സ്വന്തം ലേഖകൻ: ഒമാനില്‍ വാഹനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വലിച്ചെറിയുന്നവരെ കാത്തിരിക്കുന്നത് പിഴയും തടവും. ഒമാന്‍ ഗതാഗത നിയമത്തിലെ ആര്‍ട്ടിക്കിൾ 49/6 പ്രകാരം 300 റിയാല്‍ പിഴയും 10 ദിവസം തടവും ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണിതെന്ന് ഒമാന്‍ പബ്ലിക് പ്രൊസിക്യൂഷന്‍ അറിയിച്ചു.
മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം ഒഴിവാക്കണം. അനുചിതമായ മാലിന്യ സംസ്‌കരണ രീതികള്‍ നിരുത്സാഹപ്പെടുത്തി പൊതു ശുചിത്വവും സുരക്ഷയും നിലനിര്‍ത്തുകയാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്നും പബ്ലിക് പ്രൊസിക്യൂഷന്‍ പറഞ്ഞു.
അതിനിടെ സുല്‍ത്താനേറ്റ് ഓഫ് ഒമാനിലെ ബാങ്കുകള്‍ ആപ്പിള്‍ പേ ഡിജിറ്റല്‍ പേയ്മെന്റ് സേവനം ആരംഭിക്കുന്നതിനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ്. കൃത്യമായ ലോഞ്ചിംഗ് തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും സെപ്റ്റംബറില്‍ എപ്പോഴെങ്കിലും സേവനങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മേഖലയിലെ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ ഈ സേവനം ലഭ്യമാണ്. രാജ്യത്തെ ഉപഭോക്താക്കളും കാര്‍ഡ് പെയ്‌മെന്റില്‍ നിന്ന് കാര്‍ഡ്‌ലെസ് പെയ്‌മെന്റിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണെന്ന് നിലവിലെ പ്രവണതകള്‍ വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ റീട്ടെയിലറുടെയും ഉപഭോക്താവിന്റെയും അക്കൗണ്ടുകള്‍ ഒരേ ബാങ്കില്‍ ആണെങ്കില്‍ മാത്രമേ നിലവില്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ കൈമാറ്റം ചെയ്യാന്‍ കഴിയൂ. എന്നാല്‍ ആപ്പിള്‍ പേ വരുന്നതോടെ അക്കൗണ്ട് ഏത് ബാങ്കിലാണെന്നത് അപ്രസക്തമാവും. ഏത് ബാങ്ക് അക്കൗണ്ടുകാര്‍ക്കും ഡിജിറ്റല്‍ പെയ്‌മെന്റ് രീതിയിലേക്ക് മാറുവാനും കഴിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല