1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2024

സ്വന്തം ലേഖകൻ: യുകെയിലെ എ ലെവൽ പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. എ സ്റ്റാർ, എ ഗ്രേഡുകൾ ലഭിച്ച വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. ഗണിതത്തിലും ശാസ്ത്ര വിഷയങ്ങളിലും വിദ്യാർഥികൾ മികച്ച വിജയം കൈവരിച്ചതായാണ് പരീക്ഷാ ഫലങ്ങൾ നൽകുന്ന സൂചന. 27.6% വിദ്യാർഥികൾക്കാണ് ‘എ ഗ്രേഡും’ അതിന് മുകളിലും ലഭിച്ചിട്ടുള്ളത്. ‘ഗ്രേഡ് സി‘ അതിനുമുകളിലും ഉള്ള ഫലങ്ങൾ 76.0% ആണ്. ഫലങ്ങൾ പ്രസിദ്ധീകരിച്ചപ്പോൾ രാജ്യത്തുടനീളം മികച്ച വിജയമാണ് മലയാളി വിദ്യാർഥികൾ കൈവരിച്ചിരിക്കുന്നത്.

മുഴുവൻ വിഷയങ്ങൾക്കും എ സ്റ്റാർ നേടിയ മാഞ്ചസ്റ്ററിൽ നിന്നുള്ള ആൻ മരിയ രാജു യുകെ മലയാളികൾക്ക് അഭിമാനമായി. ജി സി എസ് ഇ യിലും ആൻ മരിയ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് പ്ലസ് നേടിയിരുന്നു. എംസിഡി ലിമിറ്റഡിലെ കസ്റ്റമര്‍ കെയര്‍ ലീഡറായ രാജു ഉതുപ്പന്‍റെയും മാഞ്ചസ്റ്റര്‍ റോയല്‍ ഐ ഹോസ്പിറ്റലിലെ ഡപ്യൂട്ടി മാനേജരായ ലിൻസി ഉതുപ്പന്‍റെയും ഏക മകളായ ആൻ മരിയ രാജു മാഞ്ചസ്റ്ററിലെ സിക്‌സ്ത് ഫോം ആള്‍ട്ടറിങ്ഹാം ഗ്രാമര്‍ സ്‌കൂളില്‍ ആണ് പഠിച്ചത്. 21 വർഷം മുൻപ് യുകെയിലെത്തിയ ആൻ മരിയയുടെ മാതാപിതാക്കൾ കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ സ്വദേശികൾ ആണ്. ഫലം പുറത്തുവന്നതിനെ തുടർന്ന് കേംബ്രിജ് യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് ആൻ മരിയ.

ലൂട്ടനിലെ ഇരട്ട സഹോദരിമാരായ സെറീനയ്ക്കും സാന്ദ്രയ്ക്കും മൂന്നു വിഷയങ്ങളിൽ എ സ്റ്റാർ ലഭിച്ചു. ലൂട്ടന്‍ കാര്‍ഡിനാള്‍ വൈസ് മെന്‍ കാത്തോലിക്ക് സ്‌കൂളിലാണ് ഇരുവരും പഠിച്ചത്. കുമരകം സ്വദേശികളായ നോബിയുടെ ജെന്നികയുടെയും മക്കളായ ഇരുവരും ബാത്ത് യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ സയൻസിൽ ഉപരിപഠനം നടത്താനുള്ള തയ്യാറെടുപ്പിലാണ്. നോർത്താംപ്ടണിൽ നിന്നുള്ള കിരൺ മനോജിന് രണ്ട് വിഷയങ്ങളിൽ എ സ്റ്റാറും രണ്ടു വിഷയങ്ങളിൽ എ യും ആണ് ലഭിച്ചത്. വൈക്കം സ്വദേശി മനോജിന്‍റെയും നോർത്താംപ്ടൺ ഹോസ്പിറ്റലിലെ നേഴ്സായ ദീപയുടെയും മകനായ കിരൺ ബാത്ത് യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ സയൻസ് പഠിക്കാൻ തയ്യാറെടുക്കുകയാണ്.

ഓക്സ്ഫോർഡ് ഷെയറിലെ ആൽഫ്രഡ് മൂന്നു വിഷയങ്ങളിൽ എ സ്റ്റാറും ഒരു വിഷയത്തിൽ എയും ആണ് ലഭിച്ചത്. ജിസിഎസ്ഇ യിലും മികച്ച വിജയം നേടിയ ആൽഫ്രഡ് യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിൽ ബയോ കെമിസ്ട്രി പഠനം നടത്താനാണ് ലക്ഷ്യമിടുന്നത്. ബാന്‍ബറി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് ആന്‍റണി വര്‍ഗീസിന്‍റെയും നഴ്സിങ് ഹോം മാനേജരും നോർത്താംപ്ടൺ ഷെയര്‍ സോഷ്യല്‍ കെയര്‍ നഴ്സിങ് അഡൈ്വസറി കൗണ്‍സില്‍ അംഗവും റജിസ്റ്റേര്‍ഡ് മാനേജര്‍ നെറ്റ്വര്‍ക് ഗ്രൂപ്പ് ചെയര്‍ കൂടിയായ ജയന്തി ആന്‍റണിയുടെയും മകനാണ് ആല്‍ഫ്രഡ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.