സ്വന്തം ലേഖകൻ: സംവിധായകൻ രഞ്ജിത്തിനെതിരെ പൊലീസിൽ പരാതി നൽകി ബംഗാളി നടി. സംവിധായകൻ രാജി വച്ചതിന് പിന്നാലെയാണ് നടി നിയമ നടപടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. കൊച്ചി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകയിരിക്കുന്നത്. ഇ-മെയിലിലൂടെയാണ് പരാതി നൽകിയത്.
രഞ്ജിത്തിനെതിരെ നിയമനടപടിക്കില്ലെന്ന് നേരത്തെ നടി വ്യക്തമാക്കിയിരുന്നു. രാജി വെച്ചതിലൂടെ രഞ്ജിത്ത് ചെയ്ത തെറ്റ് സമ്മതിക്കുകയാണെന്നും നടി പറഞ്ഞിരുന്നു. അതേ സമയം, തനിക്കെതിരെ വ്യാജ ആരോപണമാണ് ഉണ്ടായതെന്നും പൊലീസിൽ പരാതി നൽകുമെന്നും രഞ്ജിത്ത് രാജിക്ക് പിന്നാലെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇപ്പോൾ പരാതിയുമായി നടി രംഗത്തെത്തിയിരിക്കുന്നത്.
2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് നടി വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണെന്നും നടി പറഞ്ഞു.
‘സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ല. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചത്,’ നടി ആരോപിച്ചു.
ആരോപണത്തിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധമാണ് രഞ്ജിത്തിനെതിരെ ഉയർന്നത്. സിപിഐ അടക്കമുള്ള പാർട്ടികൾ രഞ്ജിത്തിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. തന്റെ പേരിൽ സർക്കാരിനെ ആക്രമിക്കരുതെന്നായിരുന്നു രാജിക്ക് പിന്നാലെ രഞ്ജിത്ത് പ്രതികരിച്ചത്.
‘താൻ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുത്ത അന്നുമുതൽ ഒരു കൂട്ടം ആളുകൾ എനിക്കെതിരെ പ്രവർത്തിക്കുന്നു. തനിക്കതിരെയുള്ള ആരോപണം നുണ ആണെന്ന് തെളിയിക്കുമെന്നും, പൊതു സമൂഹത്തെ അത് ബോധ്യപ്പെടുത്തുമെന്നും, രഞ്ജിത്ത് പറഞ്ഞിരുന്നു.
നടന്മാരായ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി നടി മിനു മുനീർ. 2008 ൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ സെറ്റിൽവച്ചായിരുന്നു ജയസൂര്യയിൽനിന്നും മോശം പെരുമാറ്റം ഉണ്ടായത്. സെക്രട്ടറിയേറ്റിൽവച്ചായിരുന്നു ഷൂട്ടിങ്. ടോയ്ലറ്റിൽ പോയി തിരിച്ചുവരുമ്പോൾ പുറകിൽനിന്നും ജയസൂര്യ കെട്ടിപ്പിടിച്ച് ഉമ്മവച്ചുവെന്ന് മുനീർ പറഞ്ഞു.
തിരുവനന്തപുരത്ത് തനിക്ക് ഫ്ലാറ്റ് ഉണ്ടെന്നും താൽപര്യമുണ്ടെങ്കിൽ അങ്ങോട്ടേക്ക് വരാമെന്നും പറഞ്ഞു. എനിക്ക് താൽപര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. പിന്നീട് ജയസൂര്യയിൽനിന്നും മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. പക്ഷേ, ജയസൂര്യ ഇടപെട്ട് പല സിനിമാ അവസരങ്ങളും നഷ്ടപ്പെടുത്തിയെന്നും മിനു മുനീർ ആരോപിച്ചു.
നടനും അമ്മ ജോയിന്റ് സെക്രട്ടറിയുമായ ബാബുരാജ് പീഡിപ്പിച്ചെന്ന് ജൂനിയർ ആർട്ടിസ്റ്റ്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ആലുവയിലെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന് യുവതി മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി. നിരവധി പെൺകുട്ടികൾ ബാബുരാജിന്റെ കെണിയിൽ വീണു പോയിട്ടുണ്ടെന്നും പലരും ഭയം മൂലമാണ് പുറത്തുപറയാത്തതെന്നും യുവതി പറഞ്ഞു.
സ്ക്രിപ്റ്റ് റൈറ്ററും സംവിധായകനും ആലുവയിലെ വീട്ടിലുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. വീട്ടിലെത്തിയാൽ അവരുമായി സംസാരിച്ച് സിനിമയിൽ മുഴുനീള കഥാപാത്രം നൽകാമെന്ന് വാഗ്ദാനം ചെയ്തു. വീട്ടിലെത്തിയപ്പോൾ മറ്റുള്ളവർ ഉടൻ എത്തുമെന്നും മുറിയിൽ വിശ്രമിക്കാനും പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ മുറിയുടെ വാതിൽ മുട്ടുകയും കതക് തുറന്നപ്പോൾ അകത്തു കയറി കതക് അടച്ചശേഷം ബലാത്സംഗം ചെയ്യുകയും ചെയ്തു. ഒരു ദിവസം മുഴുവൻ ആ വീട്ടിൽ പിടിച്ചുനിർത്തിയെന്നും ജൂനിയർ ആർട്ടിസ്റ്റ് ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല