആദ്യം ഓടിയെത്തിയത്. പിന്നീട് മറ്റ് പൊതുജനങ്ങളും ഇയാളെ തടയാന്‍ സഹായിച്ചു.
ഇവരുടെ ധീരമായ ഇടപെടലിലെ ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് ക്രിസ്റ്റിനാ ജെസ്സാ പ്രശംസിച്ചു. ‘ബഹളം കേട്ടാണ് സംഭവം നടക്കുന്ന സ്ഥലത്തേക്ക് ശ്രദ്ധിച്ചത്. 30-കളില്‍ പ്രായമുള്ള ഒരാള്‍ കുട്ടിയെ കുത്താന്‍ നോക്കുകയായിരുന്നു. ഞാന്‍ ചാടിയിറങ്ങി കത്തിയുള്ള കൈയില്‍ ബലമായി പിടിച്ച് നിലത്ത് വീഴ്ത്തി കത്തി പിടിച്ചുവാങ്ങി. ഇതോടെ മറ്റുള്ളവരും സഹായിക്കാനെത്തി. പോലീസ് വരുന്നത് വരെ ഇയാളെ പിടിച്ചുവെച്ചു’, അഹമ്മദ് പറഞ്ഞു.
11-കാരിയായ മകളെയും, 34-കാരി അമ്മയെയുമാണ് പരുക്കുകളോടെ ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അമ്മയുടെ പരുക്കുകള്‍ സാരമല്ലെന്ന് പോലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല