സ്വന്തം ലേഖകൻ: നഴ്സിംഗ് പഠനത്തിനും തൊഴില്‍ മേഖലയില്‍ ഉന്നതി കൈവരിക്കുന്നതിനുമായി നഴ്സിംഗ് മിഡ്വൈഫറി രംഗത്തുള്ളവര്‍ക്ക് ആര് സി എന്‍ ഫൗണ്ടേഷന് പ്രഖ്യാപിച്ച 2500 പൗണ്ട് വരെയുള്ള ഗ്രാന്റിന് അപേക്ഷിക്കുന്നതിനുള്ള സമയം ആരംഭിച്ചതായി ആര് സി എന്‍ അറിയിച്ചു. റെജിസ്റ്റര്‍ ചെയ്ത പ്രൊഫഷണലുകള്‍ക്ക് 1600 പൗണ്ടും നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് 2500 പൗണ്ടുമാണ് ഗ്രാന്റായി നല്‍കുക. എല്ലാ വര്‍ഷവും നല്‍കിവരുന്ന ഈ വാര്‍ഷിക ശരത്ക്കാല എഡ്യൂക്കേഷന്‍ ആന്‍ഡ് കരിയര്‍ ഡെവെലപ്മെന്റ് ഗ്രാന്റിനായി ഇപ്പോള്‍ അപേക്ഷിക്കാം.
ഈ ഗ്രാന്റുകളില്‍ മിക്കതും നഴ്സ്, മിഡ്വൈഫ്, സപ്പോര്‍ട്ട് വര്‍ക്കര്‍ തുറ്റങ്ങി ആര്‍ക്കും ലഭ്യമാണ്. അതിനായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗില്‍ അംഗമാകണം എന്നില്ല. കണ്ടിന്യൂഡ് പ്രൊഫഷണല്‍ ഡവലപ്മെന്റ് (സി പി ഡി) പരിശീലന കോഴ്സുകള്‍, കൂടുതല്‍ ബിരുദങ്ങള്‍ക്കായുള്ള പഠനം തുടങ്ങി, തൊഴിലിലെ ഉയര്‍ച്ച ലാക്കാക്കിയുള്ള ഏതൊരു പ്രവര്‍ത്തനത്തിനും ഈ തുക ഉപയോഗിക്കാം. അതുകൂടാതെ, നഴ്സിംഗ് പഠനത്തിന് ഉദ്ദേശിക്കുന്ന, ഏതൊരു വിഷയത്തിലും ബിരുദമെടുത്ത വിദ്യാര്‍ത്ഥികള്‍ അവരുടെ ബിരുദത്തില്‍ ഫസ്റ്റ് അല്ലെങ്കില്‍ 2:1 നേടിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് 2500 പൗണ്ടിന്റെ ഗ്രാന്റും ലഭിക്കും.
ഹെല്‍ത്ത്കെയര്‍ അസിസ്റ്റന്റുമാര്‍, നഴ്സിംഗ് അസോസിയേറ്റ്സ്, മിഡ്വൈഫുമാര്‍, അതുപോലെ 2025 ല്‍ പഠനം ആരംഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും ഗ്രാന്റുകള്‍ ലഭ്യമാണ്. കഴിഞ്ഞ വര്‍ഷം ഈ ഗ്രാന്റുകളിലൂടെ 110 ആളുകള്‍ക്ക് ധനസഹായം നല്‍കിയതായി ഫൗണ്ടേഷന് അറിയിച്ചു. 1,65,000 പൗണ്ടായിരുന്നു കഴിഞ്ഞ വര്‍ഷം മൊത്തം ഗ്രാന്റായി നല്‍കിയത് നഴ്സിംഗ് – മിഡ്വൈഫറി മേഖലയുടെ ഉന്നമനത്തിനും ശോഭനമായ ഭാവിക്കുമായി വിദ്യാഭ്യാസ ഗ്രാന്റുകളിലൂടെ വഴിയൊരുക്കുകയാനെന്നാണ് ആര് സി എന്‍ ഫൗണ്ടേഷന് ഡയറക്ടര്‍ ദീപ കൊറേയ പറഞ്ഞത്.
പ്രൊഫഷണലുകള്‍ക്ക്, അവരുടെ തൊഴില്‍ വൈദഗ്ധ്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനം, പഠനം തുടങ്ങിയവയ്ക്ക് ഈ ഗ്രാന്റുകള്‍ സഹായകമാവും അതുവഴി, രോഗികള്‍ക്ക് ലഭിക്കുന്ന സേവനത്തിന്റെ ഗുണ നിലവാരം മെച്ചപ്പെടുമെന്നും ദീപ കൊറെയ പറയുന്നു. ഈ ഗ്രാന്റിന് അപേക്ഷിക്കുവാനായി 2024 ഒക്ടോബര്‍ 18 വരെ സമയമുണ്ട്. ആര് സി എന്‍ ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് ഗ്രാന്റിനായി അപേക്ഷിക്കാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല