സ്വന്തം ലേഖകൻ: തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചത് ശുചിമുറയില്‍നിന്ന്. മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വെച്ചതായുള്ള ഭീഷണിയെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പരിശോധന നടത്തിയിരുന്നു.
ശുചിമുറിയില്‍നിന്ന് കണ്ടെടുത്ത ടിഷ്യൂ പേപ്പറില്‍ ‘വിമാനത്തില്‍ ബോംബ്’ എന്നെഴുതിയ സന്ദേശം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരം അറിയിച്ചു. തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്.
135 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 7.30 ഓടെയാണ് വിമാനത്താവളത്തില്‍ പൈലറ്റിന്റെ സന്ദേശമെത്തിയത്. 7.36 ഓടെ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ച് അധികൃതര്‍ പൂര്‍ണ്ണ സജ്ജരായി നിന്നു. എട്ട് മണിയോടെ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. വിമാനം പ്രത്യേക സ്ഥലത്തേക്ക് മാറ്റി. തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. ഇതിനിടെ യാത്രക്കാരെ പരിശോധിക്കുകയും ചെയ്തു.
നിലവില്‍ യാത്രക്കാര്‍ ലഗേജുകള്‍ വിട്ടുകിട്ടാന്‍ കാത്തിരിക്കുകയാണ്. ലഗേജുകള്‍ പോലീസ് വിശദമായി പരിശോധിക്കുകയാണെന്നാണ് വിവരം. യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്‌തേക്കും. പ്രാഥമികമായി എല്ലാവരുടേയും മൊഴി രേഖപ്പെടുത്തിയതായാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല