1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2024

സ്വന്തം ലേഖകൻ: നാട്ടില്‍ നിന്നും തിരിച്ചെത്തിയ റെഡിച്ചിലെ അനിലിന്റേയും സോണിയയുടെയും കുടുംബത്തിലുണ്ടായ ദുരന്തത്തിന്റെ ആഘാതത്തിലാണ് യുകെയിലെ മലയാളി സമൂഹം. കുഴഞ്ഞു വീണ മരിച്ച നഴ്സ് സോണിയയുടെയും പിന്നാലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ അനിലിന്റേയും വേര്‍പാട് ഓരോ മലയാളിയ്ക്കും തീരാവേദനയായി.

വോര്‍സെറ്റ് ഷെയറിലെ റെഡിച്ചില്‍ ഞായറാഴ്ച രാവിലെ പത്തരയോടെ കുഴഞ്ഞുവീണ് മരിച്ച സോണിയ സാറ ഐപ്പിന്റെ (39) ഭര്‍ത്താവ് കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പില്‍ വീട്ടില്‍ അനില്‍ ചെറിയാനെയാണ് (റോണി, 42) ആത്മഹത്യ ചെയ്ത നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.

‘ഞാന്‍ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നും’ വ്യക്തമാക്കിയുള്ള സന്ദേശം സുഹൃത്തുക്കള്‍ക്ക് അയച്ച ശേഷമായിരുന്നു അനില്‍ ജീവനൊടുക്കിയത്. ഇത് കണ്ട സുഹൃത്തുക്കളും അയല്‍വാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം വീടിന് പിറക് വശത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത്. ഇരുവരുടേയും മരണത്തെ തുടര്‍ന്ന് മക്കളായ ലിയ, ലൂയിസ്‌ എന്നിവര്‍ അനാഥരായി. മരണ വിവരം അറിഞ്ഞു അനിലിന്റെ ബന്ധുക്കളില്‍ ചിലര്‍ റെഡിച്ചില്‍ എത്തിയിട്ടുണ്ട്. മക്കള്‍ തത്കാലം ഇവരുടെ സംരക്ഷണയില്‍ തുടരും. സംസ്കാരം പിന്നീട്.

റെഡിച്ചിലെ അലക്‌സാന്‍ഡ്ര എന്‍എച്ച്എസ് ആശുപത്രിയിലെ നഴ്‌സായിരുന്ന സോണിയ കാലിന്റെ സര്‍ജറി സംബന്ധമായി 10 ദിവസം മുന്‍പാണ് നാട്ടില്‍ പോയിരുന്നത്. സര്‍ജറിക്ക് ശേഷം യുകെയിലേക്ക് ഞായറാഴ്ച രാവിലെ പത്തരയോടെയാണ് എത്തിയത്. തുടര്‍ന്ന് ഒരുമണിക്കൂറിന് ശേഷം വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല.

ഇതേ തുടര്‍ന്ന് മാനസികമായി തകര്‍ന്നിരുന്ന ഭര്‍ത്താവ് അനിലിനെ അശ്വസിപ്പിക്കാന്‍ റെഡിച്ചിലെ മലയാളി സമൂഹം ഏറെ പ്രയാസപ്പെട്ടിരുന്നു. രണ്ടര വര്‍ഷം മുന്‍പാണ് സോണിയയും കുടുംബവും യുകെയില്‍ എത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് ഇവരുടെ താമസ സ്ഥലത്തിന് അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് അനിലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചയോടെ മക്കള്‍ ഇരുവരും ഉറങ്ങവേ വീടിന് പുറത്ത് പോയ ശേഷമാകാം അനില്‍ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം.

അതിനിടെ റെഡ്ഡിച്ചിലെ സോണിയയുടെ മരണവും പിന്നാലെയുള്ള ഭര്‍ത്താവിന്റെ ആത്മഹത്യയും യുകെ മലയാളികള്‍ക്ക് നല്‍കിയ ഞെട്ടല്‍ മാറും മുന്നേ വീണ്ടും മരണ വാര്‍ത്ത. മെയ്ഡ്‌സ്‌റ്റോണ്‍ മലയാളി യുവതിയായ ബിന്ദു വിമലിന്റെ വേര്‍പാടാണ് പ്രിയപ്പെട്ടവരെ ഞെട്ടിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്നു ബിന്ദു. അതിനിടെയാണ് മരണം തേടിയെത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് മെയ്ഡ്‌സ്‌റ്റോണ്‍ ഹോസ്പിറ്റലില്‍ വച്ച് മരണം സംഭവിച്ചത്.

മെയ്ഡ്സ്റ്റോണ്‍ ഹോസ്പിറ്റലിലും ലണ്ടനിലെ കിംഗ്സ് ഹോസ്പിറ്റലിലുമായിട്ടായിരുന്നു ബിന്ദുവിന്റെ ചികിത്സ നടന്നിരുന്നത്. ബിന്ദുവിന്റെ ബോണ്‍മാരോ മാറ്റിവക്കാനും ശ്രമം നടത്തിയിരുന്നു. അതിനാല്‍ കുറച്ചു മാസങ്ങള്‍ക്കു മുമ്പ് അമ്മയും സഹോദരനും യുകെയില്‍ എത്തുകയും ജൂണില്‍ തിരിച്ചു പോവുകയും ചെയ്തിരുന്നു. തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് അമ്മ തിരിച്ചു വീണ്ടും യുകെയിലേക്ക് വന്നത്. ഇപ്പോള്‍ ബിന്ദുവിന്റെ മക്കള്‍ക്ക് സാന്ത്വനമായി ഒപ്പമുള്ളത് അമ്മയാണ്.

ടണ്‍ബ്രിഡ്ജ് വെല്‍സ് ഹോസ്പിറ്റലിലെ കാറ്ററിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരിയായിരുന്നു ബിന്ദു. വിമല്‍ കുമാര്‍ ഭര്‍ത്താവാണ്. ഉത്തര വിമല്‍, കേശവ് വിമല്‍ എന്നിവര്‍ മക്കളാണ്. നാട്ടില്‍ എറണാകുളം സ്വദേശിയാണ്. മരണ വാര്‍ത്തയറിഞ്ഞ് ബിന്ദുവിന്റെ സഹോദരനും അച്ഛനും യുകെയിലേക്ക് വരികയാണ്. അതിനു ശേഷമായിരിക്കും സംസ്‌കാര സംബന്ധിച്ചുള്ള കാര്യങ്ങള്‍ തീരുമാനിക്കുക.

ഈ മരണ വാർത്തകളുടെ ഞെട്ടൽ മാറും മുമ്പെയാണ് പ്രസ്റ്റണിലെ അനീഷ് ജോയ് എന്ന ചെറുപ്പക്കാരന്‍ സ്വയം ജീവനൊടുക്കിയെന്ന വിവരം പ്രിയപ്പെട്ടവരെ തേടി എത്തിയത്. നാലു വര്‍ഷം മുമ്പ് യുകെയിലെത്തിയ അനീഷ് ഭാര്യ ടിന്റു അഗസ്റ്റിനും രണ്ടു മക്കള്‍ക്കും ഒപ്പമായിരുന്നു കുടുംബസമേതം പ്രസ്റ്റണ്‍ ലങ്കെന്‍ഷെയറില്‍ കഴിഞ്ഞിരുന്നത്. ലങ്കന്‍ഷെയര്‍ ആന്റ് സൗത്ത് കുംബ്രിയ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ജീവനക്കാരനായിരുന്നു. ഭാര്യ ടിന്റു എന്‍എച്ച്എസ് നഴ്‌സാണ്.

രണ്ടു ദിവസം മുമ്പ് കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യ പൊലീസിനെ വിളിക്കുകയും തുടര്‍ന്ന് അനീഷിനെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. രണ്ടു ദിവസം ജയിലില്‍ കഴിഞ്ഞതിനു പിന്നാലെ വീട്ടിലെത്തിയ അനീഷ് ആത്മഹത്യാ കുറിപ്പ് എഴുതി വച്ച ശേഷമാണ് ജീവനൊടുക്കിയത്. ഇതു പൊലീസ് കണ്ടെടുക്കുകയും ഭാര്യയ്ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. സ്വത്ത് സംബന്ധമായ കാര്യങ്ങളും അന്ത്യോപചാര ചടങ്ങുകളും സംബന്ധിച്ചുള്ള കാര്യങ്ങളാണ് കുറിപ്പില്‍ അനീഷ് അവസാനമായി കുറിച്ചിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.