സ്വന്തം ലേഖകൻ: രാജ്യത്ത് സ്ഥലവും കെട്ടിടങ്ങളും ഉള്‍പ്പടെയുള്ള ആസ്തികള്‍ക്ക് മേലുള്ള ലോംഗ് ടേം ക്യാപിറ്റല്‍ ഗെയിന്‍ (എല്‍ ടി സി ജി) നികുതി 20 ശതമാനത്തില്‍ നിന്നും 12.5 ശതമാനമായി കുറയ്ക്കാനുള്ള നിര്‍ദ്ദേശം ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ മുന്‍പോട്ട് വച്ചു. എല്‍ ടി സി ജിയില്‍ ഇന്‍ഡക്സേഷന്‍ ആനുകൂല്യമായിട്ടും ഇത് തെരഞ്ഞെടുക്കാവുന്നതാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കെട്ടിടമോ സ്ഥലമോ, വീടോ വില്‍ക്കുന്ന ഒരു വ്യക്തിക്ക് ഇനി മുതല്‍ ഒന്നുകില്‍ ഇന്‍ഡാക്സേഷന്‍ ആനുകൂല്യങ്ങള്‍ സഹിതം 20 ശതമാനം നികുതി നല്‍കാം അതല്ലെങ്കില്‍ ആനുകൂല്യങ്ങള്‍ ഇല്ലാതെ 12.5 ശതമാനം നിരക്കില്‍ നികുതി നല്‍കാം.
എന്നാല്‍, ഈ ഭാഗിക ആശ്വാസം വരുന്നത് നിരവധി നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണ്. 2024 ജൂലായ് 23 ന് മുന്‍പായി വാങ്ങിയ ആസ്തികള്‍ക്ക് മാത്രമെ ഇത് ബാധകമാവുകയുള്ളൂ. അതിനു പുറമെ ഈ ആനുകൂല്യം, ഇന്‍കം ടാക്സ് ആക്റ്റ് 1961 അനുസരിച്ച് ഇന്ത്യയില്‍ റെസിഡന്റ് സ്റ്റാറ്റസ് ഉള്ള വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും മാത്രമെ ലഭിക്കുകയുള്ളു. അതായത്, 2024 ജൂലായ് 23 ന് മുന്‍പായി വാങ്ങിയ ആസ്തികളിലും, പ്രവാസി ഇന്ത്യാക്കാര്‍ക്ക് (എന്‍ ആര്‍ ഐ) ഈ ആനുകൂല്യം ലഭിക്കില്ല എന്ന് ചുരുക്കം. മാത്രമല്ല, എന്‍ ആര്‍ ഐ സ്റ്റാറ്റസ്സുള്ളവര്‍ക്ക് പരമ്പരാഗതമായി ലഭിച്ച ആസ്തി വില്‍ക്കുമ്പോഴും ആനുകൂല്യങ്ങള്‍ ഇല്ലാതെ പഴയ നിരക്കില്‍ തന്നെ നികുതി നല്‍കേണ്ടതായി വരും.
കൂടുതല്‍ വിശദമായി പറഞ്ഞാല്‍, നിങ്ങള്‍ക്ക് പരമ്പരാഗതമായി ലഭിച്ചതോ, 2024 ജൂലായ് 23 ന് മുന്‍പായി സ്വന്തമാക്കിയതോ ആയ ഭൂമിയുണ്ടെങ്കില്‍, നിങ്ങള്‍ ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തി’ ഹിന്ദു അവിഭക്ത കുടുംബം ആണെങ്കില്‍, ആസ്തി വില്‍ക്കുന്ന സമയത്ത് 12.5 ശതമാനം നിരക്കില്‍ നികുതി കണക്കാക്കുക. പിന്നീട് പഴയ നിയമങ്ങള്‍ അനുസരിച്ച്, ഇന്‍ഡാക്സേഷന്‍ ആനുകൂല്യങ്ങള്‍ സഹിതം 20 ശതമാനം നിരക്കില്‍ നികുതി കണക്കാക്കുക. ഇവ രണ്ടും താരതമ്യം ചെയ്ത് ഏതാണോ ഏറ്റവും ലാഭകരമായത് അത് നിങ്ങള്‍ക്ക് സ്വീകരിക്കാം. വീട്, സ്ഥലം, കെട്ടിടങ്ങള്‍ എന്നിവയുടെ വില്‍പനയില്‍ മാത്രമാണ് ഈ ആനുകൂല്യമുള്ളത്.
സ്വര്‍ണ്ണം, ആഭരണങ്ങള്‍, ലിസ്റ്റ് ചെയ്യപ്പെടാത്ത ഓഹരികള്‍, എന്നിവയുടെയും 2024 ജൂലായ് 24 ന് ശേഷം സ്വന്തമാക്കിയ വീട്, കെട്ടിടം, സ്ഥലം എന്നിവയുടേയും വില്പനയില്‍ ഈൗൗനുകൂല്യം ലഭ്യമാകില്ല. വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാവുക. പങ്കാളിത്ത സ്ഥാപനങ്ങള്‍, എല്‍ എല്‍ പികള്‍, കമ്പനികള്‍ എന്നിവയുടെ ആസ്തികള്‍ വില്‍ക്കുന്നതില്‍ ഈ ആനുകൂല്യം ഉണ്ടാവുകയില്ല. അതുപോലെ പ്രവാസി ഇന്ത്യാക്കാര്‍ക്കും, ഇന്‍കം ടാക്സ് ആക്റ്റ് 1961 അനുസരിച്ച് റെസിഡന്റ് സ്റ്റാറ്റസ് ഇല്ലെങ്കില്‍ ഈ ആനുകൂല്യം ലഭിക്കുകയില്ല.
ഇന്‍കം ടാക്സ് ആക്റ്റ് 1961 അനുസരിച്ച് ഒരു സാമ്പത്തിക വര്‍ഷം 182 ദിവസങ്ങളോ അതില്‍ കൂടുതലോ ഇന്ത്യയില്‍ താമസിക്കുകയോ അതല്ലെങ്കില്‍ ഒരു സാമ്പത്തിക വര്‍ഷം 60 ദിവസങ്ങളോ അതില്‍ കൂടുതലോ ഇന്ത്യയില്‍ താമസിക്കുകയും, തൊട്ട് മുന്‍പുള്ള നാല് സാമ്പത്തിക വര്‍ഷങ്ങളിലായി മൊത്തം 365 ദി9വസം ഇന്ത്യയില്‍ താമസിക്കുകയോ ചെയ്തിട്ടുള്ളവര്‍ക്കാണ് റെസിഡന്റ് സ്റ്റാറ്റസ് ലഭിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല