സ്വന്തം ലേഖകൻ: ബ്രിട്ടന്റെ അലസത നാടിന്റെ വികസനത്തിന് വിഘാതമാകുന്നു എന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷുകാരുടെ ജോലി ചെയ്യാനുള്ള വിമുഖത സര് കീര്‍ സ്റ്റാര്‍മറുടെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുന്നുവെന്ന് ദി ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. തൊഴില്‍ക്ഷമതാ പ്രായത്തിലുള്ള 95 ലക്ഷത്തോളം പേരാണ് യാതൊരു ജോലിയും ചെയ്യാതെ ഇരിക്കുകയോ, ജോലി അന്വേഷിക്കുകയോ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ പൂര്‍ണ്ണമായും സാമ്പത്തികമായി നിഷ്ക്രിയരായി തുടരുന്നു എന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്രയധികം പ്രായപൂര്‍ത്തിയായവര്‍ തൊഴിലെടുക്കാന്‍ താത്പര്യപ്പെടുന്നില്ല എന്നത് ബ്രിട്ടന്റെ ജി ഡി പി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ്. അതുമാത്രമല്ല, ഈ പ്രവണത തുടരുന്നത് കുടിയേറ്റം വര്‍ദ്ധിക്കാന്‍ ഇടയാക്കിയേക്കും എന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്. വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ കൂടുതല്‍ ജീവനക്കാരെകണ്ടെത്താനായി ശ്രമിക്കുകയാണ്. ബ്രിട്ടീഷുകാര്‍, ജോലി ഉപേക്ഷിക്കുകയും, ജോലിയോട് വിമുഖത കാട്ടുകയും ചെയ്താല്‍ വിദേശികളെ നിയമിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകും.
കോവിഡ് പ്രതിസന്ധിക്ക് ശേഷം, കുടിയേറ്റത്തെ കുറിച്ച് ആശങ്ക ശക്തമാക്കും വിധം ലക്ഷക്കണക്കിന് കുടിയേറ്റക്കാരാണ് ബ്രിട്ടനിലെത്തിയത്. ഇത് പൊതു സേവനങ്ങള്‍ക്ക് മേല്‍ അമിതമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. മാത്രമല്ല, ബ്രിട്ടനേക്കാള്‍ ആകര്‍ഷകമായ മറ്റ് സ്ഥലങ്ങള്‍ വന്നാല്‍ അത് ഒരു പക്ഷെ കുടിയേറ്റക്കാരെ അങ്ങോട്ട് ആകര്‍ഷിക്കുകയും അത് ബ്രിട്ടന്റെ തൊഴില്‍ വിപണി തകരുന്നതിലേക്ക് നയിക്കുകയും ചെയ്തേക്കാം. കോവിഡിന് ശേഷം സാമ്പത്തികമായി നിഷ്ക്രിയരായവരുടെ എണ്ണത്തില്‍ പത്തുലക്ഷത്തിലധികം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇതില്‍ 8,33,000 പേര് ബ്രിട്ടനില്‍ ജനിച്ചവരാണ്. ബാക്കിയുള്ള 2,30,000 പേര് മറ്റു രാജ്യങ്ങളില്‍ ജനിച്ചവരും. ബ്രിട്ടനില്‍ ജനിച്ചവര്‍ക്ക് തൊഴിലെടുക്കുന്നതിനോടുള്ള വിരക്തി കൂടിവരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. കോവിഡിന് ശേഷം, ദീര്‍ഘകാലം നീണ്ടു നില്ക്കുന്ന രോഗം എന്നതാണ് കൂറ്റുതല്‍ ആളുകളും ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനായി പറയുന്ന കാരണം. വിദ്യാര്‍ത്ഥികളുടെ എണ്ണവും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. മറ്റു രാജ്യങ്ങളില്‍ ജനിച്ചവരുടെ കാര്യത്തില്‍ സാമ്പത്തികമായി നിഷ്ക്രിയരായവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകാന്‍ പ്രധാന കാരണം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവ് തന്നെയാണ്.
അതേസമയം, ബ്രിട്ടനില്‍ ജനിച്ചവരുടെ കാര്യത്തില്‍, മൂന്നിലൊന്ന് മാത്രമെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്നുള്ളു. അതുപോലെ 2019 ന് ശേഷം ബ്രിട്ടനില്‍ ജനിച്ചവരുടെ ഇടയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ 9,67,000 പേരുടെ കുറവുണ്ടായപ്പോള്‍, മറ്റു രാജ്യങ്ങളില്‍ ജനിച്ചവര്‍ക്കിടയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ ഏതാണ് 10 ലക്ഷത്തിലധികം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ബ്രിട്ടനില്‍ ജനിച്ച, ബ്രിട്ടനില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 92 ശതമാനം ആയിരുന്നത് ഇപ്പോള്‍ 80 ശതമാനമായി കുറഞ്ഞു എന്നര്‍ത്ഥം. കോവിഡിന് തൊട്ടു മുന്‍പ് ഇത് 82 ശതമാനമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല