1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2024

സ്വന്തം ലേഖകൻ: സൗത്ത്‌പോര്‍ട്ടിലെ പെണ്‍കുട്ടികളുടെ കൊലപാതകം വെറുമൊരു തീപ്പൊരിമാത്രമായിരുന്നു. കുടിയേറ്റ വിരുദ്ധതയുടെ ഇന്ധനം നിറഞ്ഞ്, ഏത് സമയവും ആളിക്കത്തിയാക്കാവുന്ന മനസ്സുകളിലേക്ക് പാറി വന്ന ഒരു തീപ്പൊരി മാത്രം. അടുത്തിടെ, ബ്രിട്ടനില്‍ നടന്ന കലാപത്തിന്റെ മുഖ്യ ഹേതു കുടിയേറ്റത്തോടുള്ള അടങ്ങാത്ത അമര്‍ഷമായിരുന്നു എന്ന് അഭിപ്രായ സര്‍വ്വേഫലം സൂചിപ്പിക്കുന്നു. മൂന്ന് പെണ്‍കുട്ടികളെ അതിദാരുണമായി കൊലപ്പെടുത്തിയതിന് ശേഷം രാജ്യത്തിന്റെ അങ്ങോളമിങ്ങോളമുള്ള നഗരങ്ങളിലും പട്ടണങ്ങളിലും ആറ് ദിവസങ്ങളോളമാണ് കലാപാന്തരീക്ഷം നിലനിന്നത്.

സൗത്ത്‌പോര്‍ട്ടിലെ കൊലപാതകി, ബോട്ടില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തിയ അഭയാര്‍ത്ഥിയാണെന്ന, ഓണ്‍ലൈന്‍ വഴിയുള്ള വ്യാജപ്രചാരണമായിരുന്നു തീവ്ര വലതുപക്ഷക്കാരുടെ കുടിയേറ്റ വിരുദ്ധ പ്കലാപത്തിന് തുടക്കം കുറിച്ചത്. അതുമായി ബന്ധപെട്ട് അടുത്തിടെ സവന്ത നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്ത 2,237 പേരില്‍ ഏതാണ്ട് മൂന്നില്‍ രണ്ട് പേരും (64 ശതമാനം പേര്‍) പറഞ്ഞത്, ബ്രിട്ടന്റെ കുടിയേറ്റ നയങ്ങളാണ് ലഹളക്ക് പ്രധാന കാരണം എന്നാണ്.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 82 ശതമാനം പേരും കുറ്റക്കാരായി കണ്ടെത്തിയത് തെരുവുകളില്‍ അക്രമം അഴിച്ചുവിട്ടവരെ ആണെങ്കില്‍ 75 ശതമാനം പേര്‍ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളെയും 73 ശതമാനം പേര്‍ സമൂഹമാധ്യമ കമ്പനികളെയും പഴിചാരുന്നുണ്ട്. പകുതിയിലേറെ പേര്‍ (53 ശതമാനം) പറയുന്നത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുന്‍ സര്‍ക്കാരാണ് ഉത്തരവാദി എന്നാണ്. 51 ശതമാനം പേര്‍ പരമ്പരാഗത വാര്‍ത്താ വിതരണ സ്ഥാപനങ്ങളെ പഴിചാരുമ്പോള്‍ 46 ശതമാനം പേര്‍ ലഹളക്ക് ഉത്തരവാദികളായി ഉയര്‍ത്തിപ്പിടിക്കുന്നത് കുടിയേറ്റക്കാരെയാണ്.

44 ശതമാനം പേര്‍ കീര്‍ സ്റ്റാര്‍മറുടെ ലേബര്‍ സര്‍ക്കാരിന്റെ പരാജയമായി കലാപത്തെ വിലയിരുത്തുമ്പോള്‍, 33 ശതമാനം പേര്‍ വിശ്വസിക്കുന്നത് ഫുട്‌ബോള്‍ ആരാധക സംഘങ്ങള്‍ക്കും ഇതില്‍ ഭാഗികമായ പങ്കുണ്ട് എന്നാണ്. അധികാരമേറ്റതിന് ശേഷം ഉണ്ടായ ആദ്യത്തെ വന്‍ പ്രതിസന്ധിയെ കീര്‍ സ്റ്റാര്‍മറുടെ സര്‍ക്കാന്‍ കാര്യക്ഷമമായി നേരിട്ടു എന്ന് 52 ശതമാനം പേര്‍ വിശ്വസിക്കുമ്പോള്‍ 38 ശതമാനം പേര്‍ പറയുന്നത് സ്റ്റാര്‍മര്‍ അക്കാര്യത്തില്‍ പരാജയപ്പെട്ടു എന്നാണ്.

സര്‍വ്വേയില്‍ പങ്കെടുത്തവരുടെ രാഷ്ട്രീയ വിധേയത്വത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചാല്‍ റിഫോം യു കെ പാര്‍ട്ടിയുടെ വോട്ടര്‍മാരില്‍ മുക്കാല്‍ ഭാഗവും വിശ്വസിക്കുന്നത് കീര്‍ സ്റ്റാര്‍മര്‍ കലാപത്തെ കൈകാര്യം ചെയ്ത രീതി ശരിയായില്ല എന്നാണ്. എന്നാല്‍, സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 50 ശതമാനത്തോളം പേര്‍ ഇതില്‍ നെയ്ജര്‍ ഫാരാജിനും പങ്കുണ്ട് എന്ന് വിശ്വസിക്കുന്നവരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.