സ്വന്തം ലേഖകൻ: ഇടവേളക്ക് ശേഷം വീണ്ടും എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘സാങ്കേതിക തകരാർ’. വ്യാഴാഴ്ച വിമാനം പണിമുടക്കിയതോടെ കോഴിക്കോട് യാത്രക്കാർക്ക് ഒരു ദിവസം നഷ്ടപ്പെട്ടു. വ്യാഴാഴ്ച ഉച്ചക്ക് കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട വിമാനം തകരാർ കാരണം റദ്ദാക്കുകയായിരുന്നു.
12.50ന് കുവൈത്ത് വിമാനത്താവളത്തിൽനിന്ന് യാത്രതിരിച്ച വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അരമണിക്കൂറിനിടെ കുവൈത്ത് വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു. തുടർന്ന് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് വിമാനം റദ്ദാക്കിയതായി അറിയിച്ചു യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി.
നാട്ടില്‍ എത്തേണ്ട അത്യാവശ്യ യാത്രക്കാര്‍ക്ക് വ്യാഴാഴ്ച എയര്‍ ഇന്ത്യ കൊച്ചി വിമാനത്തില്‍ സൗകര്യം ഒരുക്കി. ബാക്കിയുള്ള യാത്രക്കാരെ വെള്ളിയാഴ്ച വിമാനത്തിൽ കോഴിക്കോട്ടേക്ക് എത്തിച്ചു.
വാരാന്ത്യമായതിനാൽ വ്യാഴാഴ്ച കുവൈത്തിൽനിന്ന് നിരവധി പേർ നാട്ടിലേക്ക് ടിക്കറ്റ് എടുത്തിരുന്നു. ഇവർക്ക് വിമാനം മുടങ്ങിയത് പ്രയാസം സൃഷ്ടിച്ചു. അത്യാവശ്യ യാത്രക്കാർക്കും ദുരിതമായി. ചുരുങ്ങിയ ദിവസങ്ങളിൽ ലീവെടുത്തുപോകുന്നവരുടെ ഒരു അവധി ദിവസവും നഷ്ടപ്പെടുത്തി. അതിനിടെ വെള്ളിയാഴ്ചക്ക് ടിക്കറ്റ് എടുത്ത യാത്രക്കാരുടെ വിമാനം നാളേക്ക് മാറ്റി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല