1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2024

സ്വന്തം ലേഖകൻ: അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ, ഡോണൾഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് നവനാസികളായ വെള്ള വംശീയവാദികള്‍. ഡെറ്റ്‌ട്രോയിറ്റിലെ ഹോവല്‍ നഗരത്തിലാണ് വംശീയവാദികള്‍ ഹിറ്റ്‌ലറിനും ട്രംപിനും അഭിവാദ്യമര്‍പ്പിച്ച് പ്രകടനം നടത്തിയത്. യോഗത്തില്‍ കമല ഹാരിസിനെ മാര്‍ക്‌സിസ്റ്റ് അനുകൂലിയെന്ന് വിമര്‍ശിച്ച ട്രംപ്, ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന കറുത്ത വംശജരുടെ പ്രസ്ഥാനമാണ് രാജ്യത്തെ അക്രമസംഭവങ്ങള്‍ക്കു പിന്നിലെന്നും അധിക്ഷേപിച്ചു.

‘വൈറ്റ് ലൈഫ്‌സ് മാറ്റര്‍, വി ലവ് ഹിറ്റ്‌ലര്‍, വി ലവ് ട്രംപ്’ എന്നീ ബാനറുകളുമായാണ് നവനാസികള്‍ പ്രകടനം നടത്തിയത്. തീവ്ര വലതുപക്ഷത്തിനു ശക്തിയുള്ള പ്രദേശമായാണ് ഹോവല്‍ അറിയപ്പെടുന്നത്. 1970 കളിലും 1980 ലും അമേരിക്കയിലെ വെള്ള വംശജരുടെ തീവ്രവാദ പ്രസ്ഥാനമായ കൂ ക്ലക്‌സ് ക്ലാന്‍ (കെ കെ കെ) ന്റെ പ്രധാന കേന്ദ്രമായി അറിയപ്പെടുന്ന സ്ഥലമാണിത്. ട്രംപിന്റെ യോഗം നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു പ്രകടനം. ഒരു ഡസനിലേറെ ആളുകളാണ് പ്രകടനത്തില്‍ പങ്കെടുത്തതെന്നാണ് ഔദ്യോഗിക വിശദീകരണം.

വലതുതീവ്രവാദികളുടെ പ്രകടനത്തിനുശേഷമാണ് ട്രംപിന്റെ യോഗം തുടങ്ങിയത്. ഇതില്‍ അദ്ദേഹം കുറത്ത വംശജരുടെ അവകാശപോരാട്ട പ്രസ്ഥാനമായ ബ്ലാക്ക് ലൈവസ് മാറ്ററിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. രാജ്യം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ നടുവില്‍ അകപ്പെട്ടിരിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. നിയമപരമായ ബാധ്യതകളില്‍നിന്ന് പോലീസ് ഉദ്യോഗസ്ഥരെ അധികാരത്തിലെത്തിയാല്‍ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനുകാരണം കമല ഹാരിസിനെപ്പോലുളള മാര്‍ക്‌സിറ്റ് അറ്റോര്‍ണിമാരാണെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. രണ്ടായിരത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോ ജില്ലാ അറ്റോര്‍ണിയായിരുന്നു കമല ഹാരിസ്. അതിനെ പരമാര്‍ശിച്ചായിരുന്നു ട്രംപിന്റെ പരിഹാസം. ”നാല് വര്‍ഷമായി രാജ്യത്തെ മാര്‍ക്‌സിസ്റ്റുകള്‍ നിയമവാഴ്ചയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. അവര്‍ പോലീസ് ഉദ്യോഗസ്ഥരുടെ ആത്മാഭിമാനമാണ് ചോദ്യം ചെയ്യുന്നത്,” ട്രംപ് പറഞ്ഞു.

രാജ്യത്തെ നിയമസംവിധാനങ്ങള്‍ തന്നെ പോലുള്ളവരെയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പരിഹസിച്ചു. രാജ്യത്ത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടത് ജോ ബൈഡനും കമലാ ഹാരീസും അധികാരത്തിലെത്തിയതിന് ശേഷമാണെന്നായിരുന്നു ട്രംപിന്റെ കണ്ടെത്തല്‍.

2020 ല്‍ ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വംശജനെ പോലീസ് കൊലപ്പെടുത്തിയപ്പോള്‍ രൂപപ്പെട്ട ഡീ ഫണ്ട്, പോലീസ് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്നീ പ്രസ്ഥാനങ്ങളെ കമല ഹാരിസ് പിന്തുണച്ചിരുന്നു. പോലീസിന്റെ സൈനികവല്‍ക്കരണത്തെ സഹായിക്കുന്ന രീതിയില്‍ പണം ചെലവഴിക്കുന്നതിനെ ചോദ്യം ചെയ്ത ബ്ലാക്ക് ലൈവ്‌സ് മാറ്ററിന്റെ നിലപാടുകളെയും അവര്‍ പരസ്യമായി പിന്തുണച്ചിരുന്നു. ഈ നിലപാടുകള്‍ പരാമര്‍ശിച്ചായിരുന്നു ട്രംപിന്റെ വിമര്‍ശനം.

അതിനിടെ കമല ഹാരിസിനെ പിന്തുണച്ച് ട്രംപിനെ വിമര്‍ശിച്ചും മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ രംഗത്തെത്തി. ‘യെസ് ഷീ കാന്‍’ എന്ന് പറഞ്ഞാണ് കമല ഹാരിസിന് പിന്തുണയുമായി എത്തിയത്. ‘അമേരിക്ക അവര്‍ക്ക് എന്തൊക്കെ നല്‍കിയോ അതൊക്കെ രാജ്യത്തിനു തിരിച്ചുനല്‍കാന്‍ ശ്രമിക്കുന്ന ഒരാളെ പ്രസിഡന്റായി തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഉണ്ടായിരിക്കുന്നത്.

നിങ്ങളെ അറിയുകയും കേള്‍ക്കുകയും ചെയ്യുന്ന ഒരാള്‍, അമേരിക്കയുടെ അടുത്ത പ്രസിഡന്റ് കമല ഹാരിസ്’ ഒബാമ പറഞ്ഞു. വലിയ വെല്ലുവിളികള്‍ക്കിടയിലും ജനാധിപത്യത്തെ സംരക്ഷിച്ചു നിര്‍ത്തിയ പ്രസിഡന്റാണ് ജോ ബൈഡനെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.