1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2024

സ്വന്തം ലേഖകൻ: കുവൈത്തില്‍ പുതിയ ബയോമെട്രിക് ഹാജര്‍ സംവിധാനം പാലിക്കാത്ത ജീവനക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് മന്ത്രാലയം കൈക്കൊള്ളുക. മന്ത്രാലയത്തിന്‍റെ ഫിംഗര്‍പ്രിന്‍റ് സിസ്റ്റം സിവില്‍ സര്‍വീസ് ബ്യൂറോയുമായി സംയോജിപ്പിച്ചതിനെ തുടര്‍ന്നാണ് ഇതിന് വഴിയൊരുങ്ങിയത്.

പുതിയ വിരലടയാള സംവിധാനം ജീവനക്കാര്‍ പാലിക്കുന്നത് മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വിദ്യാഭ്യാസ വൃത്തങ്ങള്‍ വെളിപ്പെടുത്തി. മന്ത്രാലയത്തിന്‍റെ കേന്ദ്ര ഓഫീസിലെ ഹാജര്‍ വകുപ്പുകളും വിവിധ വിദ്യാഭ്യാസ ജില്ലകളും ഉദ്യോഗസ്ഥര്‍ ഓഫീസുകളിലേക്ക് വരുന്നതും പോകുന്നതുമായ സമയക്രമം കൃത്യമായി പാലിക്കുന്നുണ്ടോ എന്ന കാര്യം നിരീക്ഷിച്ചുവരികയാണ്. ഇതിനായി ഇവയെ മന്ത്രാലയം ചുമതലപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്ന പക്ഷം നിയമം അനുശാസിക്കുന്ന രീതിയില്‍ ശമ്പളത്തില്‍ നിന്ന് പിഴത്തുക ഈടാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

സിവില്‍ സര്‍വീസ് നിയമപ്രകാരം, ജീവനക്കാര്‍ക്ക് പ്രതിമാസം 105 മിനിറ്റ് വരെ ഓഫീസ് സമയത്തില്‍ കാലതാമസം അനുവദനീയമാണ്. ഈ പരിധി കവിയുന്ന കാലതാമസത്തിന് പിഴ ഈടാക്കും. കാലതാമസത്തിന്‍റെ കാഠിന്യം അനുസരിച്ച് കാല്‍ ദിവസം മുതല്‍ ഒരു മുഴുവന്‍ ദിവസം വരെയുള്ള ശമ്പളം കട്ട് ചെയ്യും. സിവില്‍ സര്‍വീസ് ബ്യൂറോയുടെ ഏറ്റവും പുതിയ സര്‍ക്കുലര്‍ പ്രകാരം, രാവിലെ ഓഫീസില്‍ ഹാജരായ ശേഷമുള്ള ആദ്യ രണ്ട് മണിക്കൂര്‍ കഴിഞ്ഞുള്ള അറുപത് മിനിറ്റിനുള്ളില്‍ മൂന്നാം ഫിംഗര്‍ പ്രിന്റ് ഹാജര്‍ രേഖപ്പെടുത്തുന്നതില്‍ പരാജയപ്പെടുന്നത് അനധികൃത അസാന്നിധ്യമായി കണക്കാക്കുമെന്നും ഇത് പ്രതിമാസ കാലതാമസത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നുള്ള പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏകദേശം 500 ജീവനക്കാര്‍ മൂന്നാം ഹാജര്‍ രേഖപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയതായാണ് കണക്കുകള്‍. ചിലര്‍ ജോലിസ്ഥലത്ത് ഉണ്ടായിരുന്നിട്ടും മൂന്നാം ഹാജര്‍ രേഖപ്പെടുത്തിയില്ലെന്നും മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ആളുകള്‍ അനധികൃത അവധിയിലാണെന്ന രീതിയിലാണ് കണക്കാക്കുകയെന്ന് മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.

അതുകൊണ്ടു തന്നെ ഇവരുടെ ശമ്പളത്തില്‍ നിന്നും അവധിക്ക് അനുസരിച്ച കിഴിവുകള്‍ വരുത്തിയ ശേഷം മാത്രമേ ശമ്പളം അനുവദിക്കുകയുള്ളൂ. ഔദ്യോഗിക പ്രവൃത്തി സമയമോ ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് സംവിധാനമോ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പിഴ ചുമത്തുന്നതില്‍ ഇളവ് ഉണ്ടാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ ഹാജര്‍ ലംഘനങ്ങള്‍ സെപ്റ്റംബറിലെ ശമ്പളത്തില്‍ പ്രതിഫലിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.