സ്വന്തം ലേഖകൻ: പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും പുതിയ പഠനനാനുഭവം ആസ്വാദ്യകരമാക്കി മാറ്റുന്നതിനും രക്ഷിതാക്കള്‍ പ്രത്യേകമായി ഒരുങ്ങണമെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം. കുട്ടികള്‍ അധ്യയന വര്‍ഷത്തിന്‍റെ സുഗമമായ തുടക്കത്തിനായി തയ്യാറെടുക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഏതാനും കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനും മുന്‍ഗണന നല്‍കാനും രക്ഷിതാക്കളോട് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
ഓഗസ്റ്റ് 26ന് തിങ്കാളാഴ്ചയാണ് യുഎഇയില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്. അതിനു മുന്നോടിയായി പൂര്‍ത്തീകരിക്കേണ്ട കാര്യങ്ങള്‍, പഠനം സുഖപ്രദമാക്കുന്നതിന് വീടുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ലഞ്ച് ബോക്‌സ് നല്ല രീതിയില്‍ തയ്യാറാക്കേണ്ട വിധം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അറബി, ഇംഗ്ലീഷ് ഭാഷകളില്‍ വീഡിയോകള്‍ തയ്യാറാക്കിയിരിക്കുകയാണ് മന്ത്രാലയം. മന്ത്രാലയത്തിന്‍റെ ഔദ്യോഗിത സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ അവ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സ്‌കൂള്‍ ആരംഭിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കേണ്ട ജോലികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി അതുപ്രകാരം ഒരുക്കങ്ങള്‍ നടത്തുക. അവസാന നിമിഷം എന്തെങ്കിലും ഒഴിവായിപ്പോവാതിരിക്കാന്‍ വേണ്ടിയാണിത്.
പുസ്തകങ്ങള്‍, യൂണിഫോം, ബാഗുകള്‍, വാട്ടര്‍ ബോട്ടിലുകള്‍, ലഞ്ച് ബോക്‌സുകള്‍ തുടങ്ങിയ സ്‌കൂള്‍ സാമഗ്രികള്‍ മുന്‍കൂട്ടി വാങ്ങുക.
കുട്ടിക്ക് സ്ഥിരമായ ഒരു ദിനചര്യ ഉണ്ടാക്കിയെടുക്കുന്നതിന്‍റെ ഭാഗമായി ഉറക്കം, പഠനം, കായിക വിനോദം തുടങ്ങിയവയ്ക്ക് കൃത്യമായ സമയക്രമം നിശ്ചയിച്ചുകൊണ്ട് ദൈനംദിന ഷെഡ്യൂള്‍ തയ്യാറാക്കുക.
വീട്ടില്‍ സൗകര്യപ്രദവും ചെറിയതുമായ ഒരു പഠനമുറിയോ ഇടമോ ഒരുക്കുക.
വരാനിരിക്കുന്ന വര്‍ഷത്തേക്കുള്ള എന്തെങ്കിലും പുതിയ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അത് അറിയാന്‍ സ്‌കൂളുമായോ അധ്യാപകരുമായോ ബന്ധപ്പെടുക.
കുട്ടിയുമായി പുതിയ അധ്യയന വര്‍ഷാരംഭത്തെ കുറിച്ചും കൈവരിക്കേണ്ട നേട്ടങ്ങളെയും കുറിച്ചും സംസാരിക്കുക.
സ്‌കൂളിലേക്ക് തിരികെ പോകുന്നതിനുള്ള നല്ല പ്രചോദനത്തോടെ നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.
അമിത ചെലവ് തടയാന്‍ സ്‌കൂള്‍ ചെലവുകള്‍ക്കുള്ള ബജറ്റ് തയ്യാറാക്കുക.
പഠനത്തിനോ ഉറക്കത്തിനോ തടസ്സമാകാത്ത പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുക്കുക.
ആരോഗ്യകരമായ ലഞ്ച് ബോക്‌സ് തയ്യാറാക്കുക.
സ്‌കൂള്‍ സാധനങ്ങള്‍ നേരത്തേ ഒരുക്കിവയ്ക്കുന്നതിലൂടെ അവസാന നിമിഷത്തിലുണ്ടാവുന്ന സമ്മദര്‍ദ്ദവും അങ്കലാപ്പും ഒഴിവാക്കാം.
സമീകൃത ലഞ്ച് ബോക്‌സ് തയ്യാറാക്കുന്നതിനുള്ള ടിപ്‌സ് ഉള്‍ക്കൊള്ളുന്ന ഒരു പ്രത്യേക വീഡിയോയും ആരോഗ്യ മന്ത്രാലയം എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പുതിയ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് ഉറപ്പാക്കുക.
ഗോതമ്പ് ബ്രെഡ്, ബ്രൗണ്‍ റൈസ്, ഗ്രെയ്ന്‍ പാസ്ത തുടങ്ങി ധാന്യങ്ങളടങ്ങിയ ഭക്ഷണ സാധനങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.
വെള്ളം ഉള്‍പ്പെടെ ആരോഗ്യകരമായ പാനീയങ്ങളാണ് ഏറ്റവും പ്രധാനം.
മിഠായി, ഫാസ്റ്റ് ഫുഡ് തുടങ്ങിയ സംസ്‌കരിച്ചതും മധുരമുള്ളതുമായ ലഘുഭക്ഷണങ്ങള്‍ ഒഴിവാക്കുക
മാലിന്യം കുറയ്ക്കാനും പുതുമ നിലനിര്‍ത്താനും ആവശ്യമുള്ളത് മാത്രം വാങ്ങുക.
പുതിയ 2024-25 ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ പുറത്തിറക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം മാതാപിതാക്കളെ ഓര്‍മ്മിപ്പിച്ചു. ഇന്‍ഫ്‌ളുവന്‍സ എ, ബി എന്നിവയ്ക്കെതിരെ വാക്സിന്‍ സംരക്ഷണം നല്‍കുന്നതിനാല്‍ കുട്ടികള്‍ക്ക് ഇവ നിര്‍ബന്ധമായും നല്‍കണമെന്നും രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല